തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല സ്ത്രീ പ്രവേശന വിഷയമെന്ന് ; ആർ ബാലകൃഷ്ണപിള്ള

Loading...

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല സ്ത്രീ പ്രവേശന വിഷയമെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. സ്ത്രീകൾ വലിയ തോതിൽ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു.

ആചാരം സംരക്ഷിക്കാത്തത് സ്ത്രീവോട്ടുകളിൽ പ്രതിഫലിച്ചു. ഇത്രത്തോളം ജാതീയ ചേരിതിരിവുള്ള ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. മോദി വിരോധികൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.

ചില വിഭാഗങ്ങൾ ഒരു ഭാഗത്ത് ജാതി പറയുമ്പോൽ സ്വാഭാവികമായും എതിർഭാഗവും സംഘടിക്കും. അതും തെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞു. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകൾ.

ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും ആഗ്രഹിക്കുന്നത് അതാണ്. കോൺഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാൻ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണമാണ് നടന്നത്. അത് വിശ്വസിച്ച കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്യുകയായിരുന്നു.

1957 മുതൽ തെരഞ്ഞെടുപ്പുകളിൽ താൻ സജീവമായിരുന്നു. ഇതുപോലെ ആർക്കും ഊഹിക്കാൻ കഴിയാത്ത ഒരു തെരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ നിരാശരാണ്. പല സ്ഥാനാർത്ഥികളും തോറ്റു. ആചാരങ്ങൾക്ക് വീഴ്ച വരുത്താതെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.
പക്ഷേ, സർക്കാരിന് കോടതി വിധി അനുസരിച്ചേ മതിയാകൂ. പിണറായിക്ക് പിണറായിയുടേതായ ഒരു സ്വഭാവമുണ്ട്. പിണറായി വന്നതിന് ശേഷം സർക്കാർ തലത്തിൽ അഴിമതി ഇല്ലാതായി എന്നത് നേട്ടമാണ്. ശബരിമല വിധിയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Loading...