ഷുക്കൂർകേസ് വിചാരണ എറണാകുളത്തെ സിബിഐ കോടതിയിൽ വേണമെന്ന് സിബിഐ

Loading...

തലശേരി : ഷുക്കൂർകേസ് വിചാരണ എറണാകുളത്തെ സിബിഐ കോടതിയിൽ വേണമെന്ന് സിബിഐ. നിയമാനുസൃതമുള്ള ഏത് കോടതിയിൽ വിചാരണ നടത്തുന്നതിലും എതിർപ്പില്ലെന്ന് പ്രതിഭാഗം. ഷുക്കൂർ കേസ് വ്യാഴാഴ‌്ച ജില്ലാ സെഷൻസ് ജഡ‌്‌ജി ടി ഇന്ദിര പരിഗണിച്ചപ്പോഴാണ് സിബിഐ കോടതിയിൽ വിചാരണ വേണമെന്ന ആവശ്യം സിബിഐ പ്രോസിക്യൂട്ടർ ഉന്നയിച്ചത്.

വാദത്തിനിടെ വാക്കാൽ പരാമർശിച്ചതല്ല്ലാതെ, ഹർജി സമർപ്പിച്ചില്ല.തലശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ സിബിഐ കോടതിയാണ് നിർദേശിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ വിശ്വൻ ബോധിപ്പിച്ചു.

സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ തലശേരി സെഷൻസ്‌ കോടതിയിൽ വിചാരണ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എറണാകുളം സിബിഐ കോടതിയിലേക്ക് കേസ് മാറ്റുന്നതിന് സിബിഐ നേരത്തെ സമർപ്പിച്ച ഹർജി തലശേരി കോടതി തള്ളിയതാണ്.

കോടതി അനുബന്ധ കുറ്റപത്രം സ്വീകരിക്കുകയും നടപടി തുടങ്ങുകയും ചെയ്തു. തുടർനടപടിക്ക് അധികാരമില്ലെങ്കിൽ എന്തിന് കുറ്റപത്രം ഇവിടെ സമർപ്പിച്ചെന്ന‌് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. സിബിഐ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ് എംഎൽഎ എന്നിവർക്കതിരെ ഗൂഢാലോചനക്കുറ്റമായ 120ബി വകുപ്പ് ചേർക്കുക മാത്രമാണ് അനുബന്ധ കുറ്റപത്രത്തിൽ ചെയ്തതെന്നും സിബിഐ പ്രോസിക്യുട്ടർ ബോധിപ്പിച്ചു.

ടി വി രാജേഷ് എംഎൽഎ ഉൾപ്പെടെ 29പേർ  ഹാജരായി. പി ജയരാജനും പതിനെട്ടാം പ്രതി നവീനും അവധിക്ക‌് അപേക്ഷിച്ചു. ഇരുപതാം പ്രതി മരണപ്പെട്ടിരുന്നു. വിടുതൽ ഹർജിയിൽ ആക്ഷേപം ബോധിപ്പിക്കാൻ സിബിഐ സമയം ആവശ്യപ്പെട്ടു. കേസ‌് 19ലേക്ക് മാറ്റി.

 

Loading...