വട്ടിയൂര്‍ക്കാവില്‍ ട്രെന്‍ഡ് എല്‍ഡിഎഫിനൊപ്പം! ആദ്യഘട്ടത്തില്‍ മേയര്‍ ബ്രോ വികെ പ്രശാന്ത് മുന്നേറുന്നു

Loading...

വട്ടിയൂര്‍ക്കാവ്: മൂന്ന് മുന്നണികളുടേയും ചങ്കിടിപ്പേറ്റി വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് ലീഡ്. വോട്ടിംഗ് യന്ത്രത്തിലെ ആദ്യ റൗണ്ട് എണ്ണുമ്ബോള്‍ 315 വോട്ടുകള്‍ക്കാണ് മേയര്‍ ബ്രോ മുന്നേറുന്നത്. 55 പോസ്റ്റല്‍ വോട്ടും 68 സര്‍വീസ് വോട്ടുകളുമാണ് മണ്ഡലത്തിലുളളത്. ഇവിഎമ്മില്‍ കിണവൂര്‍, പാതിരിപ്പളളി, നാലാഞ്ചിറ വാര്‍ഡുകളിലെ വോട്ടുകളാണ് വട്ടിയൂര്‍ക്കാവില്‍ ആദ്യമെണ്ണുന്നത്. ഇവയെല്ലാം യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിക്കുന്ന ഇടങ്ങളാണ്.

വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനമാണ് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത്. 2016ലേതിനേക്കാള്‍ 7.17 ശതമാനം കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ശതമാനം പോളിംഗുണ്ടായിരുന്നു. ഇക്കുറി പോളിംഗിലുണ്ടായ കുറവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ആശങ്കയുണ്ടായിരുന്നു.

ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെ തിരഞ്ഞെടുത്ത മണ്ഡലം. 8 വര്‍ഷം വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച്‌ ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് വര്‍ഷത്തേക്ക് മാത്രമായി തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുകയാണ് വട്ടിയൂര്‍ക്കാവ്.

വട്ടിയൂര്‍ക്കാവായി മാറുന്നതിന് മുന്‍പ് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു. മണ്ഡലം നിലവില്‍ വന്ന 1977ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ രവീന്ദ്രന്‍ നായരാണ് വിജയിച്ചത്. തുടര്‍ന്ന് 1980, 1987, 1991,1996, 2000 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു. എന്നാല്‍ 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെ ചിത്രം മാറി.

തിരുവനന്തപുരം നോര്‍ത്തിന്റെ ഭാഗമായ ശ്രീകാര്യവും ഉളളൂരും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. പകരം നെട്ടയം കൂട്ടിച്ചേര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടു. പഴയ കോട്ട തിരിച്ച്‌ പിടിക്കുക ലക്ഷ്യത്തോടെയാണ് ഏറെ ജനപ്രിയനായ മേയര്‍ വികെ പ്രശാന്തിനെ ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ കളത്തിലിറക്കിയത്. നായര്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ സാമുദായിക സാഹചര്യം പരിഗണിക്കാതെയായിരുന്നു സിപിഎമ്മിന്റെ നീക്കം. പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രിയങ്കരനായി മാറിയ മേയര്‍ ബ്രോയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഎമ്മിന്റെ ആയുധം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം