കോഴിക്കോട് : ബീഹാറിലെ കൊടും തണുപ്പിൽ പെറ്റമ്മ റോഡരികില്‍ ചോരകുഞ്ഞിനെ ഉപേഷിച്ച് കടന്നുകളഞ്ഞു . ഒടുവില്‍ ആ കുഞ്ഞിന്റെ രക്ഷകനായി കോഴിക്കോട്ടുകാരന് അഖിലും സംഘവും .

കൊടും തണുപ്പിൽ ബീഹാറിലെ പാറ്റ്നയിൽ മാതാവ് ഉപേക്ഷിച്ചുപോയ നവജാത ശിശുവിനെ പരിചരിച്ച മലയാളി നഴ്സ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. കോഴിക്കോട് വെള്ളന്നൂർ സ്വദേശി അഖിലാണ് ഫേസ്ബുക്കിലൂടെ അനുഭവം പങ്കുവെച്ചത്. മുസഫർ പൂരിൽ മസ്തിഷ്ക്ക ജ്വരം ബാധിച്ചു നൂറോളം കുട്ടികൾ മരിച്ച സമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ പാറ്റ്ന എ യിംസ് നഴ്സിംഗ് ടീമിന്റെ ചീഫ് ആയിരുന്നു അഖിൽ.
ഒൻപതിന് പുലർച്ചെ ഹോസ്പിറ്റലിന്റെ നാലുകിലോമീറ്റർ അകലെ റോഡരികിൽ നാട്ടുകാരനായ ഒരാളാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
ഫേസ്ബുക്കിൽ വൈറലായ അഖിലിന്റെ പോസ്റ്റ് ഇങ്ങനെ…..
“ഇവൾ ഞങ്ങളുടെ പീഡിയാട്രിക് ICU വിലെ പുതിയ കുഞ്ഞുമോൾ, പേര് അറിയില്ലായിരുന്നു.ഞാനൊരു പേരിട്ടു, എയ്ഞ്ചൽ. അതെ ശരിക്കും മാലാഖ തന്നെ കഴിഞ്ഞ ജാനുവരി 9ന് രാത്രി ആരോ റോഡിന്റെ സൈഡിൽ ഉപേക്ഷിച്ചു പോയതാ. രാത്രി ഒരു മാണിയോട് അടുത്ത് ഇവിടെ കൊണ്ടുവന്നു.
ജനിച്ചു ഒരു ദിവസം പ്രായമുള്ളപ്പോൾ അതും ഈ കൊടുംതണുപ്പിൽ(7ഡിഗ്രി ) ഈ പാവം കൊച്ചു തണുപ്പിൽ കൊതുകുകടി കൊണ്ട് കരയുമ്പോൾ ഏതോ ഒരു നല്ല മനുഷ്യൻ തക്ക സമയത്ത് AIMS പീഡിയാട്രിക് ICU വിൽ എത്തിച്ചു, ആ പേരറിയാത്ത സുഹൃത്തിന് നന്ദി.
ഇവിടെ ഇവൾ ഞങ്ങളുടെ കൂടെ സുഖമായിട് ഇരിക്കുന്നു. ഒന്നിനും ഞങ്ങൾ ഒരു കുറവും വരുത്തുന്നില്ല. ഇവിടെ ഇവൾ ഹാപ്പി ആണ്. എനിക്ക് തന്നെ ഈ തണുപ്പിൽ വീട്ടിനുള്ളിൽ നിൽക്കാൻ പറ്റണില്ല അപ്പൊ ഇവൾ എങ്ങിനെയാണാവോ അത്രയും സമയം സഹിച്ചത്.”
പതിനാറു ദിവസം ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം നേടി അപകട നില തരണം ചെയ്ത കുട്ടിയെ ചൈൽഡ് ലൈൻ ഇൻത്വാ ഫൗണ്ടേഷന് ആശുപത്രി അധികൃതർ കൈമാറി.