സ്ത്രീകള്‍ എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല;സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയെ തള്ളി ഉമാഭാരതി

ദില്ലി: പ്രയഭേധമന്യേ ശബരിമല സ്ത്രീ പ്രവേശന സുപ്രീംകോടതി വിധിയെ എതിര്‍ത്ത് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തുന്നതിനിടെ വിധിയില്‍ നിലപാട് വ്യക്തമാക്കി ഉമാഭാരതി. .യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിയ വിധിയില്‍ സുപ്രീംകോടതിയെ കുറ്റപ്പെടുത്താനാവില്ലെന്ന് ഉമാഭാരതി പറഞ്ഞു. കോടതി സ്വയം ഇടപെട്ടതല്ല, കോടതിയെ ആരെങ്കിലും സമീപിച്ചാല്‍ കോടതി നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അമിത്ഷാ ഉദ്ദേശിച്ചത് കോടതിയെ സമീപിച്ചവരെയാകുമെന്നും ഉമാഭാരതി.

ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്. എപ്പോള്‍ പോകണമെന്നും പോകേണ്ട എന്നും സ്ത്രീകള്‍ക്ക് അറിയാം. പോകുന്നവരെല്ലാം വിശ്വാസികളായിരിക്കും. അതൊരു വിനോദ കേന്ദ്രമല്ല. അത് ആരാധനാകേന്ദ്രമാണ്. സ്ത്രീകള്‍ പോകുമ്പോള്‍ അവര്‍ എപ്പോള്‍ പോകണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട. വര്‍ഷങ്ങളായി വിശ്വാസങ്ങള്‍ പാലിക്കുന്നവര്‍ അത് പാലിച്ചിരിക്കും. സ്ത്രീകള്‍ അത് സ്വയം പാലിക്കുമെന്നാണ് കരുതുന്നതെന്നും ഉമാഭാരതി വ്യക്തമാക്കി.

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ കണ്ണൂര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പ ഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ അപ്പാടെ തള്ളുന്നതാണ് ഉമാഭാരതിയുടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം