കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍

Loading...

കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. എറണാകുളം നെട്ടൂരിലാണ് സംഭവം. കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത ചതുപ്പ് പ്രദേശമാണിത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ജൂണ്‍ രണ്ടാം തിയ്യതി മുതല്‍ അര്‍ജു(20)നെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, പനങ്ങാട് പൊലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്ത് വിടുകയാണുണ്ടായത്. ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ഇതോടെ കേസന്വേഷണം ആരംഭിക്കുകയും പൊലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു.

Loading...