അവശ്യ സാധനങ്ങള്‍ക്ക് വിലക്കൂട്ടി വ്യാജ ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നു; മഴക്കെടുതിയെ മുതലെടുത്ത് കച്ചവടക്കാര്‍ ലാഭം കൊയ്യുന്നു

വെബ് ഡെസ്ക്

Loading...

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിന് കൈപിടിച്ചുകയറ്റാന്‍ ലോകം മുഴുവന്‍ പരിശ്രമിക്കുകയാണ്. നിരവധി പേരാണ് സഹായവുമായി രംഗത്ത് എത്തിയത്. കേരളത്തിന്റെ ദുരവസ്ഥ കണ്ട് അന്യ സംസ്ഥാനക്കാര്‍ പോലും കണ്ണീര്‍ പൊഴിക്കുമ്പോള്‍ മറുവശത്ത് മറ്റുചിലര്‍  അവസരം മുതലാക്കി പകല്‍ക്കൊള്ള നടത്തുകയാണ്. . ദുരിതാശ്വാസ ക്യാമ്ബുകളില്‍ സൗജന്യ ഭക്ഷണം നല്‍കി പല സ്ഥാപനങ്ങളും മാതൃകയാകുമ്പോള്‍ ഈ ദുരന്തത്തെപോലും ചൂഷണം ചെയ്യുന്നവരും ഉണ്ട്.

പകല്‍ക്കൊള്ളയും പൂഴ്ത്തിവയ്പുമാണ്  നടത്തിയാണ് സ്ഥാപനങ്ങള്‍ ലാഭം കൊയ്യുന്നത്. ഇത്തരത്തില്‍ ഭക്ഷണത്തിന് എവിടേയും കേള്‍ക്കാത്ത കൂടിയ വില ഈടാക്കിയ ഹോട്ടലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു പൊറോട്ടയ്ക്ക് 48 രൂപ എന്ന നിരക്കില്‍ നാല് പൊറോട്ടയ്ക്ക് ജിഎസ്ടി ഉള്‍പ്പെടെ 202 രൂപയാണ് അങ്കമാലിയിലെ ശരവണ ഭവന്‍ ഹോട്ടല്‍ ഈടാക്കിയിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മനുഷ്യനാണെന്ന് പറയുന്നതില്‍ എന്ത് ശരിയാണുള്ളതെന്നാണ് പലരും ചോദിക്കുന്നത്. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന വ്യക്തിക്ക് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പകല്‍കൊള്ളയുടെ കഥ നാടറിയുന്നത്.

ഈ സമയത്തും ഇങ്ങനെയൊരു പകല്‍ക്കൊള്ള വേണമായിരുന്നോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നുവെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രോഡ് വേ മാര്‍ക്കറ്റിലെ പച്ചക്കറിക്കട ഉള്‍പ്പെടെയുള്ളവ പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് അടച്ചു. പ്രളയ ബാധ്യതാ സമയത്ത് അവശ്യ വസ്തുക്കള്‍ക്ക് വിലക്കൂട്ടരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുട്ടലും പൂഴ്ത്തിവെപ്പും ഉണ്ടായിരിക്കുന്നത്. പ്രളയം മുതലെടുത്ത് സാധനങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതിനെതിരെ സംസ്ഥാനത്ത് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

അരിക്കും പഞ്ചസാരയ്ക്കും 10 രൂപ കൂട്ടി വിറ്റുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള വീകെ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ പൂഴ്ത്തിവച്ച 9 ചാക്ക് അരി പിടിച്ചെടുത്തു. കടയുമടയ്‌ക്കെതിരെ പിഴ ഈടാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം ഇടപ്പള്ളിയില്‍ പച്ചക്കറി വിലകൂട്ടി വിറ്റകട നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ടുപൂട്ടിച്ചു. ബ്രോഡ്‌വേയില്‍ ഇരട്ടി വിലയെ തുടര്‍ന്ന് പച്ചക്കറിക്കടയ്‌ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കട അടക്കുകയും പച്ചക്കറിക്കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കലൂരില്‍ ഇതരസംസ്ഥാന വഴിയോര കച്ചവടക്കാര്‍ പച്ചക്കറിക്ക് കൊള്ളവില ഈടാക്കുന്നു. പച്ചമുളക് കിലോയ്ക്ക് വാങ്ങിയത് 400 രൂപയാണ്. പൊലീസ് ഇടപെട്ട് 120 രൂപയാക്കി കുറച്ചു. ഇതിനിടെ, ഇടപ്പള്ളിയില്‍ വെണ്ടക്കയ്ക്ക് 150 രൂപ വാങ്ങിയ കട അടപ്പിച്ചു. സാധനങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് കൊണ്ടുപോയി. അതേസമയം, അമിത വില ഈടാക്കുന്നതിനെതിരെ കേസ് എടുക്കാന്‍ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടിരുന്നു. ഹോര്‍ട്ടികോര്‍പ്പ് ശാഖകളില്‍ പച്ചക്കറികള്‍ മിതമായ വിലയ്ക്ക് ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Loading...