Categories
entevartha

ജീവിതത്തെ വരട്ടുരീതിയിൽ കണ്ടിരുന്നില്ല ടീയെൻ ജോയി; ആ കത്ത്‌ പോലും രാഷ്ട്രീയ പ്രവർത്തനമായിരുന്നു, കെ ടി കുഞ്ഞിക്കണ്ണൻ ജോയിയെ ഓർക്കുന്നു

സത്യസന്ധനായിരുന്നു അദ്ദേഹം. എം എൽ രാഷ്ട്രീയം ഉയർത്തിയ സാമൂഹ്യമായ വിഷയങ്ങളെയാണ് ജോയി പിന്തുണച്ചത്. ദീർഘ കാലം സി പി എമ്മിന്റെ സഹചാരിയുമായിരുന്നു

Spread the love

രാഷ്ട്രീയ പ്രവർത്തനത്തെ സർഗാത്മകമായി കണ്ടിരുന്ന സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം ഓർമ്മയായി മാറിയ ടി എൻ ജോയി . കേരളീയ സമൂഹത്തിൽ നിന്നുയർന്ന പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും ഒറ്റയാനായി അദ്ദേഹമുണ്ടായിരുന്നു . ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച തീവ്ര ഇടതു രാഷ്ട്രീയത്തിന്റെ മുൻ നിര നേതാവായിരുന്നു ജോയി. അതെ രാഷ്ട്രീയ വഴികളിലൂടെ സഞ്ചരിച്ച സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന കെ ടി കുഞ്ഞിക്കണ്ണൻ ടി എൻ ജോയിയെ ഓർത്തെടുക്കുകയാണ് ഈ സംഭാഷണത്തിൽ

Image result for t n joy

തീവ്ര നക്സലേറ്റ് ആയിരുന്ന ടീയെൻ ജോയി

കെ ടി കുഞ്ഞിക്കണ്ണൻ  :     ” ടി എൻ ജോയ് ഒന്നാം തലമുറ നക്സൽ പ്രസ്ഥാനത്തിന്റെ തുടർച്ചയ്ക്കു ശേഷമുള്ള മൂവ്മെന്റിന്റെ ഏകോപനത്തിനായി മുൻകയ്യെടുത്ത ഒരു തലമുറയിലെ പ്രധാനപ്പെട്ട പ്രതിനിധി ആയിരുന്നു. 1967 ലെ നക്സൽബാരി കലാപത്തെ തുടർന്നാണ് തലശേരി, പുൽപള്ളി പോലീസ് സ്റ്റേഷൻ ആക്രമണവും കോങ്ങാട് ,കിളിമാനൂർ എന്നിവിടങ്ങളിലെ ഉന്മൂലന സമരവുമൊക്കെ നടക്കുന്നത്. സ്റ്റേഷൻ ആക്രമണം പോലെയുള്ള സമരങ്ങളുടെ ഒക്കെ ഭാഗമായി കേരളത്തിലെ നക്സലേറ്റ് പ്രസ്ഥാനം ശിഥിലമായി.അതിനു നേതൃത്വം നൽകിയവർ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തു. ജനങ്ങൾക്കിടയിൽ ഇതൊരു ഭീകര പ്രസ്ഥാനമാണ് എന്നുള്ള ഒരു അഭിപ്രായം മനോരമ ഉൾപ്പടെയുള്ള പത്രങ്ങൾ നടത്തിയ ക്യാമ്പയിനുകളുടെ യെല്ലാം ഫലമായി ശിഥിലമായ പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലെ നേതൃനിരയിലാണ് ടി എൻ ജോയ് കടന്നുവരുന്നത്.  അന്ന് കെ വേണു ഉൾപ്പടെയുള്ളവർ ജയിലിലായിരുന്നു. ഒന്നാം തലമുറയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ജയിലിലായിരുന്നു.  ആ ഘട്ടത്തിലാണ് തൃശൂരിലെയും ഏറണാകുളത്തെയും പ്രത്യേകിച്ച് മഹാരാജാസ് കോളേജിലെയും സെന്റ് തോമസ്സിലെയും കേരളവർമ്മയിലെയുമെല്ലാം വിദ്യാർത്ഥികളായ ചിലരും പൊതുവെ എം എൽ രാഷ്ട്രീയത്തോട് തല്പരരായ ആളുകളുമെല്ലാം ചേർന്ന് തൃശൂർ-എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട കോ ഓർഡിനേഷൻ ഉത്തരവാദിത്തം ടി എൻ ജോയിക്കായിരുന്നു.

