പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിച്ച സിപിഎം നേതാവിനെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം

Loading...

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സിപിഎം നേതാവിനെ ഇതുവരേയും ചോദ്യം ചെയ്യാതെ അന്വേഷണ സംഘം. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെയാണ് നിര്‍ണായക മൊഴികളുണ്ടായിട്ടും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ മടിക്കുന്നത്. ഉദുമ ഏരിയ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചതെന്ന് ഹൈക്കോടതിയിൽ കഴിഞ ദിവസം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഏരിയാ സെക്രട്ടറിയുടെ പങ്കാളിത്തം വ്യക്തമായിട്ടും മൊഴി രേഖപ്പെടുത്താൻ പോലും അന്വേഷണ സംഘം തയ്യാറായില്ല.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തെ എതിർത്ത് ക്രൈം ബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിലാണ് ഏരിയാ സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കുന്നത്. ഫെബ്രുവരി 17 ന് രാത്രി കൃത്യം നടത്തിയതിന് ശേഷം പ്രതികൾ വെളുത്തോളിയിൽ സംഗമിച്ചു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനും ഇവിടെ എത്തിയിരുന്നു.

ഇവിടെ വച്ചാണ് വെട്ടേറ്റ ശരതും കൃപേഷും കൊല്ലപ്പെട്ടെന്ന് സംഘം അറിയുന്നത്. ഇതോടെ മണികണ്ഠൻ ആരെയോ വിളിച്ച് ഉപദേശം തേടി, പ്രതികളോട് വസ്ത്രം മാറാനും ആയുധങ്ങൾ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. പിന്നീട് വസ്ത്രങ്ങൾ കത്തിച്ചു. പ്രതികളിൽ ചിലരെ ഉദുമയിലെ പാർട്ടി ഓഫീസിൽ ഒളിവിൽ താമസിപ്പിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് വ്യക്തമായി പറയുമ്പോഴും മണികണ്ഠനെ ഇതുവരേയും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാർത്യം.

മണികണ്ഠന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും പ്രതികൾ വിളിച്ചതിനെ തുടർന്നാണ് സഹായം നൽകിയതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേ സമയം എന്ത് അടിസ്ഥാനത്തിലാണ് തന്റെ പേര് സത്യവാങ്മൂലത്തിൽ വന്നതെന്ന് അറിയില്ലെന്നാണ് മണികണ്ഠന്‍റെ പ്രതികരണം. തന്നെ ഇതുവരെ ആരും ചേദ്യം ചെയ്തിട്ടില്ല. മൊഴിയും എടുത്തിട്ടില്ല. പിന്നെ എങ്ങനെ തന്റെ പേര് വന്നു എന്ന കാര്യം അന്വേഷിച്ച് കണ്ടെത്തി വേണ്ട നടപടി എടുക്കുമെന്ന് മണി കണ്ഠൻ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം