കളത്തിൽ റഫീഖ് മാത്രം ബാക്കിയാവുന്നു ,അപകടകരമാണീ സന്ദർഭം

കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ റഫീക്ക് മംഗലശേരി എഴുതി സംവിധാനം ചെയ്ത മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  അവതരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പത്രക്കുറിപ്പ് ഇറക്കി.

ഈ നാടകത്തിനായിരുന്നു എ ഗ്രേഡും ഒന്നാം സ്ഥാനവും.
പള്ളിയിൽക്കയറി വാങ്ക് വിളിക്കാനുള്ള ഒരു പെൺകുട്ടിയുടെ ആഗ്രഹവും അതിനൊപ്പം ചേരുന്ന പള്ളിയിലെ മുക്രിയായ സ്വന്തം ബാപ്പയും മറ്റുള്ളവരും. ഇതാണ് പ്രമേയം.
ഒരു പെൺകുട്ടിയുടെ സ്വപ്നത്തിന് അരങ്ങിലൊരുക്കിയ സൗന്ദര്യാവിഷ്കാരം.

എന്നാല്‍ മതതീവ്രവാദികളുടെ  കടുത്ത എതിര്‍പ്പില്‍ പലരും പതറി ഈ പശ്ചാത്തലത്തിലാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന്‍റെ പിന്‍മാറ്റവും.  റഫീഖ് മംഗലശ്ശേരിയുടെ ആവിഷ്ക്കര സ്വാതന്ത്രത്തിന് വാദിക്കാന്‍ വന്നവരും തുലോ തുച്ഛം . കൈവെട്ട് രാഷ്‌ട്രീയത്തിന്‍റെ കാലത്ത്  റഫീഖ് മംഗലശ്ശേരിക്ക് കാവലോരുക്കേണ്ട ആവശ്യകതയെ കുറിച്ച്  ഷിജു ദിവ്യ എഴുതുന്നു

 

‘കിത്താബ് ‘ എന്ന നാടകത്തിന്റെ ലോകബോധവും സൗന്ദര്യ ശാസ്ത്രവും പകർപ്പവകാശ സാങ്കേതികത്വവും മുൻനിർത്തിയുള്ള പ്രതികരണങ്ങൾക്ക് തുച്ഛമായ പ്രാധാന്യമേ ഈ സന്ദർഭത്തിലുള്ളൂ . അത്തരം അതിസാങ്കേതിക ന്യായങ്ങളെല്ലാം റഫീഖ് മംഗലശ്ശേരി എന്ന മനുഷ്യനെ / കലാകാരനെ കൊമ്പിൽ കോർത്ത് മത തീവ്രവാദത്തിന്റെ തീയിലെറിഞ്ഞു കൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് .

ചേകന്നൂർ മൗലവിയെ ഇല്ലാതാക്കിയ ,ജോസഫ് മാഷുടെ കൈ വെട്ടിയ , ഇതര മതസ്ഥരെ പ്രണയിക്കുന്ന സ്വസമുദായത്തിലെ പെൺകുട്ടികൾക്ക് കാവലിരിക്കുന്ന , ഏറ്റവുമൊടുവിൽ അഭിമന്യുവിന്റെ ജീവനെടുത്ത സെക്ടുകൾ ഇവിടെ സജീവമായി ഇപ്പോഴും നിൽക്കുന്നുണ്ട് .

ജോസഫ് മാഷിന്റെ കൈവെട്ടുന്ന നിമിഷം വരെ ഭരണകൂടമടക്കം പൊതുമണ്ഡലം മുഴുവൻ ജോസഫ് മാഷിന്ന് എതിരായിരുന്നു . ആരും കേൾക്കാനില്ലാതെ ആ മനുഷ്യനെ തികച്ചും ഒറ്റപ്പെടുത്തിയ നമുക്കെല്ലാം ആ ദാരുണ സംഭവത്തിൽ പങ്കുണ്ട് .

സമാന സ്ഥിതിയിലുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത ജനാധിപത്യവാദികൾക്കുണ്ടാവണം .

സംഘപരിവാർ ഭീഷണികളുടേയും പൊതുബോധത്തിലെ മൃദുഹിന്ദുത്വത്തിന്റേയും പശ്ചാത്തലത്തിൽ ഇന്ത്യൻ മുസ്ലീം ജീവിതം അനുഭവിക്കുന്ന അപരത്വബോധം ഒരു യാഥാർത്ഥ്യമാണ് . ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അക്രമോത്സുക പരിണാമങ്ങൾ അതിനെ ഒരു അരക്ഷിതബോധത്തിലേക്കും നയിക്കുന്നുണ്ട് .

അതു കണ്ടില്ലെന്ന് വയ്ക്കാൻ ജനാധിപത്യ ബോധമുള്ള മനുഷ്യർക്കാവില്ല .സമഭാവനയും സഹജമനോഭാവവും കൊണ്ട് മനുഷ്യസ്നേഹികൾ അവർക്കൊപ്പം നിൽക്കേണ്ടതുണ്ട് .പക്ഷേ സങ്കുചിത മതമൗലികവാദം കൊണ്ട് അതിന് പരിഹാരം കാണാനാവില്ല . എതിർപ്പുകളെ വെട്ടിയരിഞ്ഞ് ഇല്ലാതാക്കുന്ന മത തീവ്രവാദത്തിന് അടിവളമായിക്കൂടാ നമ്മുടെ നിലപാടുകൾ . കാരണം ലോകത്തെവിടെയും മതമൗലികവാദം അത് പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹിരിച്ചിട്ടില്ല . വിനാശകരമാം വിധം സങ്കീർണ്ണമാക്കിയിട്ടേ ഉള്ളൂ.

സവിശേഷ ന്യൂനപക്ഷാവകാശങ്ങളോടെ ഒരു ഭരണഘടന സാദ്ധ്യമാക്കിയത് പരിമിതികളോടെയെങ്കിലും രാജ്യത്ത് നിലനിന്നിരുന്ന ഒരു സെക്കുലർ സ്പേസാണ് . പാൻ ഇസ്ലാമിക സംഘടനകളെ നോക്കൂ . അവർക്കെതിരെ ചെറിയ വിമർശനങ്ങൾ മതേതര പക്ഷത്തു നിന്നും ഉയരുമ്പോഴേക്കും എന്തൊരു വിദ്വേഷം കലർന്ന പുച്ഛമാണവർ മതേതരത്വത്തിന്നും ജനാധിപത്യ പൊതുമണ്ഡലത്തിനും നേർക്ക് ഉയർത്താറുള്ളത് . സ്വവർഗ്ഗാനുരാഗവും സ്വതന്ത്ര ലൈംഗികതയും നിയമവിരുദ്ധമല്ലാതാക്കിയ സുപ്രീം കോടതിവിധിയോടടക്കമുള്ള പ്രതികരണങ്ങളിൽ ഈ പുച്ഛം കാണാം . എഅതിനോട് രാജിയാവുകയോ , അതിനെ ഭയക്കുകയോ ചെയ്യേണ്ട ഒരു ബാദ്ധ്യതയുമില്ല.

ഈ നാടകത്തിന്റെ ഒരു പരിമിതിയെക്കുറിച്ച് പറയാതിരിക്കാനാവില്ല . ആധുനികകലകളായ നാടകവും സിനിമയുമെല്ലാം അതിന്റെ പ്രാരംഭകാലം തൊട്ട് മുസ്ലിം എന്ന നിലയിൽ സൂക്ഷിക്കുന്ന മിത്തിക്കലായ മുൻവിധികളുണ്ട്. വർത്തമാന കാല മുസ്ലിം ജീവിതത്തിലെ പരിണാമങ്ങൾ ഒട്ടും മനസ്സിലാക്കാതെ നിശ്ചലമായി നിൽക്കുകയാണ് നാടകത്തിലെ കാലം .

വർഗ്ഗീയവാദികൾക്കു പോലുമുണ്ട് മാറ്റം . എല്ലാ മതങ്ങളിലേയും ആധുനിക വേഷം ധരിക്കുന്ന , ആധുനിക വിദ്യാഭ്യാസമുള്ള , ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അവഗാഹമുള്ള മനുഷ്യർക്കിടയിലെ സങ്കുചിത സ്വത്വബോധം സൂക്ഷിക്കുന്ന മനുഷ്യരുടെ എണ്ണം നമ്മെ ഭയപ്പെടുത്തും . മുസ്ലീങ്ങൾക്കിടയിലും സ്ഥിതി ഭിന്നമല്ല . അഭ്യസ്ത വിദ്യരെല്ലാം അക്രമകാരികൾ എന്ന് ഇത് തെറ്റി വായിക്കരുത് .

താടിയും തലയിൽക്കെട്ടുമുള്ള , കാച്ചി മുണ്ടുടുക്കുന്ന പരമ്പരാഗത മുസ്ലീം ജീവിതത്തിൽ കുറെ അന്ധവിശ്വാസങ്ങളുണ്ടായിരിക്കാം . പക്ഷേ ഒരു ബഹുമത സമൂഹത്തിലെ സംസ്കാരങ്ങളുടെ സഹജീവനത്തിന്റെ ആത്മാവ് അതിന് പിടിയുണ്ടായിരുന്നു . എന്നാൽ ഈയടുത്ത കാലത്താണ് ഓണ സദ്യയിൽ പങ്കുകൊള്ളുന്നതു പോലും പാപമാണെന്നു കണ്ടെത്തുന്ന സങ്കുചിത്വത്തിലേക്ക് നാട് പുരോഗമിച്ചത് . ഇത് കാണുന്നില്ല എന്നതാണ് , മതവിമർശനത്തെ കാലികമാക്കാൻ സാധിച്ചില്ല എന്നതാണ് നാടകത്തിന്റ മൗലിക പരിമിതി . അല്ലാതെ മതവിമർശനമല്ല .

പക്ഷേ , ഇപ്പോൾ കലിതുള്ളുന്നവരെ ചൊടിപ്പിക്കാൻ പോന്ന ചോദ്യങ്ങളുമീ നാടകത്തിലുണ്ട് . മതപുസ്തകങ്ങളിലുള്ളതോ മതജീവിതത്തിലനുഭവിക്കുന്നതോ ആയ വിവേചനങ്ങളെ ചോദ്യം ചെയ്യുന്ന പെൺകുട്ടികളെ മതം ഭയക്കുക തന്നെ ചെയ്യും . അതാണ് ഇത്രയും രൂക്ഷമായ പ്രതികരണങ്ങളിലേക്ക് നയിച്ചത് .

ഏറ്റവുമൊടുവിൽ നാടകമവതരിപ്പിച്ച മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ നാടകാവതരണം ഉപേക്ഷിക്കുകയാണ് എന്ന് പത്രക്കുറിപ്പ് ഇറക്കിയതായും അറിയുന്നു . കളത്തിൽ റഫീഖ് മാത്രം ബാക്കിയാവുന്നു . അപകടകരമാണീ സന്ദർഭം . ഉദാസീനത കൊണ്ട് ഒരു മനുഷ്യനെ ഒറ്റപ്പെടുത്തിക്കൂടാ. അതുകൊണ്ട് സൂക്ഷ്മാർത്ഥത്തിലെ അഭിപ്രായ ഭിന്നതകൾ നിലനിർത്തിക്കൊണ്ടു തന്നെ റഫീഖ് മംഗലശ്ശേരിക്കൊപ്പം നിൽക്കേണ്ടതുണ്ട് നമ്മൾ .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം