ചരിത്രം രചിച്ച മത്സരത്തില്‍ അധിക്ഷേപവുമായി സെറീന വില്യംസ്; റാമോസിനെ അധിക്ഷേപിച്ചത് പിഴ വിധിച്ചതിന്

സ്പോർട്സ് ഡസ്ക്

കായിക താരങ്ങള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്ക് മുമ്പില്‍ എത്രക്കാലം കഴിഞ്ഞാലും താരങ്ങള്‍ തന്നെയാണ്. എന്നാല്‍, ഇവരെ പരിശീലിപ്പിച്ച് കരുത്തരാക്കി തീര്‍ക്കുന്ന പരിശീലകര്‍ വളരെ കുറച്ച് മാത്രമെ അറിയപ്പെടാറുള്ളു എന്നതാണ് മറ്റൊരു കാര്യം. ചിലര്‍ ഒരിക്കലും അറിയപ്പെടാതെ പോകുന്നുമുണ്ട്. അതുപോലെതന്നെയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അംപയര്‍മാരും റഫറിമാരും. ഇവരും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍, കാര്‍ലോസ് റാമോസ് എന്ന ചെയര്‍ അംപയര്‍ ടെന്നീസ് ആരാധകര്‍ക്ക് ഏറെ പരിചിതനാണ്. പതിറ്റാണ്ടുകളുടെ അനുഭവപരിചയുളള പോര്‍ച്ചുഗീസ് അംപയര്‍ കഴിഞ്ഞ ദിവസം അധിക്ഷേപത്തിന് ഇരയായിരിക്കുകയാണ്. അധിക്ഷേപിച്ചതാകട്ടെ ടെന്നിസിലെ എക്കാലത്തേയും മികച്ച താരം സെറീന വില്യംസും. ടെന്നീസ് അംപയറിങ്ങിലൂടെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ റാമോസിനെ കള്ളന്‍ എന്നാണ് സെറീന വിളിച്ചത്.

Image result for serena-williams-cites-sexism-following-dust-up-with-chair-ump

നവോമി ഒസാക്കയ്ക്ക് എതിരായ യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനല്‍ മത്സരത്തിലാണ് സംഭവം. നവോമി ഒസാക്കയ്ക്ക് അനുകൂലമായി രണ്ട് പെനാല്‍റ്റികള്‍ റാമോസ് വിധിച്ചതാണ് സെറീനയെ പ്രകോപിപ്പിച്ചത്. കോച്ചിങ് സ്വീകരിച്ചതിനും റാക്കറ്റ് വലിച്ചെറിഞ്ഞതിനും ആണ് അംപയര്‍ സെറീനയ്ക്ക് പിഴ വിധിച്ചത്. ഇതോടെ നവോമിക്ക് പോയിന്റ് ലഭിക്കുകയും ചെയ്തു. ഇതോടെ അംപയര്‍ കള്ളനാണെന്നും മാപ്പ് പറയണമെന്നും സെറീന ഉറക്കെ വിളിച്ചു പറഞ്ഞു. മത്സരത്തിന് ശേഷം കൂവി വിളിച്ചാണ് കാണികള്‍ 47കാരനായ അംപയറെ യാത്രയാക്കിയത്. താന്‍ റാമോസിനെ കള്ളനെന്ന് വിളിച്ചത് ചട്ടലംഘനമാണെന്ന് കരുതുന്നില്ലെന്ന് മത്സരശേഷം സെറീന പറഞ്ഞു.

എത്ര വലിയ താരമായാലും കോര്‍ട്ടിലെ ലംഘനം ചൂണ്ടിക്കാട്ടാന്‍ മടി കാണിക്കാത്ത അംപയറാണ് റാമോസെന്ന് ടെന്നീസ് വിദഗ്ധര്‍ പറയുന്നു. ഗോള്‍ഡ് ബാഡ്ജുളള ചുരുക്കം ചിലം അംപയര്‍മാരില്‍ ഒരാളാണ് റാമോസ്. താന്‍ ചെയ്തത് പുരുഷ അംപയര്‍ക്കെതിരായ ലൈംഗിക അധിക്ഷേപമല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സെറീന പറഞ്ഞു.

Image result for serena-williams-cites-sexism-following-dust-up-with-chair-ump

‘ അയാളൊരു കള്ളനാണെന്ന് പറയരുതായിരുന്നു എന്ന് താന്‍ ഇവിടെ ഇരുന്ന് കൊണ്ട് പറയില്ല. അയാള്‍ എന്റെ കൈയ്യില്‍ നിന്നും മത്സരം തട്ടിപ്പറിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പുരുഷ താരങ്ങള്‍ അംപയര്‍മാരെ പലതും വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിനും സമത്വത്തിനുമാണ് ഞാന്‍ കലഹിക്കുന്നത്. ഒരു പുരുഷതാരത്തോട് അദ്ദേഹം ഇതുവരെ ഇങ്ങനെ ചെയ്തു കാണില്ല. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത് ‘ സെറീന പറഞ്ഞു.

ഫൈനലില്‍ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ആദ്യ ഗ്രാന്‍സ്ലാം ഒസാക്ക സ്വന്തമാക്കിയത്. ജപ്പാന് വേണ്ടി ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് ഒസാക്ക. നവോമി ഒസാക്ക എന്ന ഇരുപത് വയസുകാരി തോല്‍പ്പിച്ചത് സെറീന വില്യംസ് എന്ന ഇതിഹാസത്തിനൊപ്പം ചരിത്രത്തെയുമാണ്. 23 തവണ ഗ്രാന്‍സ്ലാം നേടിയ സെറീനയെ പകപ്പും പരിഭ്രമവുമില്ലാതെ നേരിട്ട ഒസാക്കക്ക് ആദ്യ ഗ്രാന്‍സ്ലാം നേട്ടത്തിന് രണ്ട് സെറ്റുകളുടെ സമയം മാത്രമാണ് വേണ്ടി വന്നത്.

Image result for serena-williams-cites-sexism-following-dust-up-with-chair-ump

ആദ്യ സെറ്റില്‍ സെറീനക്ക് ഒരവസരവും നല്‍കാതെയായിരുന്നു ജപ്പാന്‍ താരത്തിന്റെ മുന്നേറ്റം. സെറീനയുടെ പിഴവുകള്‍ കൂടി ആയപ്പോള്‍ ആ സെറ്റ് 6-2ന് ഒസാക്ക സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ആദ്യം മുന്നിട്ട് നിന്നത് സെറീനയായിരുന്നു. പിന്നീടായിരുന്നു ഒസാക്കയുടെ തിരിച്ച് വരവ്. ഇതിനിടെയാണ് ചെയര്‍ അംപയറുമായി സെറീന വില്യംസിന്റെ തര്‍ക്കം. ഒടുവില്‍ 6-4ന് രണ്ടാം സെറ്റും മത്സരവും ഒസാക്ക സ്വന്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം