റെയിൽവേ ട്രാക്കിലൂടെ പെൺകുട്ടിയുമായി യുവാവ് ബൈക്കോടിച്ച സംഭവം ആത്മഹത്യാ ശ്രമമെന്ന് സംശയം

Loading...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റെയിൽവേ ട്രാക്കിലൂടെ പെൺകുട്ടിയുമായി യുവാവ് ബൈക്കോടിച്ച സംഭവം ആത്മഹത്യാ ശ്രമമെന്ന് സംശയം. പാറശാലയ്ക്ക് സമീപം എയ്തുകൊണ്ടാൻ കാണിയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ദുരൂഹമായ സംഭവമുണ്ടായത്.

ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്‌സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. തീവണ്ടി കടന്നു പോകുന്നതിനായി ലെവൽ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ്‌ യുവാവും യുവതിയും ബൈക്കിലെത്തിയത്.

തുടർന്ന് യുവാവ് ബൈക്ക് പാളത്തിൽ കയറ്റി ട്രെയിൻ വരുന്ന ദിശയിലേക്ക് ഓടിച്ചു പോകുകയായിരുന്നു. ഉടൻ തന്നെ ഗേറ്റ് കീപ്പർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. ഇതേ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ ലോക്കോ പൈലറ്റിന് അടിയന്തരമായി ട്രെയിൻ നിർത്തിയിടാൻ നിർദേശം നൽകുകയായിരുന്നു.

തീവണ്ടി നിർത്തിയിട്ട ശേഷം റെയിൽവേ സുരക്ഷാ സേന ട്രാക്കിൽ പരിശോധന നടത്തുന്നതിനിടെ ഇവരെ വീണ്ടും കണ്ടെങ്കിലും അടുത്തെത്തിയപ്പോഴേക്കും യുവാവും യുവതിയും രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനായി റെയിൽവേ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

സംഭവത്തെ തുടർന്ന് അരമണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ പിന്നീട് പുറപ്പെട്ടത്. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിന്റെ നമ്പർ കണ്ടെത്തിയെങ്കിലും ഇത് വ്യാജമാണെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോയെന്ന സംശയത്തിൽ ഇന്റലിജൻസും അന്വേഷണം നടത്തുന്നുണ്ട്.

Loading...