Categories
Kozhikode

സഖാവിൻ്റെ “കൊലായാളി “ക്കൊപ്പം പാർട്ടി എം എൽ എ – വിവാദത്തിലെ യാഥാർത്ഥ്യം എന്ത്?

വടകര : ”ഈ ഒരു ഫോട്ടോസ് കണ്ടാൽ ആർക്കും മനസ്സിലാകില്ല, പക്ഷേങ്കിൽ മങ്ങലാട്ടേ വോളിബോൾ കോർട്ടിൽ വെച്ച് നമ്മുടെ സഖാവ് കുമാരേട്ടൻ രക്തസാക്ഷിയായതിൽ ഒന്നാം പ്രതിയാണ് കുഞ്ഞമ്മദ് കുട്ടി മാഷ കൂടെ നിൽക്കുന്നത്, അസ്സൽ ഫോട്ടോല്ലേ?……. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നീണാൽ വാഴട്ടെ…….”

 

ഇടതുപക്ഷ സൈബർ ഫ്ലാറ്റ് ഫോമുകളിൽ പടർന്നൊഴുകുന്ന ശബ്ദ സന്ദേശങ്ങളിൽ ഒന്നു മാത്രമാണിത്. ഒപ്പം രണ്ട് മൂന്ന് ഫോട്ടോകളും. ഫെയിസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും സി പി ഐ എം നേതാവും കുറ്റ്യാടി എം.എൽ.എയുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രചരണത്തിലെ വസ്തുതയും യാഥാർത്ഥ്യവും ട്രൂവിഷൻ ന്യൂസ് പരിശോധിക്കുന്നു.

ഒരു വിദ്യാർത്ഥിക്കും മറ്റ് മൂന്ന് പേർക്കും ഒപ്പം എം. എൽ.എ നിൽക്കുന്ന ഫോട്ടോകളാണ് അടിക്കുറിപ്പുകളോടെയും ശബ്ദ സന്ദേശങ്ങക്കൊപ്പം ചേർത്തും പ്രചരിപ്പിക്കുന്നത്.

മുസ്ലിം ലീഗ് – ഉൾപ്പെടുന്ന യുഡിഎഫ് ഗ്രൂപ്പുകളിലും മറ്റ് രാഷ്ട്രീയ എതിരാളികളും മാത്രമല്ല, സി.പി.ഐ.എം പ്രവർത്തകരുടെ ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ഈ വിവാദത്തിൻ്റെ പിന്നിൽ നടന്നതെന്തെന്ന് ട്രൂവിഷൻ റിപ്പോർട്ടർമാർ നടത്തിയ അന്വേഷണ റിപ്പോർട്ട്.

ചിത്രത്തിൽ ഉള്ളവർ ആരെല്ലാം?

ഒന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ,

കമ്മ്യൂണിസ്റ്റ് കോട്ടയായായി അറിയപ്പെടുന്ന വടകര താലൂക്കിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ എം മത്സരിച്ച് ജയിച്ച ഏക മണ്ഡലമായ കുറ്റ്യാടി മണ്ഡലത്തിലെ എം.എൽ.എ.

ഏക പാർട്ടി മണ്ഡലം കേരള കോൺഗ്രസ്സിന് വിട്ട് നൽകാൻ സിപിഐഎം തീരുമാനിച്ചപ്പോൾ അനുഭാവികളും പ്രവർത്തകരും തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രശ്നം സി പി ഐ എം കേരളാ കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചു.

സിപിഐ എം അനുഭാവികളെ വെറുപ്പിച്ച് സീറ്റ് വേണ്ടെന്ന് ജോസ് കെ മാണി തന്നെ പ്രഖ്യാപിച്ചു. തുടർന്ന് സിപിഐ എം കേന്ദ്ര- സംസ്ഥാന നേതൃത്വം പാർടി സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റായും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും ഭരണ മികവ് തെളിയിച്ച ,പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മുതിർന്ന കമ്മ്യൂണിസ്റ്റുകളായ എ. കണാരൻ്റെയും മത്തായി ചാക്കോയുടെയും ജനകീയതയിലൂടെ ശ്രദ്ധേയമായ ഇടതുപക്ഷ മണ്ഡലമായിരുന്നു നേരത്തെ മേപ്പയ്യൂരായിരുന്ന ഇപ്പോഴത്തെ കുറ്റ്യാടി.

