സ്ത്രീപ്രവേശനം;സമരവുമായി നിരത്തിലിറങ്ങാനില്ലെന്ന് സികെ ജാനു

Loading...

വയനാട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കോടതി വിധി മാനിക്കുന്നെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി കെ ജാനു. ശബരിമലയിൽ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളിൽ ജനാധിപത്യ രാഷ്ട്രീയ സഭ പങ്കെടുക്കില്ലെന്നും സി.കെ.ജാനു പറഞ്ഞു.

ബിജെപി തീരുമാനിക്കുന്ന സമരങ്ങളിൽ പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. കോടതിവിധി മാനിക്കുന്നു. എൻഡിഎ സമരം പ്രഖ്യാപിക്കുമ്പോൾ മുന്നണി യോഗം വിളിച്ച് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നും ശസികെ ജാനു ആരോപിച്ചു.

ഇതിനിടെ അയ്യപ്പ കര്‍‌മ്മ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ തുടരുകയാണ്. തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, കെ.പി.ശശികല തുടങ്ങിയ എന്‍ഡിഎ നേതാക്കള്‍ റോഡ് ഉപരോധങ്ങളില്‍ പങ്കെടുക്കുന്നു.

ശബരിമല വിധിക്കെതിരെ നിരത്തിൽ ഇറങ്ങി സമരം ചെയ്തിട്ട് കാര്യമില്ലെന്ന് കെ.പി.ശശികല പറഞ്ഞു. വിധിക്ക് കാരണക്കാരായവർക്കെതിരെ ആണ് സമരം നടത്തേണ്ടതെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേവലം ഹിന്ദു ആചാരങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല കോടതി വിധി. മറ്റു സമുദായങ്ങളുടെ കാര്യത്തിലും ഇതേ നിലപാട് ആയിരിക്കുമോ സർക്കാരിന്‍റെതേ ? തുഷാർ വെള്ളാപ്പള്ളി ചോദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിചാരിച്ചാൽ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും തുഷാര്‍ പറഞ്ഞു.

Loading...