ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി

Loading...

കോഴിക്കോട് : ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശിനി സുലൈഖയുടെ മൃതദേഹം ഖബറടക്കി. കണ്ണപറമ്പ് ഖബർസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം ബന്ധുക്കളും ഉദ്യോഗസ്ഥരും അടക്കം ഏഴ് പേരാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്.

ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് മാവൂരില്‍ മൃതദേഹം സംസ്കരിക്കാനുള്ള പരിശോധനകൾ നടത്തിയിരുന്നെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് പാറമ്മൽ പള്ളിയിൽ സംസ്കരിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തി.

പാറയുള്ളതിനാൽ ആഴത്തിൽ കുഴിയെടുക്കാൻ സാധിക്കില്ലെന്നും, പ്രദേശം ജനവാസ മേഖലയാണെന്നും കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കണ്ണപറമ്പിൽ തന്നെ ഖബറടക്കുകയായിരുന്നു. മുൻപ് കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിച്ചതിന് സമീപം തന്നെയാണ് സുലൈഖയുടെ മൃതദേഹവും ഖബറടക്കിയത്.

ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായ സുലൈഖയുടെ മരണം ഇന്നലെ സന്ധ്യയോടെയായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇരുവരും ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലായിരുന്നു.

വിദേശത്ത് നിന്നും നാട്ടിലെത്തിയതിന് ശേഷം രണ്ട് ദിവസം സുലേഖയും ഭര്‍ത്താവും  കോഴിക്കോടെ ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്‍റീനില്‍ കഴിഞ്ഞു.

പിന്നീട് 22 ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും സുലേഖയെ വീട്ടിലേക്ക് വിട്ടു.

എന്നാല്‍ 25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് വീണ്ടും ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ആരോഗ്യനിലഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം