‘താടിയാണ് മതം, താടിയാണ് സ്‌നേഹം’ ; താടി തലവന്‍റെ മിന്നുകെട്ട് ആഘോഷമാക്കി താടിക്കാര്‍

Loading...

ചെറുതോണി: താടിക്കാരുടെ സമ്മേളനമായി മാറി ഇടുക്കിയിലൊരു കല്ല്യാണവേദി. ചെറുതും വലുതുമായ പലതരം താടികള്‍ ഒന്നിച്ച്‌ ഒരു വേദി പങ്കിട്ടപ്പോള്‍ നാട്ടുകാര്‍ക്കും അത്ഭുതം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ താടിക്കാരെല്ലാം ഇടുക്കിയില്‍ ഒരു കല്ല്യാണത്തിന് ഒത്തുചേരുകയായിരുന്നു.

‘താടിയാണ് മതം, താടിയാണ് സ്‌നേഹം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 14 ജില്ലകളില്‍ നിന്നും താടിക്കാര്‍ ഒത്തു കൂടിയപ്പോള്‍ കല്ല്യാണവും പൊടിപൊടിച്ചു. താടിക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള ബിയേഡ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റിന്റെ വിവാഹത്തിനാണു നൂറോളം താടിക്കാര്‍ ഒത്തു കൂടിയത്. കൂടുതലും നീളന്‍ താടിക്കാരായിരുന്നു.

തൊടുപുഴ കാഞ്ഞിരമറ്റത്ത് വര്‍ക് ഷോപ്പ് നടത്തുന്ന ശശി നിവാസില്‍ രവി ജയറാമിന്റെ വിവാഹത്തിനാണ് കൗതുകം നിറഞ്ഞ ഈ താടി പ്രദര്‍ശനം നടന്നത്. പതിനാറാംകണ്ടത്തെ ക്രിസ്തുരാജ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു വിവാഹം. താഴെ പതിനാറാംകണ്ടത്ത് ചടയംമാക്കല്‍ ഗോപിയുടെയും രാജമ്മയുടെയും മകള്‍ രമ്യയാണ് രവിയുടെ വധു.

കേരളത്തില്‍ ബിയേഡ് സൊസൈറ്റിക്ക് ആയിരത്തോളം അംഗങ്ങള്‍ ഉണ്ട്. നോ ഷേവ് നവംബര്‍ ക്യാംപെയിന്റെ ഭാഗമായി താടിക്കാരുടെ അടുത്ത കൂട്ടായ്മ 30ന് തലശ്ശേരിയില്‍ നടക്കുന്നതാണ് ഇവരുടെ അടുത്ത ഒത്തുചേരല്‍. സാമൂഹിക സേവനമാണ് ലക്ഷ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം