കൊല്ലത്ത് വിദ്യാർത്ഥിയെ അടിച്ച് കൊന്ന സംഭവം; ജയിൽ വാർഡൻ അറസ്റ്റിൽ

Loading...

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച് കൊന്ന സംഭവത്തിൽ ജയിൽ വാർഡൻ അറസ്റ്റിൽ. കൊല്ലം ജില്ലാ ജയിൽ വാർഡനായ വിനീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. വീട്ടിലെത്തി രഞ്ജിത്തിനെ അടിച്ച് വീഴ്ത്തിയത് വിനീതാണെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്തിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ജയിൽ വാർഡൻ വിനീതിനെ നേരത്തെ ജയിൽ ഡിജിപി സസ്പെൻറ് ചെയ്തിരുന്നു.

ബന്ധുവായ പെൺകുട്ടിയെ കളിയാക്കി എന്ന് ആരോപിച്ചാണ് വിദ്യാർത്ഥിയായ രഞ്ജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചത്. അടിയേറ്റ രഞ്ജിത്ത് ബോധം കെട്ട് വീണിരുന്നു. തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ദിവസം മരിച്ചത്. തലയ്ക്ക് അടിയേറ്റ് ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

അതേസമയം ആറംഗ സംഘത്തിലുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയടക്കം മറ്റുള്ളവർക്കെതിരെ ഒരു നടപടിയും ഇതുവരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിനീതിനെ  അറസ്ററ് ചെയ്ത് കേസൊതുക്കാനാണ് പൊലീസ് ശ്രമമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയിൽ വാര്‍ഡൻ വിനീതിന്‍റെ നേതൃത്വത്തിൽ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവം നടന്ന ഉടനെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെനെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാത്രമല്ല തിരിച്ച് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും രാധാകൃഷ്ണ പിള്ള ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം