ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ഗാബയിൽ നടക്കും. പരുക്ക് കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്ക് ഈ മത്സരം ജീവന്മരണ പോരാട്ടമാണ്.

ആദ്യ മൂന്ന് ടെസ്റ്റുകളിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുന്നതുകൊണ്ട് തന്നെ അവസാന മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാവും ഇരു ടീമുകളുടെയും ലക്ഷ്യം.
മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ താരങ്ങളാണ് ടെസ്റ്റ് പരമ്പരക്കിടെ പരുക്കേറ്റ് ടീമിൽ നിന്നു പുറത്തായത്.
ആർ അശ്വിൻ കളിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഋഷഭ് പന്ത് പരുക്ക് വെച്ചാണ് കളിക്കുന്നത്. അവസാന ടെസ്റ്റിൽ ടി നടരാജൻ അരങ്ങേറുമെന്നാണ് സൂചന. ശർദ്ദുൽ താക്കൂർ, വൃദ്ധിമാൻ സാഹ എന്നിവർക്കും സാധ്യതയുണ്ട്.
അതേസമയം, അശ്വിൻ കളിക്കില്ലെങ്കിൽ വാഷിംഗ്ടൺ സുന്ദർ ടീമിലെത്തുമെന്നും സൂചനയുണ്ട്. പരുക്കുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഫൈനൽ ഇലവനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ഓസീസ് ടീമിൽ വിൽ പുകോവ്സ്കിക്ക് പകരം മാർക്കസ് ഹാരിസ് എത്തി എന്നതു മാത്രമാണ് മാറ്റമുള്ളത്. പരുക്കിനെ തുടർന്നാണ് യുവ ഓപ്പണർ പുറത്തായത്.
ബ്രിസ്ബേനിലെ ഗാബയിൽ ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം ആരംഭിക്കുക. ഇതുവരെ ഇന്ത്യക്ക് ഗാബയിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
ആകെ കളിച്ച 6 ടെസ്റ്റുകളിൽ അഞ്ചിലും ഓസ്ട്രേലിയയാണ് ജയിച്ചത്. ഒരെണ്ണം സമനിലയായി. 1988നു ശേഷം ഓസ്ട്രേലിയ ഇവിടെ പരാജയപ്പെട്ടിട്ടില്ല.
News from our Regional Network
English summary: The last match of the India-Australia Test series is tomorrow