ഈ വർഷം ഡിസംബർ 31 വരെ ജപ്തി നടപടികൾ ഉൾപ്പെടെ നിർത്തിവെക്കുമെന്നും ബാങ്കുകൾ സർക്കാരിന് ഉറപ്പു നൽകി

Loading...

കർഷകരുടെ കാർഷികേതര വായ്പകൾക്ക് ഉൾപ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ തീരുമാനം ബാങ്കേഴ്സ് സമിതി തത്വത്തിൽ അംഗീകരിച്ചു. ഈ വർഷം ഡിസംബർ 31 വരെ ജപ്തി നടപടികൾ ഉൾപ്പെടെ നിർത്തിവെക്കുമെന്നും ബാങ്കുകൾ സർക്കാരിന് ഉറപ്പു നൽകി. കൃഷിമന്ത്രി വി എസ് സുനിൽകുമാർ നാളെ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തും.

സംസ്ഥാനത്ത് കൂട്ട കർഷക ആത്മഹത്യകൾ ഉണ്ടായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം മൊറട്ടോറിയം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.  സർക്കാർ പ്രഖ്യാപിച്ച ആശ്വാസ നടപടികളോട് അനുകൂലമായ സമീപനമാണ് ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി സ്വീകരിച്ചത്.

അടുത്ത ഒരു വർഷത്തേയ്ക്ക് കാർഷിക, കാർഷികേതര വായ്പകളിൽ സർഫാസി നിയമം ചുമത്തി ജപ്‍തി നടപടികൾ ഉണ്ടാകില്ല. കടാശ്വാസ കമ്മീഷൻ പരിധിയിൽ വാണിജ്യ- പൊതുമേഖലാ ബാങ്കുകളെ കൊണ്ടുവരണമെന്ന സർക്കാർ നിർദേശത്തോടും ബാങ്കുകൾ അനുകൂലമായാണ് പ്രതികരിച്ചതെന്ന് യോഗശേഷം മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

നിലവിലെ തീരുമാനങ്ങൾ റിസർവ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാകൂ. ഈ മാസം 12-ന് ആർബിഐ ഉദ്യോഗസ്ഥരുമായുള്ള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൂടിക്കാഴ്ചയിൽ
ഈ വിഷയങ്ങളും ചർച്ചയാകും. അതിനിടെ, നാളെ ഇടുക്കി ജില്ലയിൽ കൃഷിമന്ത്രി സന്ദർശനം നടത്തും. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കുന്നുണ്ട്.

കാർഷിക വായ്പയുടെ മൊറട്ടോറിയം പരിധി കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ഉയർത്തിയിരുന്നു. ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിസഭായോഗ പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ദീര്‍ഘകാല വിളകള്‍ക്ക് പുതിയതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒന്‍പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. വായ്പയെടുക്കുന്ന കാലയളവു മുതല്‍ ഒരു വര്‍ഷത്തേക്ക് നല്‍കാനാണ് തീരുമാനം.

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. വാണിജ്യ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കാന്‍ കൃഷി, ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തിയിരുന്നു. പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടപരിഹാരത്തിന് 85 കോടി ഉടന്‍ അനുവദിക്കും. ഇതില്‍ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ രാഷ്ട്രീയം തീ പാറുന്ന തെരഞ്ഞെടുപ്പ് അങ്കത്തിന് വേദിയാകും വീഡിയോ കാണാം ……… https://youtu.be/z–Ii0uZLyo

Loading...