പൊളിച്ചെഴുതേണ്ട ആവശ്യമില്ല; രണ്ടാം ടെസ്റ്റിനിറങ്ങും മുമ്പെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദാദയുടെ ഉപദേശം

സ്പോർട്സ് ഡസ്ക്

Loading...

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയം നേരിട്ടതോടെ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബാറ്റിംഗ് നിരയെ ആണ് എല്ലാവരും കണ്ണടച്ച് വിമര്‍ശിക്കുന്നത്. വിരാട് കോഹ്‌ലിയല്ലാതെ മുന്‍നിരയിലെ ആരും തന്നെ പിടിച്ചു നില്‍ക്കാന്‍ പോലും ശ്രമിക്കാതെ രണ്ട് ഇന്നിംഗ്‌സിലും ക്രീസ് വിടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഒരേസമയം, ഇന്ത്യന്‍ ബാറ്റ്‌സന്‍മാരുടെ പ്രകടനത്തെ വിമര്‍ശിച്ചും ലൈനപ്പ് പൊളിച്ചെഴുതരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി.

ഓപ്പണര്‍ മുരളി വിജയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ബാറ്റിംഗില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഗാംഗുലി പറഞ്ഞു. രണ്ടു പേരും എഡ്ജ്ബാസ്റ്റണില്‍ പരാജയമായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി വിജയ് നേടിയത് ആകെ 26 റണ്‍സാണെങ്കില്‍ രഹാനെ നേടിയത് 17 റണ്‍സാണ്. താരങ്ങളുടെ പ്രകടനത്തിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് കരുതി കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ എഴുതിത്തള്ളരുതെന്നാണ് ഗാംഗുലി പറയുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിക്കാനുള്ള സമയമുണ്ടെന്നും ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കുകയാണെങ്കില്‍ ഇതിന് സാധിക്കുമെന്നും ദാദ പറഞ്ഞു.

ടെസ്റ്റ് വിജയിക്കണമെങ്കില്‍ എല്ലാവരും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. വിജ്‌യും രഹാനെയും ഇംഗ്ലീഷ് സാഹചര്യത്തില്‍ മുമ്പ് റണ്‍സ് കണ്ടെത്തിയിട്ടുള്ളവരാണെന്നും ദാദ പറഞ്ഞു. അതുകൊണ്ട് രണ്ടാം ടെസ്റ്റില്‍ തന്നെ ടീം ലൈനപ്പ് മാറ്റി പരീക്ഷണത്തിന് മുതിരരുതെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമയം കൊടുക്കണമെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. സ്ഥിരമായി ടീം മാറ്റുന്നത് താരങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാതാക്കുമെന്നും ഇതിഹാസതാരം പറഞ്ഞു.

നേരത്തേ, ഇന്ത്യയുടെ പരാജയത്തിന് കാരണം കോഹ്‌ലി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പരാജയമാണെന്ന് ദാദ തുറന്നടിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് തോല്‍വി വഴങ്ങാത്ത അപൂര്‍വ്വം ഇന്ത്യന്‍ നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദാദയുടെ സംഘം 1-1ന്റെ സമനില നേടിയിരുന്നു. ഇന്ത്യയെ 49 ടെസ്റ്റില്‍ നയിച്ച ദാദ 21ലും വിജയത്തിലെത്തിച്ചു. നിലവിലെ നായകന്‍ കോഹ്‌ലിക്ക് കീഴിലും ഇന്ത്യ 21 ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ടെസ്റ്റില്‍ 194 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10ത്തിന് മുന്നില്‍. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 93 പന്തില്‍ നാല് ബൗണ്ടറികളുമായി കൊഹ്‌ലി 51 റണ്‍സെടുത്ത് പുറത്തായി.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, സ്റ്റുവാര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

വിജയം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി നാലാം ദിനം ഇന്ത്യന്‍ താരങ്ങള്‍ ഒന്നൊന്നായി പുറത്തായി. അഞ്ചിന് 110 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറില്‍ത്തന്നെ ദിനേഷ് കാര്‍ത്തികിന്റെ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത കാര്‍ത്തിക്കിനെ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബോളില്‍ ഡേവിഡ് മലാന്‍ പുറത്താക്കി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി കോഹ്‌ലി പുറത്തായി. 93 പന്തില്‍ നാല് ബൗണ്ടറികളോടെയാണ് കോഹ്‌ലി 51 റണ്‍സെടുത്തത്.

മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്‌സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് എല്‍ബിയില്‍ കുരുക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാന വിക്കറ്റില്‍ മാത്രമായി.

61 പന്തില്‍ നാല് ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലും കൂട്ടിന് ആളില്ലാതെ പോയത് വിനയായി. അവസാന വിക്കറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്ക് പാണ്ഡ്യയെ ക്രീസില്‍ നിന്ന് പറഞ്ഞ് വിട്ടു.

അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 180 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ന്ന വിജയലക്ഷ്യം 194 റണ്‍സ്. ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 110 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ മൂന്നാം ദിനത്തില്‍ത്തന്നെ നഷ്ടമായി. മുരളി വിജയ്(6), ശിഖര്‍ ധവാന്‍(13), കെ.എല്‍ രാഹുല്‍ (13), അജിങ്ക്യ രഹാനെ (രണ്ട്), ആര്‍.അശ്വിന്‍ (13) എന്നിവരാണ് പുറത്തായത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ഏഴിന് 87 എന്ന നിലയില്‍ വന്‍തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഇരുപതുകാരന്‍ സാം കറാനാണ് രക്ഷിച്ചത്. ആദ്യ ഇന്നിംഗ്‌സിലെ ബോളിംഗ് ബാറ്റിമഗിലേക്ക് പകര്‍ന്ന കറാന്‍ 65 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63റണ്‍സെടുത്തു. 28 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയാണ് രണ്ടാം ടോപ് സ്‌കോറര്‍.രണ്ടാം ദിവസത്തെ സ്‌കോറായ ഒന്നിന് ഒമ്പത് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെ അശ്വിന്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. എട്ടാം ഓവറില്‍ ലെഗ് സ്ലിപ്പില്‍ രാഹുലിന് പിടി കൊടുത്ത് കീറ്റണ്‍ ജെന്നിമഗ്‌സ് (8) മടങ്ങി. റൂട്ട് നിലയുറപ്പിക്കുമെന്ന് കരുതിയെങ്കിലും എട്ട് ഓവറുകള്‍ക്ക് ശേഷം അശ്വിന്‍ തന്നെ മടക്കി.

മാലന്‍ (20), ബെയര്‍‌സ്റ്റോ (28), സ്റ്റോക്ക്‌സ് (6) ബട്‌ലര്‍ (ഒന്ന്) എന്നിവരെ ഇഷാന്ത് മടക്കിയതോടെ ഇംഗ്ലണ്ട് ഏഴിന് 87 എന്ന നിലയില്‍. തുടര്‍ന്നായിരുന്നു ആദില്‍ റാഷിദിനെ (16) കൂട്ടു പിടിച്ച് കറാന്റെ ഇന്നിംഗ്‌സ്. റാഷിദ് പുറത്തായതോടെ അന്ത്യം മനസ്സിലാക്കിയ കറാന്‍ ഇഷാന്തിനെയും അശ്വിനെയും സിക്‌സറടിച്ച് തോല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ പത്താമനായി കറാന്‍ പുറത്താവുമ്പോഴേക്കും ഇംഗ്ലണ്ട് പൊരുതി നോക്കാവുന്ന സ്‌കോറിലെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം