പാരീസിലെ ഹോട്ടലില്‍ വച്ച് 6 കോടിയിലേറെ വിലവരുന്ന ആഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്ന് സൗദി രാജകുമാരി

Loading...

പാരീസ്: പാരീസിലെ ഹോട്ടലില്‍ കൊള്ളയടിക്കപ്പെട്ടെന്ന് സൗദി രാജകുമാരി . 6 കോടിയിലേറെ വിലവരുന്ന ആഭരണങ്ങളാണ് ഹോട്ടലില്‍ വെച്ച് കാണാതായതെന്നാണ് രാജകുമാരിയുടെ പരാതി.

രാജകുമാരിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാരീസിലെ റിറ്റ്‌സ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു സംഭവം. ഒരു പെട്ടിയിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുറിയിലേക്ക് അതിക്രമിച്ചു കടന്നതിന്റെയോ പൂട്ടുപൊളിച്ചതിന്റെയോ യാതൊരു അടയാളവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭരണങ്ങള്‍ കാണാതായത്. സംഭവത്തെക്കുറിച്ച് ഫ്രാന്‍സിലെ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാരീസിലെ ആഢംബര ഹോട്ടലില്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ കാണാതാവുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരിയില്‍ ഹോട്ടലിലെ റെസ ജ്വല്ലറി ഷോപ്പില്‍ ഒരു സംഘം കൊള്ള നടത്തിയിരുന്നു. നാല് മില്യണ്‍ ഡോളറിന്റെ ആഭരണങ്ങളായിരുന്നു അന്ന് കാണാതായത്.

2016 ഡിസംബറില്‍ റിയാലിറ്റി ടി.വി താരം കിം കര്‍ദിഷാനും കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. പത്തുമിനിറ്റിനിടെ ലക്ഷക്കണക്കിന് ഡോളര്‍ മൂല്യം വരുന്ന ആഭരണങ്ങളായിരുന്നു മോഷണം പോയത്.

Loading...