ആദിവാസികളുമടക്കമുള്ളവരെ വനത്തിൽനിന്ന്‌ ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ല : കോടിയേരി

Loading...

പത്തനംതിട്ട :  ഗോത്രവംശജരും ആദിവാസികളുമടക്കമുള്ളവരെ വനത്തിൽനിന്ന്‌ ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ലെന്നും അവരെ ഒരു കാരണവശാലും വനത്തിൽനിന്ന്‌ ഒഴിപ്പിക്കരുതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകണമെന്നും  കേരള രക്ഷായാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. പ്രളയം തകർത്ത കേരളത്തിന്റെ  പുനർനിർമ്മാണ പദ്ധതിയെ തകർക്കുന്ന നടപടിയാണ്‌ കേന്ദ്രത്തിന്‌.

വിദേശസഹായം വാങ്ങരുതെന്ന കടുപിടുത്തം പുനർനിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ലോകത്ത്‌ പല രാജ്യങ്ങളും  കേരളത്തെ സഹായിക്കാൻ സന്നദ്ധരാണ്‌. അത്‌ ലഭിച്ചാൽ റീ ബിൽഡ്‌ കേരള പദ്ധതി കുടുതൽ കാര്യക്ഷമമാക്കാം.

എന്നാൽ കേന്ദ്രത്തിന്‌ കേരളത്തിനോട്‌ വൈര്യനിര്യാതന സമീപനമാണ്‌.  ദീർഘകാലമായി വനത്തിൽ താമസിക്കുന്നവരെ  ഒഴിപ്പിക്കുന്നത്‌ അവരോടുള്ള ക്രൂരനടപടിയാണ്‌. ആദിവാസി സമൂഹത്തെ സഹായിക്കാൻ സാധ്യമായ എല്ലാം കേരള സർക്കാർ സ്വീകരിക്കും.

11 സംസ്‌ഥാനങ്ങളെ ഈ വിധി ബാധിക്കും. 11 കോടിയിൽ അധികം വരുന്ന ആദിവാസികളെ ബാധിക്കുന്ന ഉത്തരവാണ്‌ വന്നിട്ടുള്ളത്‌. കേസ്‌ നൽകിയവരും കേന്ദ്ര ഗവർമെൻറും കൂടി ഒത്തുകളിച്ചാണ്‌ വിധി ഇങ്ങനെയാകാൻ കാരണം.

കേരളത്തിൽ എണ്ണൂറോളം കുടുംബങ്ങൾക്കാണ്‌ ഇത്‌ ബാധകമാകുന്നത്‌. നിയമത്തിൽതന്നെ മാറ്റം വരുത്തി വനത്തിൽതന്നെ തുടർന്ന്‌ താമസിക്കാനുള്ള അനുമതി അവർക്ക്‌ നൽകണം.

ബിജെപിയുടെ നാമജപ സമരം പത്തനംതിട്ടയിൽ കാര്യമായി ഏറ്റിട്ടില്ലെന്ന്‌ ജാഥാ സ്വീകരണത്തിലെത്തിയ സ്‌ത്രീ പങ്കാളിത്തം വ്യക്‌തമാക്കുന്നതെന്നും അതൊരു നല്ല പ്രതീക്ഷയാണെന്നും  കോടിയേരി പറഞ്ഞു.

സ്‌ത്രീപക്ഷ ‐ പുരോഗമന നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷത്തിന് വരുന്ന തെരഞ്ഞെടുപ്പിൽ പത്തനംനിട്ടയിൽ നല്ല വിജയപ്രതീക്ഷയാണെന്നും കോടിയേരി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം