കുട്ടികളിലെ വയറ് വേദന; അമ്മമാർ ശ്രദ്ധിക്കേണ്ട ചിലതുണ്ട്

Loading...

പല കാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ വയറ് വേദന ഉണ്ടാകുന്നത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി അങ്ങനെ ഏത് അസുഖങ്ങൾക്കും വയറ് വേദന ഉണ്ടാകാം. കുട്ടികളിലെ വയറ് വേദനയെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ദഹനക്കേട്, വയറിളക്കം, ഛര്‍ദി എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറ് വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്.

തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിന് ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്. ഒരു വയസില്‍ താഴെപ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നു.

ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം. കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത് കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്തയോട്ടം നിലയ്ക്കുന്നതാണ് ഇതിലെ അപകടാവസ്ഥ. സ്‌കാനിങ്ങിലൂടെ ഇത് കണ്ടെത്താം. ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. മറ്റു ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്.

ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ കുട്ടികളിൽ വയറ് വേദന ഉണ്ടാകാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നതിലൂടെയും വയറ് വേദന ഉണ്ടാകാം. കുട്ടികള്‍ ചെറുപ്പം മുതലെ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ശീലിക്കണം. ഒന്നിച്ച് വയര്‍ നിറച്ച് കഴിക്കുന്നതിന് പകരം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം നൽകുക.

Loading...