ശബരിമല: ഹർജിക്കാരുടെ വാദം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ്; നിർണായകവാദം തുടരുന്നു

Loading...

ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിർണായക വിധിയ്ക്കെതിരെ നൽകിയ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികൾ തുടങ്ങി. റിവ്യൂ ഹർജികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കണമെന്നാണ് വാദം തുടങ്ങിയ ഉടൻ ചീഫ് ജസ്റ്റിസ് അഭിഭാഷകർക്ക് നിർദേശം നൽകിയത്.

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്‍റെ വാദം.

പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് അഡ്വ. പരാശരൻ ചൂണ്ടിക്കാട്ടിയത്. ഒന്ന് ശബരിമല വിധി തൊട്ടുകൂടായ്മയുടെ ഭാഗമല്ല. രണ്ട്, ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ല.

 • ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്നാണ് അഡ്വ. പരാശരൻ വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.
 • ഭരണഘടനയുടെ 15-ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്ന എൻഎസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്‍റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.
 • എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് – ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
 • യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിച്ചു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.
 • എന്നാൽ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു.
 • ഭരണഘടനാ ധാർമികത എന്തെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. അത് വളരെ എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്നതുമല്ല.
 • ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.
 • ഇപ്പോൾ ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയുടെ വാദം തുടങ്ങിയിരിക്കുകയാണ്.
 • നൈഷ്ഠികബ്രഹ്മചാരിയാണ് അയ്യപ്പന്‍റെ വിഗ്രഹമെന്ന് അഡ്വ. വി ഗിരി വാദിക്കുന്നു.
 • തന്ത്രിയാണ് വിഗ്രഹത്തിന്‍റെ പിതൃസ്ഥാനത്തുള്ളയാൾ. തന്ത്രിയ്ക്ക് അവകാശങ്ങളുണ്ടെന്നും ആരാധനാക്രമം തീരുമാനിക്കാൻ അവകാശമുണ്ടെന്നും വി ഗിരിയുടെ വാദം.
 • ആർത്തവമല്ല, വിഗ്രഹത്തിന്‍റെ പ്രത്യേകതയനുസരിച്ചാണ് ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത്.
 • സ്ത്രീകൾക്ക് പ്രായം അനുസരിച്ച് വിവേചനം ഏർപ്പെടുത്തുന്നത് ജാതിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ജാതിയല്ല, മറിച്ച് വിഗ്രഹത്തിന്‍റെ സ്വഭാവമനുസരിച്ചാണ് വിവേചനം ഏർപ്പെടുത്തുന്നത്. അതിനാൽ ഇതും തൊട്ടുകൂടായ്മയുമായി ബന്ധമില്ല.
 • വി. ഗിരിയുടെ വാദം അവസാനിച്ചു, പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി അഡ്വ. മനു അഭിഷേക് സിംഗ്‍വിയുടെ വാദം തുടങ്ങി.
 • നേരത്തേ ദേവസ്വംബോർഡിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് പറഞ്ഞ് മനു അഭിഷേക് സിംഗ്‍വിയെ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർത്തു.
 • താനൊരു വ്യക്തിക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് മനു അഭിഷേക് സിംഗ്‍വി.
 • നൈഷ്ഠികബ്രഹ്മചര്യം വിഗ്രഹത്തിന്‍റെ അവകാശമെന്ന് മനു അഭിഷേക് സിംഗ്‍വി.
 • വിഗ്രഹത്തിന്‍റെ പ്രത്യേകത കൊണ്ടു മാത്രമാണ് വിവേചനം. ഇതിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. ഇക്കാര്യം സിംഗ്‍വിയടക്കം മൂന്ന് അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.
 • നൈഷ്ഠികബ്രഹ്മചര്യം എന്നത് കണക്കിലെടുത്തത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമെന്ന് സിംഗ്‍വി.
 • ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ മതപരമായ അവകാശങ്ങൾ ചേർത്ത് മാത്രമേ വ്യാഖ്യാനിക്കാവൂ എന്നും സിംഗ്‍വി.
 • ഭരണകൂട ധാർമികതയെക്കുറിച്ച് സിംഗ്‍വിയും പരാമർശിക്കുന്നു. ഭരണകൂട ധാർമികത ആപേക്ഷികമെന്നും, എഴുതിവയ്ക്കപ്പെട്ടതല്ലെന്നും സിംഗ്‍വി.
 • ഹിന്ദു മതം പോലുള്ള വൈവിധ്യമാർന്ന ഒരു മതത്തിൽ പല ആചാരങ്ങളുണ്ടാകും. അതിന് ഏകസ്വഭാവം കൽപിക്കാനാകില്ല.
 • ശബരിമല സയൻസ് മ്യൂസിയമല്ല, വിശ്വാസമാണ്. അതിന്‍റെ ആചാരങ്ങളെക്കുറിച്ച് പറയേണ്ടത് വിശ്വാസികളാണെന്നും സിംഗ്‍വി.
 • ഇതുവരെയുള്ള വാദങ്ങളിലൊന്നും ആർത്തവം പോലുള്ള ജൈവപ്രക്രിയയെക്കുറിച്ച് ഒരു അഭിഭാഷകനും പരാമർശിക്കുന്നില്ല.
 • പുനഃപരിശോധനാഹർജികളുമായി ബന്ധപ്പെട്ട് നാലാമത്തെ അഭിഭാഷകന്‍റെ വാദം തുടങ്ങി. ബ്രാഹ്മണസഭയ്ക്ക് വേണ്ടി ശേഖർ നാഫഡെയുടെ വാദം സുപ്രീംകോടതിയിൽ നടക്കുന്നു.
 • ആക്റ്റിവിസ്റ്റുകൾക്ക് വിശ്വാസം തീരുമാനിക്കാനാകില്ലെന്ന് ബ്രാഹ്മണസഭ.
 • ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസമാണ് കോടതിവിധി വ്രണപ്പെടുത്തിയത്.
 • മതം വിശ്വാസത്തിന്‍റെ ഭാഗമാണ്. നൂറ്റാണ്ടുകളായി ശബരിമലയിൽ തുടരുന്ന ആചാരമാണ് കോടതി റദ്ദാക്കിയതെന്നതിന് രേഖകളുണ്ടെന്ന് ശേഖർ നാഫ്ഡെ.
 • തിരുവിതാംകൂർ ഹിന്ദു മതാചാരനിയമത്തിന്‍റെ ഫോട്ടോകോപ്പി കൈമാറാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അഡ്വ നാഫ്ഡേയോട് ആവശ്യപ്പെട്ടു.
 • അയ്യപ്പനെ ഒരു പ്രത്യേകരീതിയിൽ ആരാധിക്കണമെന്ന് കോടതിയ്ക്ക് വിശ്വാസികളോട് പറയാനാകില്ലെന്ന് നാഫ്ഡേ.
 • നാഫ്ഡേയുടെ വാദം പൂർത്തിയായി. അഡ്വ. വെങ്കട്ടരമണിയുടെ വാദം തുടങ്ങി.
 • ഒരു ആചാരത്തെ തള്ളിപ്പറഞ്ഞ് വിശ്വാസിക്ക് വിശ്വാസിയായി തുടരാനാകില്ലെന്ന് അഡ്വ. വെങ്കട്ടരമണി.
 • മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. വെങ്കട്ടരാമൻ വാദം തുടങ്ങി.
 • 1991-ൽ സ്ത്രീപ്രവേശനം വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിലെ വസ്തുതാപരമായ കാര്യങ്ങൾ നിലനിൽക്കുന്നു. അതിനാൽ ആ വിധിയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അഡ്വ. വെങ്കട്ടരാമൻ.
 • ഹർജിക്കാരിൽ നിന്ന് ഒന്നോ രണ്ടോ പേരെക്കൂടി മാത്രമേ കേൾക്കൂ എന്ന് ചീഫ് ജസ്റ്റിസ്.
 • വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതിയുടെ നിർദേശം.
 • ബിജെപി നേതാവ് രാധാകൃഷ്ണമേനോന് വേണ്ടി അഡ്വ. മോഹൻ പരാശരൻ വാദിക്കുന്നു.
 • ഇനി ദേവസ്വംബോർഡിന്‍റെയും സർക്കാരിന്‍റെയും വാദങ്ങൾ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ്.
 • അയ്യപ്പനെ ദർശിക്കാനെത്തുന്നവരിൽ പല മതവിഭാഗങ്ങളിലുള്ളവരുമുണ്ടെന്ന് അഡ്വ. മോഹൻ പരാശരൻ. പല മതങ്ങളിലുമുള്ളവർ വരുന്നത് കൊണ്ട് മാത്രം അയ്യപ്പഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കില്ല എന്ന് പറയുന്നത് തെറ്റ്.
 • മോഹൻ പരാശരന്‍റെ വാദം അവസാനിച്ചു. അഡ്വ. ഗോപാൽ ശങ്കരനാരായണന്‍റെ വാദം തുടങ്ങി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം