ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കണം; കേന്ദ്രത്തിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി

Loading...

കൊച്ചി: സോഷ്യല്‍ മീഡിയയിലെ വിഡിയോ ആപ്പിക്കേഷനായ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. സമാനമായ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് കരട് നിയമം തയ്യാറാക്കി വരികയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

മൂന്നാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം.
ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗലൂരുവില്‍ നിയമവിദ്യാര്‍ത്ഥിയും കോഴിക്കോട് തിരുമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്നനും ഹര്‍ജിയില്‍ പറയുന്നു. 2013 ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തില്‍ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനമെന്നും സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പോലീസ് മേധാവി, സൈബര്‍ ഡോം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നാഴ്ച കഴിഞ്ഞ് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം