Categories
Talks and Topics

വൈക്കത്ത് രണ്ടു പെണ്‍കുട്ടികളുടെ മരണം ; യാഥാസ്ഥിതിക വ്യവസ്ഥയുടെ  പരോക്ഷകൊലപാതകം  

ഭൂരിപക്ഷത്തിൻ്റെ സദാചാരശാഠ്യങ്ങളുടെ ആഴങ്ങളിൽ തള്ളിയിടപ്പെട്ട് രണ്ട് യുവതികൾ കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യപ്പറ്റില്ലാത്ത പൊതുബോധഭാഷ ആത്മഹത്യ എന്നു വിളിച്ചാലും ഇതൊരു കൊലപാതകമാണ്. വ്യക്തികളെ നിരുപദ്രവങ്ങളായ അവരുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കാത്ത യാഥാസ്ഥിതിക വ്യവസ്ഥ അതിൻ്റെ ബലമുള്ള കൈകൾ കൊണ്ടുള്ള പരോക്ഷകൊലപാതകം.

‘ കൂട്ടം ‘ എന്നൊരു ഗ്രൂപ്പിൻ്റെ LGBTQ വർത്തമാനങ്ങൾ കേട്ടിരുന്നു, കഴിഞ്ഞ ദിവസം. വിദ്യ മേടയിൽ ആയിരുന്നു പ്രധാന ഭാഷണം. സ്വന്തം അസ്തിത്വം പൊതുമണ്ഡലത്തിൽ വെളിപ്പെടുത്താത്തവർ പോലും ആത്മവിശ്വാസത്തോടെ സംസാരിച്ച ഒരു സെഷനായിരുന്നു അത്. കൗമാരത്തിൽ തങ്ങളുടെ ലൈംഗിക സവിശേഷതകൾ തിരിച്ചറിഞ്ഞ കുട്ടികളുടെ വീട്ടുകാർ  എങ്ങനെ നോക്കിക്കാണുന്നു എന്നൊരു ചോദ്യം ഉയർന്നിരുന്നു.

സ്വവർഗ്ഗാനുരാഗം സ്വഭാവ ദൂഷ്യമോ മാനസിക പ്രശ്നമോ ആണെന്ന തെറ്റിദ്ധാരണയിലാണ് മിക്ക വീട്ടുകാരുടെയും പ്രതികരണം. മിക്കവാറും കുട്ടികളെ മനോരോഗ ചികിത്സകരുടെ അടുത്ത് കൊണ്ടു പോയിട്ടുണ്ട്. ചികിത്സകർ ഇതൊരു രോഗമല്ല എന്നും ഹെട്രോ സെക്ഷ്വാലിറ്റി പോലെ ഒരു സവിശേഷതയാണ് ഹോമോ സെക്ഷ്വാലിറ്റിയും ബൈസെക്ഷ്വാലിറ്റിയുമെന്നും വീട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. അതോടെ ഡോക്ടർക്കും മാനസികരോഗമാണെന്ന് വീട്ടുകാർ. പല കുട്ടികളും മന്ത്രവാദത്തിനും കടുത്ത ദണ്ഡനങ്ങൾക്കും ആഭിചാരങ്ങൾക്കും വിധേയരാവുന്നുണ്ട്. ഏറ്റവും ക്രൂരമായ കാര്യം അച്ഛനമ്മമാരുടെ മൗനസമ്മതത്തോടെ മുതിർന്ന ബന്ധുക്കളാൽ ചിലരെങ്കിലും ബലാൽക്കാരം ചെയ്യപ്പെടുന്നുണ്ട് എന്നതാണ്. ബലാൽക്കാരത്തിലൂടെ അന്തസ്സും ആത്മബോധവും തകർക്കാമെന്ന് മാത്രമല്ല, സ്ത്രീ പുരുഷ ലൈംഗികതയുടെ അനുഭവം പകരുന്നതിലൂടെ അവരുടെ സ്വവർഗ താല്പര്യവും തകർക്കാമെന്നുള്ള മൂഢവിചാരമാണ് ഈ ക്രൂരതയ്ക്ക് പിറകിൽ.

വിരലെണ്ണാവുന്നവരെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ ലൈംഗിക തന്മകളെ അംഗീകരിക്കുന്ന വീട്ടുകാരുണ്ട്. അവരുടെ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പ് , സാമൂഹ്യനീതിവകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൻ തീവ്രമായ ബോധവൽക്കരണ ശ്രമങ്ങൾ ആസൂത്രണം ചെയ്യപ്പെടണം.
വീടുവിട്ടുറങ്ങുന്ന കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. സമൂഹത്തിനുണ്ട്. അവർക്ക് നിർഭയമായി കയറിച്ചെല്ലാവുന്ന വീടുകളുണ്ടാവണം. ഇനിയും നമ്മുടെ കുട്ടികൾ ആറ്റിലും മരക്കൊമ്പുകളിലും റെയിൽവേ ട്രാക്കുകളിലും  ഒടുങ്ങിക്കൂടാ.

–  ഷിജു ആര്‍

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: Two girls killed in Vaikom Indirect assassination of the conservative system

NEWS ROUND UP