തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി യുഡിഎഫ് യോഗം ഇന്ന് . മുന്നണി വിപുലീകരണവും സീറ്റ് വിഭജനത്തിനുള്ള പ്രാഥമിക ചർച്ചകളുമായിരിക്കും യോഗത്തിന്റെ അജണ്ട.

പിസി ജോർജ്ജിനെയും പിസി തോമസിനെയും മുന്നണിയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
രണ്ട് പിസിമാരാണ് യുഡിഎഫ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. യുഡിഎഫിലേക്കെന്ന് പിസി ജോർജ്ജ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
പിസി തോമസും ഇതേ ആഗ്രഹം പ്രകടിപ്പിച്ചു. പിസി ജോർജ്ജ് ബാധ്യതയാകുമോ എന്ന ചിന്ത കോൺഗ്രസ് എ ഗ്രൂപ്പിനുണ്ട്.
ഉമ്മൻചാണ്ടിയുമായി ജോർജ്ജ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്നാണ് ജോർജ്ജിന്റെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജോർജ് കരുത്ത് കാണിച്ചതോടെ ഘടകകക്ഷികൾക്ക് നേരത്തയുണ്ടായിരുന്ന എതിർപ്പ് മാറിയിട്ടുണ്ട്.
ജോസഫ് വിഭാഗത്തിൽ ജോർജ്ജും പിസി തോമസും ലയിച്ച് വരട്ടെയെന്ന അഭിപ്രായവും മുന്നണിയിലുണ്ട്.
എന്നാൽ ജോർജ്ജ് അതിന് തയ്യാറല്ല. മാണി സി കാപ്പനും ടിപി പീതാംബരനനും അടങ്ങുന്ന എൻസിപി ഉടൻ മുന്നണിയിലേക്കെത്തുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
സീററ് വിഭജനം തർക്കങ്ങളില്ലാതെ തീർക്കണമെന്ന് തദ്ദേശതോൽവിക്ക് ശേഷം മുന്നണിയിൽ ധാരണയായിരുന്നു. 2016 ൽ ഉണ്ടായിരുന്ന ജോസും എൽജെഡിയും മുന്നണി വിട്ടതിനാൽ 12 ലേറെ സീറ്റ് മിച്ചമുണ്ട്.
ലീഗും ജോസഫുമെല്ലാം കൂടുതൽ സീറ്റ് ചോദിക്കും. മധ്യകേരളത്തിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ്സിനും ആഗ്രഹമുണ്ട്. ഉഭയകക്ഷി കൂടി ചർച്ച നടത്തിയശേഷമാകും സീറ്റ് വിഭജനത്തിലെ അന്തിമതീരുമാനം.
News from our Regional Network
English summary:
UDF meeting today to prepare for assembly elections