ശബരിമല യുവതീ പ്രവേശനം ; അവ്യക്തത നീക്കി സുപ്രീം കോടതി

Loading...

ന്യൂഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ ഉത്തരവ് അന്തിമ വാക്ക് അല്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുന്നതിനാല്‍ നിലവിലെ വിധി അന്തിമമായി കാണാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ വ്യക്തമാക്കി.

ശബരിമലയില്‍ പോവുന്നതിനു സുരക്ഷ തേടി ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോടു പ്രതികരിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

2018ലെ വിധി ഉണ്ടായിട്ടും ബിന്ദു അമ്മിണിക്കു സന്ദര്‍ശന അനുമതി ലഭിക്കുന്നില്ലെന്ന് അവര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇക്കാര്യം വിശാല ബെഞ്ച് പരിഗണിക്കണമെന്ന ഉത്തരവ് നിലവിലുണ്ടെന്നും അതുകൊണ്ട് അന്തിമ വാക്ക് ആയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് 2018ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. എന്നിട്ടും ബിന്ദു അമ്മിണിക്കു പ്രവേശനം നിഷേധിക്കുകയാണ്. സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണി പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നില്‍ വച്ച്‌ ആക്രമിക്കപ്പെട്ടതായും അവര്‍ അറിയിച്ചു.

ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ മറ്റൊരു ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

നേരത്തെ ശബരിമലയില്‍ പോവുന്നതിന് അനുമതി തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം