കണ്ണൂർ : പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് അമർഷം പുകയുന്നു.
വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്.
പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു.
ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് അനുഭാവി രാജി വച്ചു.
സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമർശനം.
പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെയും ജി സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമർശനം.
ചില പാർട്ടി അനുകൂല പേജുകൾ കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്.
കണ്ണൂരിലെ എറ്റവും ശക്തനായ നേതാക്കളിലൊരാളെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തുന്നതിനെതിരെ കേഡറുകളിൽ വിമർശനം ശക്തമാണ്.
പി ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇന്നലെ പുറത്ത് വന്ന് സ്ഥാനാർത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരിൽ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക.
പാർട്ടി ശക്തി കേന്ദ്രങ്ങലായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാർത്ഥികലെ തീരുമാനിച്ച് കഴിഞ്ഞു.
ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പേരാവൂരിന്റെ കാര്യത്തിൽ മാത്രമാണ് തീരുമാനം വരാനുള്ളത്. ഇവിടെ ആലോചിച്ച് മതി സ്ഥാനാർത്ഥി നിർണ്ണയമെന്നാണ് പാർട്ടി നിലപാട്.
രണ്ട് ടേം വ്യവസ്ഥ കർശനമായി പാലിക്കാൻ തീരുമാനിച്ച സിപിഎം ഇക്കുറി പരിചിത മുഖങ്ങളെയെല്ലാം മാറ്റി നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
സർക്കാരിന്റെ മുഖങ്ങളായ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വരെ മാറ്റി നിർത്താനാണ് തീരുമാനം.
എതിർ സ്വരങ്ങളുയർത്താൻ സാധ്യതയുള്ളവരെയെല്ലാം ടേം വ്യവസ്ഥയുടെ മറവിൽ വെട്ടിനിരത്തുകയാണെന്ന ആക്ഷേപവും ഉണ്ട്.
News from our Regional Network
English summary: There is anger within the party in Kannur over the denial of P Jayarajan's seat