പി എം മോദി സിനിമയുടെ റിലീസ് തടഞ്ഞത് ചോദ്യം ചെയ്ത് ചിത്രത്തിന്‍റെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു

Loading...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് കമ്മീഷന്‍റെ നടപടിയെന്ന് നിർമാതാക്കൾ ഹർജിയിൽ ആരോപിച്ചു.

ഹർജി ഈ മാസം 15ന് കോടതി പരിഗണിക്കും. നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രം പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ബുധനാഴ്ച്ചയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ റിലീസ് തടഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

23 ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി ആണ് മോദി ആയി അഭിനയിക്കുന്നത്. ഒമങ് കുമാര്‍ ആണ് സംവിധാനം.

 

 

 

 

കൗതുക വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത കാലമാണല്ലോ തിരഞ്ഞെടുപ്പ് കാലം. ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

Loading...