മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു;വധഭീഷണിയുമായി സംഘപരിവാര്‍

കോഴിക്കോട്: ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട് വ്രതമെടുത്ത അർച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. അർച്ചനക്ക് നേരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആർഎസ്എസ് ഭീഷണിയെതുടർന്ന് സ്വദേശത്തേക്ക് മടങ്ങി.

ഒക്ടോബർ പതിനാറാം തീയ്യതി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വച്ചാണ് അർച്ചന ശബരിമലയിൽ പോകാനായി മാലയിട്ടത്. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇവർക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനം ഇവരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ വന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു

ഇതിനെ തുടർന്ന് അർച്ചന നാട്ടിലേക്ക് പോയതായി അർച്ചനയ്ക്കൊപ്പം ശബരിമലയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ദളിത് പ്രവർത്തകയും അധ്യാപികയുമായ ബിന്ദു പറയുന്നു. ഏത് സാഹചര്യത്തെയും നേരിട്ട് മല ചവിട്ടാൻ തന്നെയാണ് അർച്ചന അടങ്ങുന്ന സംഘത്തിന്‍റെ തീരുമാനം. അതേസമയം അർച്ചന ഒരു ബ്രാന്‍റിന്‍റെ സ്റ്റാഫ് മാത്രമായിരുന്നെന്നും കന്പനി തിരിച്ചു വിളിച്ചതാണെന്നുമാണ് കണ്ണങ്കണ്ടി ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്‍റെ വിശദീകരണം.

 

Loading...