2020ൽ 100 പേരെ വരെ ചന്ദ്രനിലെത്തിക്കാനാകുന്ന ‘സ്റ്റാർഷിപ്പ്’

Loading...

ബൊക്കാ ചിക്ക: ഭൂമിയിൽ മാത്രമല്ല ഇതര ഗ്രഹങ്ങളിൽ കൂടി വസിക്കുന്ന ജീവിവിഭാഗമാക്കി മനുഷ്യനെ മാറ്റാനുള്ള പദ്ധതിക്ക് അടിത്തറയിടുകയാണ് പ്രശസ്ത ടെക്നോളജി സംരംഭകനും എഞ്ചിനീയറുമായ ഈലോൺ മസ്‌ക്ക്. പദ്ധതിയുടെ ആദ്യ പടിയായി വീണ്ടും ഉപയോഗിക്കാനാകുന്ന റോക്കറ്റുകളുടെ ഒരു നിര തന്നെയാണ് മസ്‌ക്ക് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ചുവട് പിടിച്ച് മസ്‌ക്കിന്റെ സ്വകാര്യ ബഹിരാകാശ ഗതാഗത കമ്പനിയായ ‘സ്പേസ് എക്സ്’ സെപ്തംബർ 28ന് ഒരു റോക്കറ്റ് പുറത്തിറക്കിയിരുന്നു. ‘സ്റ്റാർഷിപ്പ് മാർക്ക് വൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ പടുകൂറ്റൻ ബഹിരാകാശ റോക്കറ്റിന്‌ 100 പേരെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

തെക്കൻ ടെക്‌സാസിലുള്ള സ്പേസ് എക്സ് ടെസ്റ്റ് സൈറ്റിൽ വച്ചാണ് തന്റെ സ്വപ്നപദ്ധതി മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. സൂപ്പർ ഹെവി ബൂസ്റ്റർ ഘടിപ്പിച്ച സ്റ്റാർഷിപ്പ് 100 പേരെയും വഹിച്ചുകൊണ്ടായിരിക്കും ബഹിരാകാശത്തേക്ക് കുതിക്കുക. ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും 118 മീറ്റർ ഉയരമുളള ഈ ബഹിരാകാശ വാഹനത്തെ അയക്കണമെന്നാണ് മസ്‌ക്കിന്റെ ആഗ്രഹം. ഒരു തവണ പോയി വന്ന ശേഷവും വീണ്ടും ഉപയോഗിക്കാൻ സാധിക്കും എന്നതാണ് സ്റ്റാർഷിപ്പിന്റെ മേന്മ. ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി ജാപ്പനീസ് സംരംഭകനും കോടീശ്വരനുമായ യുസാക്കു മേസാവായെയും ഏതാനും കലാകാരന്മാരെയുമാണ് മസ്‌ക്ക് ആദ്യം ബഹിരാകാശത്തേക്ക് അയക്കുക.

ഇതിനായി യുസാക്കുവിൽ നിന്നും ഒരു വൻതുക മസ്‌ക്ക് കൈപറ്റിയിട്ടുണ്ടെന്നും വാർത്തകളുണ്ട്. താൻ കണ്ടിട്ടുള്ളതിൽ വച്ച് തന്നെ ഏറ്റവും പ്രചോദിപ്പിച്ച കാഴ്ച്ചയാണ് സ്റ്റാർഷിപ്പ് എന്നാണ് മസ്‌ക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ചന്ദ്രനെയാണ് മസ്‌ക്ക് സ്റ്റാർഷിപ്പിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ചൊവ്വയാണ് മസ്‌ക്കിന്റെ പ്രധാന ലക്ഷ്യം. മുൻപ് ‘ഫാൽക്കൺ 9′ ഫാൽക്കൺ ഹെവി റോക്കറ്റ്സ്’ എന്നിവ സ്പേസ് എക്സ് വികസിപ്പിച്ചെടുത്തിരുന്നു. ഇവ കൂടാതെ ബഹിരാകാശ യാത്രികർക്ക് വേണ്ടിയുള്ള ‘ഡ്രാഗൺ കാർഗോ ക്യാപ്സ്യൂൾ’സും ‘ക്രൂ ഡ്രാഗൺ ഷിപ്പും’ സ്പേസ് എക്സിന്റെ നിർമിതികളാണ്. ഇവ ഉപയോഗിച്ച് മസ്ക്കും സ്പേസ് എക്‌സും നടത്തിയ പരീക്ഷണങ്ങളിൽ ഭൂരിഭാഗവും വിജയമായിരുന്നു എന്നത് മസ്‌ക്കിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുകയാണ്. അധികം വിദൂരത്തല്ലാത്ത ഭാവിയിൽ മാർസിലും മറ്റ് ഗ്രഹങ്ങളിലും കോളനികൾ സ്ഥാപിക്കാനും ഈ സ്വപ്നസംരംഭകന് പദ്ധതിയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം