സന്ദര്‍ശകര്‍ക്ക് കുളിര്‍മ്മ നല്കാന് രാമക്കല്‍മേട്ടിലേക്ക് പോവാം…
ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്.
പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽമേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം.
കേരളത്തിന്റെ മലമുകളിൽ നിന്ന് തമിഴ്നാട് നോക്കികാണുന്നതിന്റെ ത്രില്ല് അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയു. ചരിത്ര പ്രധാന്യമുള്ള ഈ മലനിരയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്.
രാമക്കൽമേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന് തന്റെ പത്നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്നാണ് വിശ്വാസം. ‘രാമന് കാല് വെച്ച ഇടം’ എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത്.
മലമുകളിലെ പാറക്കൂട്ടങ്ങൾ സാഹസികരായ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. പാറക്കൂട്ടങ്ങളുടെ സൗന്ദര്യം കാണുന്നതിൽ ഉപരി പാറക്കെട്ടുകളിൽ വലിഞ്ഞ് കയറി ആവേശംകൊള്ളാൻ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളിൽ പലരും.
എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതൽ ആവേശം പകരം.വ്യൂപോയിന്റ് മലയ്ക്ക് അടുത്തായുള്ള മറ്റൊരു മലയിൽ കുറവന്റേയും കുറത്തിയുടേയും ശിൽപങ്ങൾ കാണാം. ഇടുക്കിഡമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളാണ് ഇത്.
രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്.
പ്രകൃതിയുടെ മറ്റൊരു ചിത്രം ഇവിടെ കാണാം…