ആ സംഭവം അൻസിബ തുറന്നു പറഞ്ഞു ; ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും ‘ഇതൊക്കെ ഞാൻ എത്ര കണ്ടതാ’ എന്ന മട്ടിലായിരുന്നു ലാലേട്ടന്‍

Loading...

ആ സംഭവം അൻസിബ തുറന്നു പറഞ്ഞു , ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും ‘ഇതൊക്കെ ഞാൻ എത്ര കണ്ടതാ’ എന്ന മട്ടിലായിരുന്നു ലാലേട്ടന്‍ ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം ഇറങ്ങിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. അൻസിബ എന്ന നടിയുടെ ജീവിതത്തെ രണ്ടായി ഭാഗിക്കാം. ദൃശ്യത്തിന് മുൻപും ദൃശ്യത്തിന് ശേഷവും. ഈ കാലയളവിൽ ജീവിതവും കാഴ്ചപ്പാടുകളും ഒരുപാട് മാറിയെന്നു അൻസിബ പറയുന്നു. ഷോർട് ഫിലിംസംവിധാനം ചെയ്തു. പഠനം പൂർത്തീകരിച്ചു. സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് ഉപരിപഠനത്തിനൊരുങ്ങുകയാണ് താരം. വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രേമമാണ് കൊച്ചിയിൽ താമസമാക്കിയ ഈ കോഴിക്കോട്ടുകാരിക്ക്.

അൻസിബ തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.വീട്ടിലേക്ക് ആദ്യമെത്തിയ കാർ ഒരു മാരുതി എ സ്റ്റാർ ആയിരുന്നു. ഞങ്ങൾ ആറു മക്കളാണ്. പിന്നീട് കുറേക്കാലം ഞങ്ങളുടെ വലിയ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു ആ ചെറിയ കാർ. അതിന്റെ പിൻസീറ്റിലിരുന്നു മാത്രം കാഴ്ചകൾ കണ്ട കാലം. എന്നെങ്കിലും സ്വന്തമായി ഒരു കാർ വാങ്ങുമെന്ന് അന്ന് സ്വപ്നം പോലും കണ്ടിട്ടുണ്ടാകില്ല. എനിക്ക് നാല് ആങ്ങളമാരാണ്. നാലുപേരും വാഹനപ്രേമികൾ. പിന്നീടുള്ള വർഷങ്ങളിൽ വീട്ടിൽ കൂടുതലും മാറിവന്നത് അവർക്കിഷ്ടപ്പെട്ട ബൈക്കുകളാണ്. അവരിലൂടെയാണ് എനിക്കും വാഹനങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്.ലൈസൻസ് എടുത്ത ശേഷം ഞാനും പതിയെ കാറിന്റെ ഡ്രൈവിങ് സീറ്റ് ചോദിച്ചു വാങ്ങി.

മോഹൻലാൽ എന്ന സൂപ്പർ ഡ്രൈവർ…

ദൃശ്യത്തിലെ ‘മാരിവിൽ’ എന്ന പാട്ടിൽ ഞങ്ങൾ കുടുംബമായി ജീപ്പിൽ പോകുന്ന രംഗമുണ്ട്. ഹെയർപിൻ വളവുകളുള്ള റോഡിലൂടെ വളരെ അനായാസമാണ് ലാലേട്ടൻ ഡ്രൈവ് ചെയ്തത്. ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും ‘ഇതൊക്കെ ഞാൻ എത്ര കണ്ടതാ’ എന്ന മട്ടിൽ ആസ്വദിച്ചായിരുന്നു ലാലേട്ടന്റെ ഡ്രൈവിങ്. നേരത്തെ ഭ്രമരം എന്ന സിനിമയിലും ലാലേട്ടന്റെ ഡ്യൂപ്പില്ലാതെ ജീപ്പിൽ സ്റ്റണ്ട് ചെയ്തിട്ടുണ്ട്. ദൃശ്യം എന്ന സിനിമയിലെ ഒരു കഥാപാത്രം മഞ്ഞ നിറമുള്ള മാരുതി സെൻ കാറാണ്. അതും ലാലേട്ടൻ ഓടിച്ചു പോകുന്ന സീനുകൾ സൂപ്പറായിരുന്നു.സിനിമയിൽ എത്തിയ ശേഷം ഞാൻ ആദ്യം സ്വന്തമാക്കിയത് ഒരു ഫോക്സ്‌വാഗൺ പോളോ ജിടി ആയിരുന്നു. സെവൻ സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ്.  മികച്ച പവറും സേഫ്റ്റിയും കംഫർട്ടുമുള്ള വാഹനം. കോയമ്പത്തൂരിലായിരുന്നു എന്റെ കോളജ് വിദ്യാഭ്യാസം. കൊച്ചിയിൽ എനിക്കൊരു ഫ്ലാറ്റുണ്ട്. അപ്പോൾ കൊച്ചിയിൽനിന്നും കോയമ്പത്തൂരിലേക്ക് സ്ഥിരം കാറിലായിരുന്നു യാത്ര. ഒറ്റയ്ക്ക് വിടാൻ പേടിയായതുകൊണ്ട് അച്ഛനോ ആങ്ങളമാരോ കൂടെ കാണും. പാലക്കാട് കഴിഞ്ഞാൽ പിന്നെ സൂപ്പർ റോഡാണ്. ഞാൻ ആക്സിലേറ്റർ ചവിട്ടി വിടും. മൂന്നര മണിക്കൂർ കൊണ്ട് കോയമ്പത്തൂർ എത്തും.

Loading...