Image result for k t kunjikkannan

കോഴിക്കോട്ടും പിന്നെ മണിയൂരിലെയും നക്സൽ പ്രസ്ഥാനവും ജോയിയും

പുതുതായി രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവിടെയും ഇവിടെയും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ആളുകളെ യൊക്കെത്തന്നെ യോജിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. അതിന്റെ ഭാഗമായി അദ്ദേഹം കോഴിക്കോട് ജില്ലയിലേക്കും വന്നിരുന്നു. പയ്യോളിയിലെ രവി മാഷ് ഉൾപ്പെടെയുള്ളവരുമായി ചേർന്ന് മടപ്പള്ളി കോളേജിൽ പോയി വി സി ശ്രീജനെയും സോമശേഖരനെയും പോലുള്ള ആളുകളുമായി ബന്ധപ്പെടുകയും ചെയ്തു. 73 കാലത്താണത്. ഇവരെല്ലാം ഒരുമിച്ചു കൊണ്ടാണ് അന്ന് ആദ്യത്തെ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. ഈ പ്രവർത്തനങ്ങളുടെ സംഘടനാ പരമായ ഏകോപനവും അതിന്റെ സൈദ്ധാന്തികമായൊരു നേതൃത്വവുമൊക്കെയായി പ്രവർത്തിച്ചത് ടി എൻ ജോയി ആണ്.

ആ സമയത്താണ് മണിയൂർ പോലെയുള്ള പ്രദേശങ്ങളിലും അദ്ദേഹത്തിന് ബന്ധങ്ങളുണ്ടാവുന്നത്. ‘മാസ്‌ലൈൻ ‘എന്ന പേരിൽ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി കെ എൻ രാമചന്ദ്രൻ എഡിറ്ററായ ഒരു പ്രസിദ്ധീകരണം ഞങ്ങളുടെ പ്രദേശത്തും കിട്ടിയിരുന്നു. ചൈനീസ് സാഹിത്യമൊക്കെയാണ് മലയാളത്തിലാക്കി അതിൽ കൂടുതലും പ്രസിദ്ധീകരിച്ചിരുന്നത്. ആ കാലത്ത് നക്സലേറ്റ് സാഹിത്യം വായിക്കുന്ന കുറെ ആളുകൾ മണിയൂരിലുണ്ടായിരുന്നു.കെ എസ് വൈ എഫുമായി അതായത് സിപിഎമ്മുമായി ബന്ധപ്പെട്ടവരാണവർ. അവർക്ക് നക്സൽ അനുഭാവവും ഉണ്ടായിരുന്നു. കിട്ടാവുന്ന പ്രസിദ്ധീകരണങ്ങളൊക്കെ ഞങ്ങളും ആ കാലത്തു വായിച്ചു.

നേരത്തെ സൂചിപ്പിച്ച സംഘടനാ പ്രവർത്തനങ്ങളുടെയെല്ലാം ഭാഗമായി ടി എൻ ജോയി അണ്ടർ ഗ്രൗണ്ടിലായിരുന്നു. ബെന്നി എന്ന പേരിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. മണിയൂരിൽ താമസിക്കുകയും ചെയ്തിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ മുന്നൊരുക്കങ്ങൾ പ്ലാൻ ചെയ്തത് കെ വേണു അടക്കമുള്ള ആളുകളായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ വേണു സംഘടനക്കുള്ളിൽ പരസ്യമായി നേതൃത്വം ഏറ്റെടുത്ത ഘട്ടമായിരുന്നു അത്. സ്റ്റേഷൻ ആക്രമണം പ്ലാൻ ചെയ്യുന്നതിന്റെയെല്ലാം കോ ഓർഡിനേഷൻ പ്രവർത്തനങ്ങൾ ജോയി ആയിരുന്നു നിർവഹിച്ചത്. പക്ഷെ നേരിട്ട് പങ്കെടുത്തിരുന്നില്ല.

