കോട്ടയം: മീനച്ചിലാറിലെ മൈലപ്പള്ളിക്കടവില്‍ മുങ്ങിമരിച്ച സഹപാഠികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കെ.സി. അലന്, ഷിബിന്‍ ജേക്കബ്, അശ്വിന് കെ. പ്രസാദ് എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. 3 പേരും പ്ലസ് ടു വിദ്യാര്‍ഥികളായിരുന്നു.
ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
അശ്വിന്റെ മൃതദേഹം ഇന്നലെ (16) രാവിലെ എട്ടേമുക്കാലോടെയാണു മൈലപ്പള്ളിക്കടവ് തൂക്കുപാലത്തിനു സമീപത്തു നിന്നു ഫയര്‍ഫോഴ്സ് കണ്ടെടുത്തത്. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി സ്കൂളില്‍ എത്തിച്ചപ്പോള്‍ സഹപാഠികളില്‍ പലരുടെയും നിയന്ത്രണം വിട്ടു. അലനും ഷിബിനും അശ്വിനുമൊപ്പം കടവിലിറങ്ങിയ മറ്റ് 5 സുഹൃത്തുക്കളും കണ്ണീരടക്കാനാവാതെ വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും മടക്കമില്ലാതെ യാത്രയായ വിദ്യാര്‍ഥികളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ അധ്യാപകരും കണ്ണീര് വാര്‍ത്തു.
പുതുപ്പള്ളി ഐഎച്ച്ആര്‍ഡിയിലെ എട്ടംഗ വിദ്യാര്‍ഥി സംഘം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.45നാണു മീനച്ചിലാറ്റിലെ മൈലപ്പള്ളി കടവില്‍ എത്തിയത്. വെള്ളത്തിലിറങ്ങിയ മൂന്നു പേര് അബദ്ധത്തില്‍ ആഴമേറിയ കയത്തില്പ്പെട്ടാണു മരണം സംഭവിച്ചത്. സ്കൂളില്‍ നിന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ മൈസൂറിനു വിനോദയാത്ര പോയതിനാല്‍ സ്കൂളിന് അവധിയായിരുന്നു. വിനോദയാത്ര പോകാതിരുന്ന എട്ടു കൂട്ടുകാര്‍ വിനോദയാത്ര ഒഴിവാക്കി പുഴക്കടവിലെത്തുകയും ദുരന്തത്തില്പ്പെടുകയുമായിരുന്നു. വിനോദയാത്ര പോയ സംഘം സഹപാഠികള്ക്കുണ്ടായ ദുരന്തം അറിഞ്ഞ് ഇന്നലെ രാവിലെ സ്കൂളില്‍ മടങ്ങിയെത്തി.