എഎന്‍ ഷംസീറിനും പിപി ദിവ്യക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കാന്‍ ആവശ്യം

Loading...

shamseer - divyaകണ്ണൂര്‍: തലശ്ശേരിയില്‍ അറസ്റ്റ് ചെയ്ത ദലിത് പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കുമെതിരെ പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിമാക്കുലിലെ ദലിത് കുടുംബം പൊലീസിനെ സമീപിക്കുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് അഖിലയുടെയും അഞ്ജനയുടെയും അച്ഛനും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ അറസ്റ്റിനു ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പിപി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക. അറസ്റ്റിനേക്കാള്‍ തങ്ങളെ വേദനിപ്പിച്ചതും നേതാക്കളുടെയും അനുഭാവികളുടെയും വ്യാജ പ്രചാരണങ്ങളാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഷംസീര്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പി ജയരാജനും എഎന്‍ ഷംസീറിനും ദിവ്യക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം കണ്ണൂരിലുണ്ടാവുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ദലിത് യുവതികളെ അപമാനിക്കുന്ന തരത്തിലാണ് ദിവ്യയുടെ പരാമര്‍ശമെന്നു ബിന്ദുകൃഷ്ണ പറഞ്ഞു. അതേസമയം, ദിവ്യയുടെ ആക്ഷേപത്തില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അഞ്ജനയുടെ സഹോദരി അഖിലയുടെ ആരോപണം.

സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചുവന്ന കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്‍ രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

Loading...