കണ്ണ് നനയിച്ചു മമ്മുട്ടി ;വൈറലായി പേരൻപിൽ ജീവിതം കണ്ട ഒരമ്മയുടെ കുറിപ്പ്

Loading...

പ്രേക്ഷകരെ ഒന്നടങ്കം സങ്കടക്കടലിലേക്ക് തള്ളിയിട്ട  മമ്മൂട്ടി – റാം കൂട്ടുകെട്ടിന്റെ പേരൻപ് തിയേറ്ററുകൾ കീഴടക്കുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച ഒരു കുട്ടിയുടേയും അവളുടെ അച്ഛന്റേയും അവരെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.
ചിത്രം കണ്ട പലരും മികച്ച റിവ്യൂവുമായി രംഗത്തെത്തി. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു അമ്മയുടെ കുറിപ്പാണ്. അതേ പേരൻപിൽ ജീവിതം കണ്ട ഒരമ്മയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമ റിലീസായി പെട്ടെന്നു തന്നെ കാണാന്‍ പുറപ്പെടുന്നത്. മൂത്ത മകന് സിനിമ അത്ര ഇഷ്ടമല്ല. തിയേറ്ററിലെ ഇരുട്ടും മുഴങ്ങുന്ന ശബ്ദങ്ങളും അവനു സഹിക്കാനാവില്ല. പേടിച്ചിട്ടല്ല, ഉറക്കെയുള്ള ശബ്ദങ്ങൾ അവന് ഛർദ്ദിലുണ്ടാക്കും. സീറ്റിനടിയിൽ പോയി ചൂളിപ്പിടിച്ചിരിക്കും. അവ്യക്തമായ ഭാഷയിൽ വീട്ടിൽ പോവാമെന്നു പറഞ്ഞു കരയും. ചുറ്റുവട്ടത്തുള്ളവർ നമ്മളെ അസ്വസ്ഥമായി നോക്കും.

കുറച്ചു വർഷം മുന്‍പ് വരെ ആ വൈകൃത നോട്ടങ്ങൾക്ക് മുന്നിൽ ഞാനെന്ന അമ്മയുടെ തല കുനിയുമായിരുന്നു. ഇന്ന് എന്റെ നോട്ടം അവരുടെ നോട്ടത്തോട് വളരെ സ്വാഭാവികമായി ഏറ്റുമുട്ടും. അപ്പോൾ എന്റെ കണ്ണുകളിൽ ഞാനെഴുതി വെച്ചത് അവർക്ക് വായിക്കാനാവും. ഒരു അസാധാരണ കുട്ടിയെ വളർത്തുക എന്നത് ഒരു അമ്മയുടെയോ അച്ഛന്റേയോ മാത്രം കടമയല്ല ഒരു സമൂഹത്തിന്റെതാണ് അവരുടെ തല കുനിയും വരെ എന്റെ കണ്ണുകൾ പതറില്ല. എന്റെ മകനും ഇവിടെ അഭിമാനത്തോടെ, സ്വാഭാവികമായി തന്നെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഞാനൊരു അസാധാരണ കുഞ്ഞിന്റെ അമ്മയാണല്ലോ.

സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ആദ്യം തലയിലേക്ക് അടിച്ചു കയറിയ വാക്ക് ഇത്ര നാളും ഞാന്‍ നോക്കിയില്ലേ, ഇനി നിങ്ങൾ നോക്ക് സ്പാസ്റ്റിക് ഡിസോർഡറുള്ള മകളെ അച്ഛനിട്ടു കൊടുത്ത് വാത്സല്യത്തിന്റെ വാതിലടച്ചു പോകുന്ന അമ്മയെക്കുറിച്ച് പ്രേക്ഷകർ അത്ഭുതം കൂറിയിരിക്കുമല്ലേ? ഇതെന്തൊരു അമ്മ എന്ന് ഉള്ളിൽ മുറുമുറുക്കും. എനിക്കു പക്ഷേ ഒന്നും തോന്നിയില്ല. കാരണം ആ അമ്മയെ എനിക്കു മനസ്സിലാവുമായിരുന്നു.

ജോലി സ്ഥലത്തു നിന്ന് ആഴ്ചയവസാനം വീട്ടിലെത്തുന്ന ഭർത്താവിനോട് ഞാനെത്രയോ തവണ ഇതേ വാചകം പറഞ്ഞിരിക്കുന്നു. വെള്ളം നിറഞ്ഞ പാത്രത്തിൽതല മുക്കിപിടിച്ചു രണ്ടു നിമിഷം നിന്നിട്ടുണ്ടോ? അല്ലെങ്കിൽ മൂക്ക് പൊത്തിപ്പിടിച്ച് ഒരു അഞ്ചു മിനിറ്റ്, മൂന്നു മിനിറ്റ്, ഒരു മിനിറ്റ് നിങ്ങൾ ശ്വാസത്തിനു വേണ്ടിയെടുക്കുന്ന പിടച്ചിലില്ലേ, അതേ പിടച്ചില്‍ ഹൃദയത്തിലാവുമ്പോഴോ എത്ര വർഷം ഒരമ്മയ്ക്ക് തനിച്ചു പിടയാനാവും

അസ്വാഭാവികതയുള്ള ഒരു കുട്ടിയുണ്ടാവുമ്പോൾ അമ്മയ്ക്ക് കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഇല്ലാതാവുക മാത്രമല്ല, പുറം വെളിച്ചം കണ്ടാൽ മുഖം ചുളിയുന്ന വണ്ണം അവളുടെ ജീവിതം ഇരുട്ടിലാവുക കൂടിയാണ് ചെയ്യുന്നത്. ആളുകളുടെ സഹതാപങ്ങളെ, അകറ്റി നിറുത്തലുകളെ തന്നെയാണ് അവളാദ്യം പേടിക്കുന്നത്. സന്തോഷിക്കാന്‍ പൊടുന്നനേ അവൾക്ക് കാരണങ്ങൾ നഷ്ടപ്പെടുന്നു.

മടിയിലിരിക്കുന്ന കുഞ്ഞ് എല്ലാ കുറവുകളോടെയും അവളുടെ ചിരിയെ തല്ലിക്കെടുത്തും. ചുരത്തുന്ന പാലും ഇരുട്ടിന് തഴക്കം വന്ന ദുഖവും അവളെ പുറം വെളിച്ചത്തിലേക്ക് കൊണ്ടു വരും. വീണിടത്തു നിന്ന് നടക്കാന്‍ പഠിച്ചിരിക്കും. എങ്കിലും അവൾക്കേറ്റ മുറിവുണങ്ങാന്‍ സമയം കൊടുക്കാതെ ലോകം അവളെ ഇതെന്തൊരു അമ്മയാണിത് എന്ന് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന തിരക്കിലാവും. വർഷങ്ങളോളം ഉറ്റവരുടെ അപശബ്ദങ്ങൾക്കും മുറുമുറുപ്പുകൾക്കുമിടയിൽ തനിച്ച് കുഞ്ഞിനെ നോക്കിയ പാപ്പയുടെ അമ്മ വീടു വിട്ടു പോയതിൽ കുറ്റപ്പെടുത്താന്‍ എനിക്കു വയ്യ. അവർ കുറച്ചു കൂടി ധൈര്യമുള്ള സ്ത്രീയായിരുന്നുവെന്ന് ഞാന്‍ പറയുമ്പോൾ നിങ്ങളെന്നെ മനസ്സിലാക്കാനുള്ള കാരുണ്യം കാണിച്ചേക്കുക.

ബുദ്ധി വികാസമില്ലാത്ത എന്റെ മകന്‍ പൊടുന്നനെയാണ് വളർന്നത്. അവന്റെ കുഞ്ഞു ചൂച്ചു കണ്ട് ഞാന്‍ വിഷമിച്ചിരുന്നു. പാവം അവനെങ്ങിനെ കല്യാണം കഴിക്കും? ഞാന്‍ ഭർത്താവിനോട് ചോദിക്കും. കല്യാണം കഴിക്കുന്നതാണോ വലിയ കാര്യം. അവന്‍ ജീവിക്കാന്‍ മിടുക്കനാവട്ടെ.

പക്ഷേ, എനിക്ക് അവന്‍ കല്യാണം കഴിക്കണം. ഞാനില്ലാതാവുമ്പോൾ അവന് കൂട്ടുകൂടാൻ, അവനെ സ്നേഹിക്കാൻ, അവന്‍ അവ്യക്തമായി പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ, സമയത്ത് ഭക്ഷണം കൊടുക്കാൻ, പനി വരുമ്പോൾ അടുത്ത് കെട്ടിപിടിച്ചു കിടക്കാന്‍ എന്റെ കുട്ടിക്ക് ഒരു കൂട്ടു വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വലുതായി ജോലിയാവുന്നതല്ലായിരുന്നു അവനെക്കുറിച്ച് ഞാന്‍ കണ്ട സ്വപ്നം. അവനെ സ്നേഹിക്കാന്‍ ഒരു പെണ്ണ് വരുന്നതായിരുന്നു. എങ്കിൽ എനിക്കു സമാധാനമായി മരിച്ചു പോകാം. ഞാന്‍ പോയാൽ എന്റെ കുഞ്ഞ് എന്തു ചെയ്യും! കാണാന്‍ വയ്യെനിക്ക്, എന്റെ കുഞ്ഞിന് അടി കൊള്ളുന്നത്, അവഗണിക്കുന്നത്, ഭക്ഷണത്തിനു വേണ്ടി കൈനീട്ടി നിൽക്കേണ്ടി വരുന്നത്, ഓമനിക്കാനാരുമില്ലാത്തത് അവന് ഒരു ജീവിതമില്ലെങ്കിൽ എനിക്കു മുന്നേ അവനെ എടുത്തേക്കണേ..

തിങ്കൾതെല്ലിനു തുല്യമൊരു/പുഞ്ചിരിയുണ്ടു ചുണ്ടിൽ/പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്/കുഞ്ഞിന്‍ മട്ടിൽ പിളർത്തി/മർത്തന്റെ ഭാഷകളില്ലൊന്നിലുമല്ല/ഏതോ പക്ഷികിടാവ്/മുറിവേറ്റ് വിളിച്ചിടുമ്പോൾ/അമ്മയ്ക്ക് മാത്രമറിയുന്നൊരു ഭാഷ സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങിനെ കവിത ഭ്രാന്തമായി ചൊല്ലിയിരുന്ന നാളുകൾ.

അമുദവന്‍ എന്ന അച്ഛന്റെ പോലെയാവില്ല ഒരമ്മ. അച്ഛന്‍ പ്രായോഗികതയുടെ വേലികെട്ടി എന്നും കുഞ്ഞിനെ കുഞ്ഞാക്കിയിരുത്തുമ്പോൾ അമ്മ ആ പക്ഷിക്കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുകയാവും. പലപ്പോഴും അവനെക്കുറിച്ച് ഞാന്‍ പറയുന്ന സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, സ്ത്രീയുടെ അതിവൈകാരികത അല്ലെങ്കിൽ മണ്ടത്തരം എന്ന് പുച്ഛിച്ചു തള്ളുന്ന ഭർത്താവിന്റെ കൂടെയിരുന്ന് ഈ സിനിമ കാണാനായത് എന്നെ സന്തോഷിപ്പിച്ചു. പാപ്പ ലോലിപോപ്പ് ചുണ്ടിൽ തേയ്ക്കുന്നത് ലൈംഗിക ചോദനകളുടെ അടയാളമാണെന്നു പോലും മനസ്സിലാകാത്ത ഒരച്ഛനായിരുന്നു എന്റെ കുഞ്ഞിന്റേത്.

അമുദവന്‍ കിടക്കയിൽ പാപ്പയുടെ ആർത്തവ രക്തം കാണുന്നൊരു സീനുണ്ട്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്ന അച്ഛൻ. പ്രേക്ഷകരെല്ലാം ഉജ്ജ്വലമെന്ന് പറഞ്ഞിട്ടുണ്ടാവും. മമ്മൂട്ടിയുടെ അഭിനത്തികവിനെ വാഴ്ത്തിയിട്ടുമുണ്ടാവും. ഒര്ചഛന്‍ നേരിടേണ്ടി വന്ന ദുരവസ്ഥ ഒരു അമ്മയ്ക്കായിരുന്നെങ്കിലോ? കഴിഞ്ഞ വർഷമാണ് അവന്റെ ചൂച്ചുവിനു ചുറ്റും മുടി വളരാന്‍ തുടങ്ങിയത്. അത് അവന്‍ കാണിച്ചു തന്നത് എനിക്കാണ്. ട്രൗസറൂരി എനിക്കു മുന്നിൽ നഗ്നനായി കിടന്ന് നോക്ക് അമ്മേ, മുടി വന്നു എന്ന് അവന്‍ അവ്യക്തമായ ഭാഷയിൽ വിളിച്ചു പറഞ്ഞു. മകന്‍ വളരാന്‍ പ്രാർത്ഥിച്ച അമ്മ തറഞ്ഞു നിന്നു പോയി.

ഇനിയെന്തു ചെയ്യും! അമ്മേ, വേദനിക്കുന്നു പൊടുന്നനേ പൂർണ വളർച്ചയെത്തിയ ലിംഗാഗ്രം ചുരുണ്ടു കയറി പോകുന്നത് ശരിയാക്കിത്തരാന്‍ പറഞ്ഞ ദിവസം ഞാനവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്റെ അച്ഛനോട് പറഞ്ഞപ്പോൾ അസ്വസ്ഥനായി ഇരുന്നിടത്തു നിന്ന് എണീറ്റു പോയി. ഒരിക്കൽ വളരെ യാദൃച്ഛികമായി അവന്റെ ചൂച്ചു കണ്ട ഒരു ബന്ധു പിന്നീട് ഫോൺ വിളിച്ചു പറഞ്ഞു. കടുക്ക പൊട്ടിച്ചിട്ട് തിളപ്പിച്ച വെള്ളം കൊടുക്കണം, ലൈംഗികമായ തോന്നലുകളില്ലാതിരിക്കാന്‍ അതു നല്ലതാണ്.

ഓരോ തവണ സ്കൂളിൽ ചെല്ലുമ്പോളും ടീച്ചർമാരോട് നാണമില്ലാതെ കെഞ്ചി പറഞ്ഞു. എന്റെ കുട്ടി പെൺകുട്ടികളോട് അരുതാത്തത് ചെയ്യുന്നുണ്ടോയെന്ന്, ആൺകുട്ടികൾ അവനോട് മോശമായി പെരുമാറുന്നുണ്ടോയെന്ന് ശ്രദ്ധിക്കണേ. അവർ എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് ആലോചിട്ടുണ്ടാവും. ഒരു ദിവസം ജോലി കഴിഞ്ഞു വന്നതും അവന്‍ പുറം കാണിച്ചു തന്നു പറഞ്ഞു. പിച്ചിയതാ നോക്കുമ്പോൾ നഖങ്ങളുടെ പാട് നീലിച്ചു കിടക്കുന്നു. കുട്ടിക്കാലത്തെ ഓർമ വെച്ച് കൂട്ടുകാരിയെ കെട്ടി പിടിച്ചതാണ്. എനിക്കാ കുട്ടിയെ കുറ്റപ്പെടുത്താന്‍ തോന്നിയില്ല. അവളും വലിയ കുട്ടിയായിട്ടുണ്ടാവും.

നമ്മൾ ചിന്തിക്കും അവർ സാധാരണ കുട്ടികളല്ലല്ലോ. അവർക്കൊന്നും ഇത്തരം ചിന്തകളോ ആഗ്രഹങ്ങളോ ഉണ്ടാവില്ലെന്ന്. ബുദ്ധിക്കോ, മാനസിക നിലയ്‌ക്കോ, ശാരീരികക്ഷമതയ്‌ക്കോ മാത്രമേ അവർക്ക് വൈകല്യമുണ്ടാവൂ. പിന്നീടെല്ലാം നമ്മളെപ്പോലെത്തന്നെയാണ്. ചെറുതാവുമ്പോൾ നോക്കാനായിരുന്നു ഏറ്റവും സുഖമെന്ന് മനസ്സിലാവുക വലുതാവുമ്പോഴാണ്. അവരുടെ സ്വാഭാവികമായ ആഗ്രഹങ്ങളെ മുറിവു പറ്റാതെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടലാണ് കഠിനം. എത്ര നാളുകളെടുക്കും അറിയില്ല.

അമുദവന്‍ വീണ്ടും പാപ്പയുടെ അമ്മയെത്തേടിച്ചെല്ലുമ്പോൾ അവരുടെ ഭർത്താവ് തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് പറയുന്നൊരു രംഗമുണ്ട്. പേരന്‍പിലെ ഏറ്റവും മഹത്തായ സീന്‍ എന്നു ഞാന്‍ പറയും. അവിടെയാണ് സംവിധായകന്റെ കഥയിലെ സൂക്ഷ്മപഠനം വെളിപ്പെടുന്നത്. ‘കുഞ്ഞ് നോർമലാണ്’, തങ്ങൾക്കുണ്ടായ കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അയാൾ പറയുന്നിടത്താണ് അമുദവന്‍ എന്ന അച്ഛന്‍ തോൽക്കുന്നത്, ഒറ്റപ്പെടുന്നത്. പാപ്പ എന്ന മകളുടെ അസാധരണത്വത്തിനു കാരണം അയാൾ മാത്രമാണ്, അല്ലെങ്കിൽ അയാളുടെ ജീനാണ് എന്നൊരു അർത്ഥം കൂടി അതിലുണ്ട്. അന്നു മുതൽ അയാൾ മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കണം. അസാധാരണ കുട്ടികളുള്ള എല്ലാ അച്ഛന്മമ്മമാരും എത്രയോ തവണ മനസ്സു കൊണ്ട് അമുദവനെപ്പോലെ ആ കൈയും പിടിച്ചു കടലിൽ ഇറങ്ങിയിട്ടുണ്ടാവണം. എത്രയോ തവണ മരിച്ചിട്ടുണ്ടാവണം.

പേരന്‍പ് ഒരു സിനിമയല്ല, ജീവിതമാണ്. പ്രേക്ഷകരെ നിങ്ങൾ കണ്ടതാണ് ഞങ്ങൾ. എല്ലാ ദൗർബല്യങ്ങളും വിവശതയുമുള്ള സാധാരണ അമ്മമാരും അച്ഛന്‍മാരും. ദയവായി ആ അമ്മയെ ക്രൂരയെന്ന് പറയാതിരിക്കുക.

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയം വിലയിരുത്താതിന് എന്നോട് ക്ഷമിച്ചേക്കുക. എനിക്കു മുന്നിൽ നടനങ്ങളുണ്ടായിരുന്നില്ല. ഞാന്‍ കണ്ടത് അമുദവനെന്ന അച്ഛനെയായിരുന്നു. പാപ്പയെന്ന മകളെയായിരുന്നു. മീരയെന്ന സ്നേഹമുള്ള സ്ത്രീയെയായിരുന്നു. പാപ്പ മീരയിൽ അമ്മയെ കണ്ടെത്തുമെന്ന് എന്റെ ഉറപ്പ്. കാരണം ഇവർക്ക് അമ്മയും അച്ഛനുമല്ല, അവരെ സ്നേഹിക്കുന്നവരാണ് അമ്മയും അച്ഛനും.

Loading...