ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിന്ന് ഒഴിവാക്കാൻ ചിലർ ശ്രമിച്ചു; ‘തറ കൊമേഡിയൻ ‘ എന്നുവരെ ആക്ഷേപിച്ചു, പക്ഷെ സംവിധായകൻ ഉറച്ചുനിന്നു; സെന്തിൽ ഹാപ്പിയാണ്,വിനയനും

ഷിജിത്ത് വായന്നൂർ

Loading...

അനശ്വരനായ കലാകാരൻ കലാഭവൻ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയൻ സംവിധാനം ചെയ്ത സിനിമയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’. ഇതിൽ മണിയുടെ ഭാവപ്പകർച്ചകളുള്ള കഥാപാത്രമായി അഭിനയിച്ചത് സെന്തിൽ എന്ന നടനാണ്. അപ്രതീക്ഷിതമായി നായക വേഷം കൈവന്നതിലെ ആഹ്ലാദമുണ്ട് സെന്തിലിന്. മണി എന്ന പ്രതിഭയുടെ വേഷപ്പകർച്ച സെന്തിൽ മനോഹരമാക്കിയിരിക്കുന്നു. സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സെന്തിൽ ട്രൂവിഷൻ ന്യൂസുമായി പങ്കുവെക്കുകയാണ് ഈ സംഭാഷണത്തിൽ …..

Image result for senthil chalakkudikkaran changathi

അപ്രതീക്ഷിതമായാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’യിലൂടെ സെന്തിൽ മലയാളത്തിലെ എല്ലാവരും ശ്രദ്ധിക്കുന്ന നടനായി മാറിയത്. സിനിമ റിലീസ് ആയതിനു ശേഷമുള്ള അനുഭവങ്ങൾ പറയൂ

സെന്തിൽ _____ സിനിമയിൽ ചെറിയ എന്തെങ്കിലുമൊക്കെ വേഷങ്ങൾ സ്വപ്നം കണ്ട് നടന്നിരുന്ന സാധാരണക്കാരനായ ഒരാളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് ലോട്ടറി അടിച്ച പോലെയാണ് ഈ സിനിമ.
ഒന്ന് മലയാളികൾ നെഞ്ചിലേറ്റി നടന്ന മണിചേട്ടന്റെ ക്യാരക്ടർ ചെയ്യുക എന്നുള്ളത്. അതും നായകനായി , മറ്റൊന്ന് വിനയൻ സാറിന്റെ പടം എന്നുള്ളത്. ഇത്രയും ആയപ്പോഴേക്കും അതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു . ഞാൻ അഭിനയിച്ചത് , സിനിമ ആകെതന്നെ എങ്ങനെ ജനം സ്വീകരിക്കും എന്നാലോചിച്ചു ഭയങ്കര ടെൻഷൻ ആയിരുന്നു. ആദ്യ ഷോ നടന്ന ദിവസത്തെ ഒരനുഭവം പറയാം. എന്റെ തൊട്ടടുത്തു ഒരു അമ്മൂമ്മ ഇരുന്നിട്ടുണ്ടായിരുന്നു. അവർ സ്‌ക്രീനിൽ നോക്കും എന്നെയും നോക്കും . പിന്നെ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർ എന്നെ നോക്കുന്നില്ല , സ്‌ക്രീനിലെ നോക്കുന്നുള്ളൂ. അവസാനം സിനിമ കഴിയാറായപ്പോൾ അമ്മൂമ്മ കരയുകയായിരുന്നു. പൊന്നുമക്കളെ എന്ന് വിളിച്ചുകൊണ്ടവർ എന്റെ നെറുകയിൽ തലോടി. ഞാൻ ടെൻഷൻ ഫ്രീയായത് അവിടം മുതലാണ്. ഒരുപക്ഷെ എനിക്കാദ്യം കിട്ടുന്ന അവാർഡ് ആയിരിക്കാം അത്.

Image result for kalabhavan mani

കലാഭവൻ മണിയെ ജനലക്ഷങ്ങൾക്ക് അറിയാവുന്നതാണ്. അങ്ങനെയുള്ള ആ കലാകാരന്റെ ജീവിതം പറയുന്ന ഒരു സിനിമ എന്ന് പറയുമ്പോൾ വളരെയേറെ ശ്രദ്ധിക്കാനുണ്ട്.ആ വെല്ലുവിളിയോട് മാനസികമായി എങ്ങനെ പൊരുത്തപ്പെട്ടു ?

