അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിയും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രം ‘അയ്യപ്പനും കോശിയും’

Loading...

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അനാര്‍ക്കലി’. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വി-ബിജു കൂട്ടുകെട്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോളിതാ നാലു വര്‍ഷത്തിനിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അതും സച്ചിയുടെ തന്നെ ചിത്രത്തില്‍.

അയ്യപ്പനും കോശിയും എന്നാണ് പുതിയ ചിത്രത്തിന്റെ പേരെന്നാണ് വിവരം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം പുതിയ സിനിമകളുടെ തിരക്കുകളിലാണ് പൃഥ്വിരാജും ബിജുമേനോനും ഉളളത്. ലൂസിഫര്‍ സംവിധാനം ചെയ്ത ശേഷം ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിയുളളത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

നയനാണ് തിയേറ്ററില്‍ എത്താനിരിക്കുന്ന പൃഥ്വിയുടെ പുതിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മാര്‍ച്ച് അവസാനം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

Loading...