ഇവരുടെ  പിൻമുറക്കാരിയായി എം.എൽ.എ യായ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം ജില്ലാ കമ്മറ്റി അംഗവുമായ കെ.കെ ലതിക രണ്ടാം തവണ മത്സരിച്ചപ്പോൾ മുസ്ലിം ലീഗ് – കെഎംസിസി നേതാവും പ്രവാസി വ്യവസായിയുമായ പാറക്കൽ അബ്ദുള്ള പരാജയപ്പെടുത്തി.

ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലം നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററിലൂടെ സി പി ഐ എം തിരിച്ചുപിടിച്ചു.

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർടി അച്ചടക്കം ലംഘിച്ച നേതാക്കൾക്കും പാർടി ഘടകങ്ങൾക്കുമെതിരെ പാർട്ടി നടപടി ഉണ്ടായി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പാർടി ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി.

ഈ ഘട്ടത്തിലാണ് ജനകീയ നേതാവായി അറിയപ്പെടുന്ന എം എൽ എ ക്കെതിരെ പാർട്ടി അനുഭാവികളിൽ എതിർവികാരം ഉയർത്തുന്ന പ്രചാരണം ആരംഭിച്ചത്.

കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വിവാദത്തെ കുറിച്ച് ട്രൂ വിഷൻ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെ

”വില്ല്യാപ്പള്ളി – വടകര റോഡ് വികസനം ചർച്ച ചെയ്യാൻ അവിടെ ഒരു സർവ്വകക്ഷി യോഗം ചേർന്നിരുന്നു.യോഗം കഴിഞ്ഞ് ഉച്ചഭക്ഷണം അവിടുത്തെ പാർട്ടിക്കാർ ഏർപ്പാർട് ചെയ്തത് ഫൈസൽ എന്ന് പറയുന്ന കച്ചവടക്കാരൻ്റെ വീട്ടിലാണ് . അയാളുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിരുന്നു. ഇറങ്ങി വരുമ്പോൾ ഈ പരാമർശ വിധേയനായ ആളും കയറി വന്നിരുന്നു, അങ്ങിനെ അവിടെ നിന്ന് എല്ലാവരും കൂടി ഫോട്ടോയെടുത്തുവെന്നത് ശരിയാണ്.അതാണ് സംഭവം. പാർടി ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷാണ് അവിടെ കൊണ്ട് പോയത് . ആരാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഒരു പക്ഷേ ഞാൻ നിരന്തരമായി സോഷ്യൽ മീഡിയ ഫോളോ ചെയ്യാത്തത് കൊണ്ടാകാം.”

ഇതിൽ വില്ല്യാപ്പള്ളി ലോക്കൽ സെക്രട്ടറി സുരേഷിന് പറയാനുള്ളത്….

“കെ.പി കുഞ്ഞമ്മദ് കുട്ടി മാഷ് എംഎൽഎ രക്തസാക്ഷി തയ്യിൽ കുമാരൻ്റെ കൊലക്കേസ് പ്രതിയുടെ വീട്ടിൽ പോയിട്ടില്ല. സർവ്വകക്ഷി യോഗം കഴിയാൻ സമയം വൈകി. ട്രിപ്പിൾ ലോക്ക് ഡൗൺ കാരണം കടകളൊന്നും തുറന്നില്ല.

ടൗണിനടുത്ത് ഇടതുപക്ഷവുമായി സഹകരിക്കുന്ന ഒരു വ്യാപാരിയെന്ന നിലയിൽ ഫൈസലിൻ്റെ വീട്ടിലാണ് ഭക്ഷണം പെട്ടെന്ന് ഏർപ്പാട് ചെയ്തത്. ലോക്കൽ കമ്മറ്റി ഓഫീസിന് താഴെ കച്ചവടം നടത്തുന്നയാളാണ് ഫൈസൽ , ലീഗ് അനുഭാവിയാണ്.

ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായാണ് കൊലക്കേസ് പ്രതിയായിരുന്ന കുഞ്ഞിമൂസ അവിടെ വന്നത്. എം .എൽ .എ യോടൊപ്പം ഫൈസലും കുടുംബവും ഫോട്ടോയെടുക്കുമ്പോൾ അയാളും നിന്നതാണ്.

വേറൊരുതരത്തിൽ കുഞ്ഞിമൂസയുടെ വീട്ടിൽ ഒരു ഘട്ടത്തിലും നമ്മളാരും പോയിട്ടില്ല. വില്ല്യാപ്പള്ളിയിലെ പാർടിയെ സംബന്ധിച്ചിടത്തോളം തയ്യിൽ കുമാരൻ്റെ കൊലയ്ക്ക് ശേഷം പാർടി എന്ന രീതിയിൽ ഒരു പ്രതിനിധികളും അയാളുമായി ബന്ധം സ്ഥാപിച്ചിട്ടില്ല.

അയാൾ കളരിയുടെ ഒക്കെ ആളാണ്. നേരത്തെ ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയെടുത്തു, അതിൻ്റെ ഭാഗമായി പരിപാടി നടത്തുമ്പൊഴൊന്നും സിപിഎം എന്ന നിലക്ക് ആരും പരിപാടിയിൽ പങ്കെടുത്തിട്ടില്ല.

ചൂരക്കുടി കളരി സംഘത്തിൻ്റെ ഗുരിക്കളാണ്. സർക്കാറിൻ്റെ ഫോക്ക് ലോർ അക്കാദമി അവാർഡ് ലഭിച്ച ഒരാൾ എം എൽ എ കണ്ടുവെന്ന് പറയുന്നത് കുറ്റമാണോ?

കുഞ്ഞിമൂസ ഇപ്പോൾ ലീഗ് കാരനാണോയെന്ന് അറിയില്ല. എന്തായാലും സിപിഎം പ്രവര്‍ത്തകനല്ല. വില്ല്യാപ്പള്ളിയിലെ പാർടി ഇന്നുവരെ മങ്ങാട്ട് കുഞ്ഞിമൂസ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ പോലും പങ്കെടുത്തിട്ടില്ല. എന്നാൽ പാട്ടിയുടെ ജനപ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്.

മുൻ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡൻറും മാരും ഇവരുടെ പൊതു പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അവർക്ക് മാറി നിൽക്കാൻ പറ്റില്ലല്ലോ? അവർ പൊതുസമൂഹത്തിൻ്റെ ഭാഗമല്ലേ?

മുമ്പ് പുറമേരി പഞ്ചായത്ത് സംഘടിപ്പിച്ച കടത്തനാട് ഫെസ്റ്റിൽ കുഞ്ഞിമൂസയും സംഘവും കളരി അവതരിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ തന്നെ ചാമ്പ്യൻഷിപ്പ് നേടുന്ന വലിയ കളരി സംഘമാണ് ചൂരക്കുടി.

ഇയാൾ വിദേശത്തൊക്കെ കളരി അവതരിപ്പിച്ചിട്ടുണ്ട്. എം എൽ എ ക്കൊപ്പം എടുത്ത ഫോട്ടോ കുഞ്ഞിമൂസ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ വിവാദമാക്കുന്നതിൽ ഇവിടുത്തെ ലീഗുകാർക്കും വലിയ പങ്കുണ്ട്.

ഇത് സംബന്ധിച്ച് വില്ല്യാപ്പള്ളിയിലെ സഖാക്കൾക്കിടയിൽ ഒരു ചർച്ചയും അഭിപ്രായ വ്യത്യാസവുമില്ല. എല്ലാവർക്കും അറിയുന്ന കാര്യമാണ്.

മാഷ് അവിടെ പോയില്ലല്ലോ? അദ്ദേഹത്തെ വെറുതെ വേട്ടയാടുകയാണ്. അത് ശരിയായ നടപടിയല്ല, രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പ്രചരണം നീങ്ങുന്നത്.

സി പി ഐ എമ്മിനകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടാക്കുകയെന്ന ബോധപൂർവ്വമായ ഒരു ശ്രമത്തിൻ്റെ ഭാഗമായാണ് ഈ വിവാദമെന്നും സുരേഷ് ട്രൂവിഷൻ ന്യൂസ് പ്രതിനിധിയോട് പ്രതികരിച്ചു.

തയ്യിൽ കുമാരൻ്റെ രക്തസാക്ഷിത്വം. എന്താണ് വർഷങ്ങൾക്ക് മുമ്പ് മംഗലാട്ട് സംഭവിച്ചത്?

1992 ഫെബ്രുവരി 26നാണ് ആ സംഭവം. പൊന്‍മേരി മംഗലാട്ടെ വോളിബോള്‍ ടൂർണമെൻ്റ് നടക്കുന്നു. 25 നായിരുന്നു ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ദിവസം. ഉദ്ഘാടകനായി സിനിമാ നടൻ കുതിരവട്ടം പപ്പു എത്തുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്.

ഏറെ വൈകിയിട്ടും നടൻ എത്തിയില്ല. ഗ്യാലറിയിൽ കൂടി നിന്ന കാണികൾ കൂക്കിവിളിയും ബഹളവും തുടങ്ങി. അത് സംഘാടകരുമായുള്ള സംഘർഷത്തിലേക്ക് നീങ്ങി.

കയ്യാങ്കളിക്കിടെ ചുരക്കുടി കളരി സംഘത്തിലെ മങ്ങാട്ട് കുഞ്ഞിമൂസയുടെ ശിക്ഷ്യൻമാരായ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ധനമേറ്റു.

കളിയുടെ രണ്ടാം ദിവസം കുഞ്ഞിമൂസയും സംഘവും സംഘടിച്ചെത്തി വോളിബോൾ കോര്‍ട്ടില്‍വെച്ച് സംഘാടകരുടെ ഭാഗത്ത് നിന്ന സിപിഐ എം പ്രവർത്തകൻ തയ്യിൽ കുമാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്.

കോഴിക്കോട് സെഷൻസ് കോടതി പന്ത്രണ്ട് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. മൂന്ന് വർഷത്തിലധികം ശിക്ഷ അനുഭവിച്ച ശേഷം സുപ്രിം കോടതി കുഞ്ഞി മൂസ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിടുകയായിരുന്നു.

കുമാരൻ്റെ മരണത്തിൽ വേദനയുണ്ട്. എൻ്റെ കൈ കൊണ്ട് അത് ചെയ്തിട്ടില്ല – കഥയിൽ വീണ്ടും വില്ലനായി മാറിയ മങ്ങാട്ട് കുഞ്ഞു മൂസ ട്രൂവിഷൻ ന്യൂസ് ഡെസ്ക്കുമായി പ്രതികരിച്ചതിങ്ങനെ……..

ഇത് അനാവശ്യ വിവാദമാണ് .എൻ്റെ കൂടെ ഒരു ഫോട്ടോ എടുത്തുവെന്നതിൻ്റെ പേരിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം .എൽ.എയെ വെറുതെ വേട്ടയാടരുത്.

പ്രധാനമന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിംഗിനൊപ്പവും മുഖ്യമന്ത്രിയായിരുന്നപ്പോൾ വി എസ് അച്ച്യുതാനന്തനൊപ്പം നിന്നും ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്.

ആരാ വിവാദം ഉണ്ടാക്കുന്നത്. എട്ട് വർഷമായി മുസ്ലിം ലീഗുമായി ഒരു ബന്ധവുമില്ല, ഇപ്പോൾ എല്ലാ പാർടിക്കാരും എനിക്ക് ഒരു പോലെയാണ്.

ഞാൻ രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കുന്ന ഒരു കലാകാരനാണ്. പാണക്കാട് തങ്ങൾമാർക്കൊപ്പമുള്ള ഫോട്ടോ വരെ എൻ്റെ കൈ വശമുണ്ട്.

പന്ത്രണ്ടോളം നേഷണൽ ഇൻ്റർനേഷണൽ അവാർഡ് അടക്കം ഇരുപത്തിനാല് പുരസ്ക്കാരം ഉൾപ്പെടെ എനിക്ക് ലഭിച്ചിട്ടുണ്ട്. കളരി മേഖലയിൽ ഗവേഷണം നടത്തി വരികയാണ്.

മരണപ്പെട്ട കുമാരനെ മരിക്കുന്നതിന് മുമ്പോ മരിച്ചതിന് ശേഷമോ കണ്ടിട്ടേയില്ല. എൻ്റെ കൈ കൊണ്ടേ അല്ല ആ സംഭവം. ഞാൻ ഒരു കളരിക്കാരനൊക്കെയായത് കൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു. അത് കൊണ്ട് ജീവിതത്തിൽ ഒരു പാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എൻ്റെ സത്യാവസ്ഥ ദൈവം മനസ്സിലാക്കി.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Truevision News examines the facts and reality of the propaganda aimed at defaming Kuttyadi MLA KP Kunhammad Kutty.

NEWS ROUND UP