ഞാൻ ഒരു സാധാരണക്കാരനാണ്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുമൊക്കെ അനുഭവിച്ച കുടുംബമാണ് എന്റേത്. അതുകൊണ്ടു തന്നെ എനിക്കറിയാം. മണിചേട്ടന്റെ ക്യാരക്ടർ എന്നാൽ ഒരുപാട് ഉത്തരവാദിത്തമുള്ള ജോലിയാണ്എന്നത് . അതിനാൽ അല്പം പോലും പോരായ്മ ഉണ്ടാവാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നമുക്ക് കിട്ടിയ ഭാഗ്യമാണിത്. അതിനായി ഹാർഡ് വർക്ക് ചെയ്തു. അനുകരണം വരാത്ത രീതിയിൽ മണിചേട്ടന്റെ ക്യാരക്ടർ എങ്ങനെ ചെയ്യാം എന്നുള്ള സ്റ്റഡിയൊക്കെ നടത്തി. അതിലുപരി ഏറ്റവും കൂടുതൽ കോൺഫിഡന്റ് തന്നത് വിനയൻ സർ ആണ്. സാറിനോട് ഞാൻ ചോദിച്ചിരുന്നു, മണിചേട്ടന്റെ രൂപമോ ഭാവമോ ഒന്നും എനിക്കില്ല. സാറിനെ കാണാൻ വന്ന ഒരുപാട് പേര് മണിചേട്ടന്റെ സെയിം ഫിഗർ ഉള്ളവർ ആയിരുന്നു. അപ്പോൾ ഞാൻ ? അതിന് സർ പറഞ്ഞത്, എനിക്ക് വേണ്ടത് കറുത്ത പൊക്കമുള്ള മിമിക്രിക്കാരനായ ഒരു പയ്യനെയാണ് . പെട്ടന്ന് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരാളിനെയാണ് വേണ്ടതെന്ന് . സാറ് ഈ സിനിമയിൽ എന്നെ ഫിക്സ് ചെയ്തെന്നു അറിയിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി . എന്റെ കരച്ചിലൊക്കെ കണ്ടപ്പോൾ സാറിന് ഇഷ്ടമായി. ഇങ്ങനെയുള്ള ഒരാളിനെയാണ് വേണ്ടതെന്നു പറഞ്ഞു. ഞാൻ തുടർന്ന് മണിചേട്ടനെ പഠിക്കാൻ ശ്രമിച്ചു. മാനറിസങ്ങളൊക്കെ, ശരീരം അതേപോലെ ആക്കാൻ 12 കിലോ വെയ്റ്റ് കൂട്ടി. തെങ്ങിൽ കയറാൻ പഠിച്ചു ,,ഓട്ടോ ഓടിക്കാൻ പഠിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എല്ലാറ്റിനുമുപരി മണിചേട്ടന്റെ ബ്ലെസ്സിങ്സ് എനിക്കുള്ളതായി ഫീൽ ചെയ്തു.

Image result for vinayan senthil

ഏറെ കാലമായി മിമിക്രി രംഗത്തുള്ള ആളാണ് താങ്കൾ. കലാഭവൻ മണിയുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നോ ?

ഞാൻ ആദ്യമായിട്ട് അഭിനയിക്കുന്നത് മണിചേട്ടന്റെ തന്നെ പുള്ളിമാൻ എന്നൊരു സിനിമയിലാണ്. അപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഒരു മാസത്തോളം ഉണ്ടായിരുന്നു. ചെറിയ വേഷമായിരുന്നു എനിക്ക്. എങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായി എന്നത് വലിയ നേട്ടമായിരുന്നു. ചില സ്റ്റേജ് ഷോകളിലും മണിചേട്ടനൊപ്പം പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം സിനിമയിൽ ഒരു കോമ്പിനേഷൻ സീനെങ്കിലും പ്രതീക്ഷിച്ചു കാത്തിരുന്ന ആളാണ് ഞാൻ.

Image result for kalabhavan mani

സെന്തിൽ എന്ന കലാകാരനെ സംബന്ധിച്ചു വലിയൊരു ടേണിംഗ് പോയിന്റ് ആണ് ഈ സിനിമ . ഇനിയങ്ങോട്ട് ഒരുപാട് അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ ?

നമ്മുടെ ആഗ്രഹം തീവ്രമാണെങ്കിൽ ഈ ലോകം മുഴുവൻ ഒപ്പമുണ്ടാകും എന്ന് പറഞ്ഞ എഴുത്തുകാരനെ ഓർമ്മവരുന്നു. ഒരു നടനാവാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചു. ചാൻസ് ചോദിച്ച് നടന്നു. ഓരോ സിനിമ കാണുമ്പോഴും ആ ആഗ്രഹം തീവ്രമായി. അതിന് ദൈവം തന്ന അനുഗ്രഹമാവാം ഈ സിനിമ.

സിനിമാ രംഗത്ത് നിന്ന് ആരെല്ലാം വിളിച്ചു ? അഭിനന്ദനമറിയിച്ചോ അവർ ?

ഒരുപാട് പേർ വിളിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനും ഭഗത് മാനുവലുമൊക്കെ വിളിച്ചിരുന്നു.

Image result for vinayan senthil

മണിയുടെ കുടുംബത്തിന്റെ പ്രതികരണം എങ്ങനെ ആയിരുന്നു ? അവരെ പോയി കണ്ടോ ?

മണിചേട്ടന്റെ ഭാര്യയെയും മകളെയും പോയിക്കണ്ടിരുന്നു. സഹോദരൻ രാമകൃഷ്ണൻ ഈ സിനിമയിൽ ഒരു പാട്ട് പാടി അഭിനയിക്കുന്നുമുണ്ട് . പക്ഷെ പടം അദ്ദേഹം കണ്ടില്ല, ഒരുപാട് കരഞ്ഞതാണ് , ഇനിയും അതിനുള്ള മനോധൈര്യം ഇല്ലെന്ന് പറഞ്ഞു.

സംവിധായകൻ വിനയൻ സിനിമയ്ക്ക് ശേഷം എന്ത് പറഞ്ഞു ?

സാറിനോടാണ് ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്. ഈ സിനിമയിൽ എന്നെ സെലക്ട് ചെയ്ത ഘട്ടത്തിൽ ചിലരൊക്കെ സാറിനെ വിളിച്ച് എന്നെ ഒഴിവാക്കാൻ പറഞ്ഞിരുന്നു. തറ കൊമേഡിയനാണെന്നു വരെ പറഞ്ഞു ഒഴിവാക്കാനാണ് ശ്രമിച്ചത്. എന്നാൽ സാർ അതൊന്നും ചെവിക്കൊള്ളാതെ എന്നെ മാറ്റാതെ എന്നിൽ തന്നെ ഉറച്ചു നിന്നു. അങ്ങനെ കോൺഫിഡന്റ് ഉള്ള ഒരാൾക്ക്മുന്നിൽ ഞാൻ ഈ കഥാപാത്രത്തെ പൂർണമായും അദ്ദേഹത്തെ തൃപ്തിപ്പെടുത്തി ചെയ്യണമെന്നുള്ളത് എന്റെയൊരു ആഗ്രഹമായിരുന്നു. അതിനായി ഹാർഡ് വർക്ക് ചെയ്തു. അതിപ്പോൾ സക്‌സസ് ആയപ്പോൾ വിനയൻ സാറും ഹാപ്പിയാണ്.

കുടുംബവും ഹാപ്പിയണല്ലോ അല്ലെ ?

കുടുംബം എന്നും സപ്പോർട്ട് ആണ്. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി. ഞാൻ സിനിമ നടനായി കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ കാണാൻ സാധിക്കാതെ പോയി. അമ്മയും മറ്റുള്ളവരും നല്ല സപ്പോർട്ട് തന്നെ. പിന്നെ എന്റെ നാടായ തിരുവനന്തപുരത്തെ പുന്നമൂട്കാരും ഏറെ സന്തോഷത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം