സമര നായകന്‍ സുരേഷിന്‍റെതുള്‍പ്പെടെ വയല്‍ ഭൂമിക്ക് വിട്ടുനല്‍കി; ഒടുവിൽ കീഴാറ്റൂർ വയൽക്കിളികൾ കീഴടങ്ങി

Loading...

കണ്ണൂര്‍ :  സമര നായകന്‍ സുരേഷിന്‍റെ അമ്മയും ഭാര്യയും  ഉള്‍പ്പെടെ  വയല്‍ ഭൂമിക്ക് വിട്ടുനല്‍കി . കേരളത്തിലെ പാരിസ്ഥിതിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കീഴാറ്റൂർ വയൽക്കിളി സമരം അവസാനിച്ചു. ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക തഹസിൽദാർ മുൻപാകെ ഭൂമിയുടെ രേഖകൾ വയൽക്കിളി പ്രവർത്തകർ കഴിഞ്ഞ ദിവസം സമർപ്പിച്ചതോടെയാണ് സമരത്തിന് പര്യവസാനമായത്.

ഭൂമി ഏറ്റെടുക്കലിന്‍റെഭാഗമായുള്ള 3ജി നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ ഭൂമി വിട്ടുകൊടുക്കലല്ലാതെ മറ്റൊരു മാർഗവും വയൽക്കിളികൾക്കു മുന്നിൽ ഉണ്ടായിരുന്നില്ല.

ബി ജെ പിയും കേന്ദ്രസർക്കാരും സഹായിച്ചേക്കുമെന്ന വയൽക്കിളികളുടെ പ്രതീക്ഷ 3ജി  നോട്ടിഫിക്കേഷൻ വന്നതോടെ അസ്തമിച്ചിരുന്നു. ഡിസംബർ 30 ന് കീഴാറ്റൂർ സമര ഐക്യദാർഡ്യ സമിതി ‘പരിസ്ഥിതി കേരളം കീഴാറ്റൂർ വയൽ പിടിച്ചെടുക്കുന്നു ‘ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇതായിരുന്നു കീഴാറ്റൂർ വയൽക്കിളികളുടെ അവസാനത്തെ സമര പരിപാടി. ജനുവരി 11 ആയിരുന്നു രേഖകൾ സമർപ്പിക്കാനുള്ള ആദ്യ തീയ്യതി. അന്നേ ദിവസം രേഖകൾ സമർപ്പിക്കാൻ തയ്യാറാകാത്ത വയൽക്കിളി പ്രവർത്തകർ ജനുവരി മാസം ഒടുവിലായപ്പോഴേക്കും കീഴടങ്ങി.

സുരേഷ് കീഴാറ്റൂരിന്റെയും നമ്പ്രാടത്ത് ജാനകിയമ്മയുടെയും നേതൃത്വത്തിൽ സിപിഐഎം  അംഗങ്ങളും അനുഭാവികളും കീഴാറ്റൂർ എന്ന പാർടി ഗ്രാമത്തിൽ ആരംഭിച്ച വയൽ സംരക്ഷണ സമരം സിപിഐമ്മിനും സംസ്ഥാന സർക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

വികസനവും പരിസ്ഥിതിയും സംബന്ധിച്ചുള്ള ചർച്ചകളെ ഏറെ സജീവമാക്കി കീഴാറ്റൂർ സമരം. സമരത്തിന്റെ ഒരു ഘട്ടത്തിൽ എത്തിയ ബിജെപി സമരം മുന്നോട്ടുവച്ച പാരിസ്ഥിതിക  ചർച്ചകളെ പൂർണമായും രാഷ്ട്രീയ ചർച്ചകളാക്കി പരിവർത്തനം ചെയ്തു.

എന്നാൽ സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ കേന്ദ്ര സർക്കാരിന് മറിച്ചൊരു തീരുമാനത്തിലേക്കും നീങ്ങാനായില്ല. സംസ്ഥാന ബി.ജെ.പിയിലും ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ സമരത്തിന് ഉണ്ടായിരുന്നുള്ളൂ.

കീഴാറ്റൂർ സമരം അവസാനിച്ചു എങ്കിലും അത് മുന്നോട്ടു വച്ച പാരിസ്ഥിതിക ചർച്ചകൾ തുടരുക തന്നെ ചെയ്യും. വികസനത്തിന്റെ പരിധികൾ സംബന്ധിച്ചും അനുദിനം ഇല്ലാതാകുന്ന തണ്ണീർത്തങ്ങളെ കുറിച്ചും മണ്ണിന്റെയും വെള്ളത്തിന്റെയും ജീവന്റെയും രാഷ്ട്രീയം വരും നാളുകളിൽ ചർച്ച ചെയ്യുമെന്നു തീർച്ച.

സമരം അവസാന ഘട്ടം വരെ കൊണ്ടുപോയെന്നും കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഉണ്ടായാതെന്നും ഭൂമി വിട്ടുനല്‍കിയാല്‍ ഉണ്ടാകുന്ന നഷ്ട്ട പരിഹാരം അര്‍ഹത പെട്ടവര്‍ വാങ്ങുന്നതില്‍ സമരസമിതിക്ക് എതിര്‍പ്പില്ലെന്നും സമര നായകന്‍ സുരേഷ് കീഴാറ്റൂർ  ട്രൂവിഷന്‍ ന്യൂസിനോട്  പ്രതികരിച്ചു .

Loading...