പാലാരിവട്ടം മേല്‍പ്പാലം അടിയന്തരമായി ഗതാഗതയോഗ്യമാക്കണം ; യുഡിഎഫും സമരത്തിന്

Loading...

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് യുഡിഎഫ്. ഇല്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗം തീരുമാനിച്ചു. പാലത്തിന്റെ ശോച്യാവസ്ഥയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച്‌ മദ്രാസ് ഐഐടിയുടെയും ഇ ശ്രീധരന്റെയും പഠന റിപ്പോര്‍ട്ട് രഹസ്യമാക്കിവെക്കാതെ സര്‍ക്കാര്‍ ഉടന്‍ പ്രസിദ്ധീകരിക്കണം. പാലത്തിനുണ്ടായ തകരാറുകള്‍ പരിഹരിച്ച്‌ പാലം യാത്രായോഗ്യമാക്കുന്നതിന് പകരം രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ ഈ നടപടി അപലപനീയമാണ്. പാലം തകര്‍ന്നതിന്റെ പേരില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. പാലം അറ്റകുറ്റപ്പണി നടത്തി ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കണം. അല്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. ആലുവ കോണ്‍ഗ്രസ് ഹൗസില്‍ ചേര്‍ന്ന യോഗം യുഡിഎഫ് മുന്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

Loading...