‘പൊളിച്ചത് ടീച്ചറാ ?’; കുഞ്ഞുങ്ങൾക്ക് ചുവടുകൾ കാണിച്ചു കൊടുക്കുന്ന വൈറൽ അധ്യാപിക

Loading...

 

നഴ്സറി ക്ലാസിലെ കുഞ്ഞുങ്ങൾ ഡാൻസ് കളിക്കാൻ കയറുമ്പോൾ സ്റ്റേജിന്റെ ഒരു വശത്തേയ്ക്ക് നോക്കിയായിരിക്കും കളിക്കുന്നത്. കാരണം  ഒന്നുകിൽ ഡാൻസ് പഠിപ്പിച്ച ടീച്ചർ, അല്ലെങ്കിൽ സാർ, അവിടെ നിന്ന് കൈ കൊണ്ടും കാലു കൊണ്ടും മുഖം കൊണ്ടുമൊക്കെ ചുവടുകൾ കാണിച്ചു കൊടുക്കുന്നുണ്ടാകും. അതിലാരും തെറ്റൊന്നും കാണാറില്ല എന്ന് മാത്രമല്ല, ഈ കു‍ഞ്ഞുങ്ങളുടെ തെറ്റിയ ചുവടുകൾ പരമാവധി ആസ്വദിക്കുകയും ചെയ്യും.

അങ്ങനെയൊരു ടീച്ചറും കുറച്ച് കുട്ടികളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളായിരിക്കുന്നത്. എന്നാൽ വേദിയുടെ സൈഡിൽ നിന്നല്ല ടീച്ചർ ഡാൻസിന്റെ സ്റ്റെപ്പുകൾ കാണിച്ചു കൊടുക്കുന്നത്. വേദിയുടെ തൊട്ടുമുന്നിൽ നിന്ന് മൊത്തം ഡാൻസും കളിച്ചാണ് ഈ ടീച്ചർ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്നത്. കാണികളുടെ ശ്രദ്ധ ഒരു വേള കുട്ടികളിൽ നിന്ന് മാറി ടീച്ചറിലേക്ക് പോകുന്നുണ്ടോ എന്നും സംശയമില്ലാതില്ല.

ആരാണീ ടീച്ചറെന്നോ കുട്ടികളെന്നോ വ്യക്തമല്ല. അഭിനന്ദനമറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റിൽ നിന്നാണ് ഇവർ നഴ്സറി കുട്ടികളാണെന്ന് തിരിച്ചറിയുന്നത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഓൺലൈനാണ് ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ ”മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…” എന്ന പാട്ടിനൊപ്പമാണ് കു‍ഞ്ഞുങ്ങളുടെ ചുവടുകൾ. തന്റെ കുഞ്ഞുങ്ങളെ ഇതുപോലെ പ്രോത്സാഹിപ്പിക്കുന്ന ടീച്ചർ ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.

Loading...