കൊച്ചി: എൻഫോഴ്സ്മെന്റ് റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.

ഹൈക്കോടതിയാണ് ഉപാധികളോടെ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബർ 28-നായിരുന്നു എൻഫോഴ്സ്മെന്റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.
കേസിൽ നേരത്തേ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.ഇന്ന് കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേകകോടതിയിൽ നിന്ന് എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ഇനി ഡോളർ കടത്ത് കേസിൽക്കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. ഈ കേസിൽ ഈ മാസം ഇരുപത്തിയേഴാം തീയതി എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കാൻ സെഷൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് നൽകിയ റിമാൻഡ് അപേക്ഷ പരിഗണിച്ചാണ് നടപടി. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നുമാണ് എൻഫോഴ്സ്മെന്റ് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ കോടതിയിൽ വാദിച്ചത്.
എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കുറ്റപത്രം ചോദ്യം ചെയ്തും ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
കുറ്റപത്രം അപൂര്‍ണമാണെന്നും തന്നെ പോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടിയില്ലെന്നുമാണ് ശിവശങ്കറിന്റെ പ്രധാനവാദം
News from our Regional Network
English summary: Shivshankar released on bail