Image result for k n ramachandran

കെ എൻ രാമചന്ദ്രന്റെയും ജോയിയുടെയും അറസ്റ്റും മർദ്ദനവും

അതിനിടയിലാണ് മറ്റൊരു നേതാവായ കെ എൻ രാമചന്ദ്രൻ ഡാൽമിയ വധ ഗൂഡാലോചന കേസിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെടുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായി ടി എൻ ജോയി അറസ്റ് ചെയ്യപ്പെട്ടു. ശാസ്തമംഗലം കോൺസൻട്രേഷൻ ക്യാമ്പിൽ മാസങ്ങളോളം കഴിഞ്ഞു.ഭീകരമായ മർദ്ദനത്തിന് വിധേയനായി.ചങ്ങലക്കിട്ടാണ് ജോയിയേയും മറ്റുള്ളവരെയും ഒൻപത് മാസം തടവിൽ പാർപ്പിച്ചത്. ജോയി പിന്നീട് പുറത്തു വന്ന ഘട്ടത്തിലാണ് എറണാകുളത്തെ കുമ്പളങ്ങി ഉന്മൂലന സംഭവം നടക്കുന്നത്. ആ കേസിലാണ് ജോയി പ്രധാനമായും പ്രതി ആയത്. അതിൽ ശിക്ഷിക്കപ്പെട്ടു. പിന്നീട് അപ്പീലിൽ രക്ഷപ്പെടുകയുണ്ടായി.

എം എൽ പ്രസ്ഥാനം വിട്ടുപോയ ടീയെൻ ജോയി

അടിയന്തരാവസ്ഥാ തടവ് കഴിഞ്ഞു പുറത്തു വന്നപ്പോൾ പിന്നെ എം എൽ പാർട്ടിയിൽ ജോയി നിന്നില്ല. ഞങ്ങളൊക്കെ സംഘടനാ രംഗത്തേക്ക് വരുന്ന ഘട്ടത്തിൽ ജോയി ഇല്ല. തടവിലെ മർദ്ദനങ്ങളുടെ മുന്നിൽ അദ്ദേഹം കുറച്ചു ചാഞ്ചാടിപോയിരുന്നു. അതുകൊണ്ട് തന്നെ സംഘടനാ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ധാർമികമായി ശരിയല്ല എന്ന നിലപാട് ഉണ്ടായിരുന്നു ജോയിക്ക്. അത്രയും ഉത്തരവാദിത്ത പൂർണമായാണ് അയാൾ എം എൽ പാർട്ടിയെ കണ്ടിരുന്നത്. ഒപ്പം തന്നെ ഇങ്ങനെ ഒറ്റപ്പെട്ട തീവ്ര സംഘടനയ്ക്ക് പ്രസക്തിയില്ല എന്ന് രാഷ്ട്രീയമായും ചിന്തിച്ചിരുന്നു. പഴയ എം എൽ പ്രസ്ഥാനത്തോട് വിമർശനാത്മക സമീപനമായിരുന്നു.

ആ ഘട്ടത്തിലാണ് കോങ്ങാട് കേസിലെ രാവുണ്ണിയേട്ടനടക്കമുള്ളവരെ പതിനാലു വർഷമായിട്ടും വിട്ടയക്കാത്തതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പുതിയൊരു മൂവ്മെന്റ് ഉണ്ടാവുന്നത്.ആ പ്രതിഷേധത്തിലൂടെയാണ് ജോയി പിന്നീട് എം എൽ പ്രസ്ഥാനവുമായി നേരിട്ട് ബന്ധപ്പെടുന്നത്. പുതിയ രീതിയിൽ ഉണ്ടാവുന്ന എല്ലാ മൂവ്മെന്റുകളെയും സന്തോഷത്തോടെ കാണുകയും അതിന്റെയെല്ലാം ഭാഗമാവുകയും ചെയ്തിരുന്നു.

വ്യവസ്ഥയുമായി കലഹിച്ചു, പ്രക്ഷോഭങ്ങളിൽ ഒപ്പം നിന്നു

വളരെ വ്യത്യസ്തമായി, സിസ്റ്റവുമായി ഒരു തരത്തിലും സന്ധി ചെയ്യാതെ സ്വതന്ത്രമായ വീക്ഷണത്തോടെ ജോയി നിലകൊണ്ടു. സമൂഹത്തിലെ എല്ലാ വിഭാഗം ആൾക്കാരുടെയും പ്രക്ഷോഭങ്ങളിൽ ഒപ്പം നിന്നു . അടിയന്തരാവസ്ഥ കാലത്തെ ഇച്ഛാശക്തിയോടെ പ്രതിരോധിച്ചു. എന്നാൽ തന്റെ അനുഭവങ്ങളും ത്യാഗങ്ങളും മൂലധനമാക്കി കൊണ്ട് നടന്നില്ല എന്നതും ജോയിയുടെ പ്രത്യേകതയാണ്. സത്യസന്ധനായിരുന്നു അദ്ദേഹം. എം എൽ രാഷ്ട്രീയം ഉയർത്തിയ സാമൂഹ്യമായ വിഷയങ്ങളെയാണ് ജോയി പിന്തുണച്ചത്. ദീർഘ കാലം സി പി എമ്മിന്റെ സഹചാരിയുമായിരുന്നു. എം എ ബേബി, തോമസ് ഐസക് എന്നിവരുമായൊക്കെ നല്ല ബന്ധമായിരുന്നു. ആർ എസ് എസിനെതിരായ ഫൈറ്റിൽ പരസ്യമായി സിപിഎമ്മിനൊപ്പം വേദികളിൽ വന്നു. ന്യുനപക്ഷങ്ങൾക്കെതിരായ സംഘപരിവാറിന്റെ കടന്നാക്രമണങ്ങളെ എതിർത്തു. അതിന്റെ ഭാഗമായാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. അല്ലാതെ ആത്മീയാന്വേഷണത്തിന്റെ ഭാഗമായിരുന്നില്ല. രാഷ്ട്രീയ പ്രതികരണമായിരുന്നു അത്.

ആ കത്ത് പോലും രാഷ്ട്രീയമായിരുന്നു, വിവാദം അനാവശ്യവും

ജോയിയുടെ സംസ്കാരം സംബന്ധിച്ചു കൊടുങ്ങല്ലൂരിലുണ്ടായ വിവാദം ദുഖകരമാണ്. സംസ്കാരം പള്ളിയിൽ നടത്തണമെന്ന ആവശ്യം എസ് ഡി പി ഐ പോലുള്ള ചില സംഘടനകളും പറ്റില്ലെന്ന് ബന്ധുക്കളുമെല്ലാം ഉയർത്തിയതിന്റെ ഭാഗമായി അനാവശ്യ വിവാദങ്ങളാണുണ്ടായത്. ചേരമാൻ പള്ളിയിലെ മൗലവിക്ക് കത്തെഴുതിയിരുന്നു എന്നതൊക്കെ ശരി തന്നെ . ആ കത്ത് പോലും അയാളുടെ വ്യക്തിപരമായ ആവശ്യമായിട്ടായിരുന്നില്ല കാണേണ്ടിയിരുന്നത്. അതയാളുടെ ഒരു പൊളിറ്റിക്കൽ ഫിലോസഫി ആണ്. അനാവശ്യ തർക്കങ്ങളായിരുന്നു കൊടുങ്ങല്ലൂരിലുണ്ടായത്.

Image result for t n joy

ജീവിതത്തെ വരട്ടുരീതിയിൽ കണ്ടില്ല, പ്രസന്നമായിരുന്നു എപ്പോഴും

വ്യക്തിപരമായി നല്ല ബന്ധമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ. ഞാൻ സി പി എമ്മിലേക്ക് ചേർന്നതിനെയൊക്കെ അനുകൂലിച്ചിരുന്നു. നിരന്തരമായി കൊടുങ്ങല്ലൂരിലെ സൂര്യകാന്തിയിൽ പോകാറുണ്ടായിരുന്നു ഞാൻ. ജീവിതത്തെ ഒരു വരട്ടു രീതിയിൽ കണ്ട ആളായിരുന്നില്ല ടി എൻ ജോയി. നല്ല ഭക്ഷണം കഴിക്കണം , നല്ല വസ്ത്രം ധരിക്കണം നന്നായി ജീവിക്കണം എന്നൊക്കെ പറഞ്ഞിരുന്ന ആൾ. നക്സലേറ്റുകൾക്കു പൊതുവെ ഉണ്ടായിരുന്ന ശീലങ്ങൾ, താടിയും മുടിയും നീട്ടലോ സാമൂഹ്യമായ ഉൽക്കണ്ഠകളെ ബാഹ്യമായി പ്രകടിപ്പിക്കലോ തുടങ്ങിയവയെ ജോയി അനുകൂലിച്ചിരുന്നില്ല. എപ്പോഴും പ്രസന്നമായിരിക്കണം എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. “

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv