സാനിയ മിര്‍സയെ ബ്രാന്‍ഡ് അംബാസഡറാക്കിയ തെലങ്കാന സരക്കാരിനെതിരെ സൈനയും

saina sania
ന്യൂഡല്‍ഹി: സാനിയാ മിര്‍സയ്ക്ക് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച തെലങ്കാന സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തി ബാഡ്മിന്റണ്‍താരം സൈന നെഹ്വാളും. ടെന്നീസ് താരമായ സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തെലങ്കാന രാഷ്ട്രസമിതി സര്‍ക്കാറിന്റെ നടപടി തന്നെ വേദനിപ്പിച്ചതായും സൈന ട്വിറ്ററില്‍ എഴുതി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാഷ് അവാര്‍ഡ് താന്‍ സ്വീകരിക്കില്ലെന്നും സൈന ട്വീറ്റ് ചെയ്തു. തെലങ്കാന രാഷ്ട്രസമിതി സര്‍ക്കാര്‍ ബുധനാഴ്ചയാണ് സാനിയാ മിര്‍സയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. സാനിയയ്ക്ക് ഒരു കോടി രൂപയുടെ ഗ്രാന്‍റും ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നല്‍കി.

സാനിയയും സൈനയും ഹൈദരാബാദിന്റെ താരങ്ങളായാണ് അറിയപ്പെടുന്നത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഇരുവര്‍ക്കും ഒരേ പദവിയാണ് കായികവേദികളിലും മറ്റും നല്‍കിയിരുന്നത്. പുതിയ തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചപ്പോഴും സീമാന്ത്രയുടെയും തെലങ്കാനയുടെയും തലസ്ഥാനം ഹൈദരാബാദ്തന്നെയാണ്. എന്നാല്‍ സാനിയയ്ക്ക് ബ്രാന്‍ഡ് അംബാസഡര്‍ പദവി നല്‍കിയ തെലങ്കാന സര്‍ക്കാര്‍ കായികവേദിയിലും വിവേചനം കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയതെന്ന് ആരോപണമുണ്ട്.

പാകിസ്താന്‍ ക്രിക്കറ്റ്താരം ഷൊയ്ബ് മാലിക്കിനെ കല്യാണം കഴിച്ച സാനിയ പാകിസ്താന്റെ മരുമകളാണെന്ന് ആരോപിച്ച് തെലങ്കാന ബി.ജെ.പി. പ്രസിഡന്റ് സര്‍ക്കാര്‍നടപടിക്കെതിരെ ആദ്യ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് പ്രതികരണമായി താന്‍ ജീവിതാവസാനം വരെ ഇന്ത്യക്കാരിയായിരിക്കുമെന്ന പ്രസ്താവനയുമായി സാനിയയും രംഗത്തെത്തിയിരുന്നു.

Loading...