അക്രമത്തിലൂടെ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചുവിടാൻ ആർഎസ്‌എസ്‌ ശ്രമം; സിപിഐ എം പ്രവർത്തകർ പ്രകോപനത്തിൽ വീഴരുത്‌: കോടിയേരി

തിരുവനന്തപുരം : സ്‌ത്രീപുരുഷ സമത്വത്തിനുവേണ്ടിയുള്ള നവോത്ഥാന മുന്നേറ്റത്തെ തടയാനാണ്‌ ആർഎസ്‌എസ്‌ അക്രമം അഴിച്ചുവിടുന്നതെന്ന്‌ സിപിഐ എം സംസ്ഥാന കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ എം‐ബിജെപി സംഘർഷം എന്ന വാർത്തയിലേക്കെത്തിച്ച്‌ യഥാർഥ പ്രശ്‌നത്തിൽ നിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ ആർഎസ്‌എസ്‌ ഇത്തരം ആക്രമണം നടത്തുന്നത്‌. സിപിഐ എം പ്രവർത്തകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ബിജെപി സൃഷ്‌ടിക്കുന്ന പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുത്‐ കോടിയേരി പറഞ്ഞു.

വീടുകൾക്കുനേരെ യാതൊരു അക്രമപ്രവർത്തനവും നടത്താൻ പാടില്ല എന്ന്‌ ഉഭയകക്ഷി ചർച്ചയിൽ രണ്ടു പാർടികളുടെയും നേതാക്കൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ലംഘിക്കാൻ പാടില്ല. ഇപ്പോൾ അത്‌ ലംഘിക്കുന്നതിന്‌ ആർഎസ്‌എസ്‌ ആണ്‌ തലശേരിയിൽ തുടക്കം കുറിച്ചത്‌. അതിനെ തുടർന്ന്‌ അവിടെ ചില അക്രമ സംഭവങ്ങളുണ്ടായി. ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാർടി പ്രവർത്തകർ ഇടപെടണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങൾ ഉള്ള സ്ഥലങ്ങളിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ട്‌. എന്നാൽ സമാധാന ചർച്ച നടക്കുന്ന സമയത്ത്‌ അതിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കളുടെ വീട്‌ ആക്രമിക്കുക എന്ന സമീപനമാണ്‌ ആർഎസ്‌എസ്‌ സ്വീകരിക്കുന്നത്‌. തലശേരിയിൽ സബ്‌കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കവേയാണ്‌ എ എൻ ഷംസീർ എംഎൽഎയുടെ വീട്‌ ആക്രമിച്ചത്‌. ഈ സമീപനം ശരിയാണോ എന്ന്‌ ആർഎസ്‌എസ്‌ പരിശോധിക്കണം. എന്നിരുന്നാലും സമാധാനവുമായി മുന്നോട്ടുപോകാനാണ്‌ സിപിഐ എം ഉദ്ദേശിക്കുന്നത്‌. കേരളത്തിൽ നടക്കുന്ന വലിയ സാമൂഹ്യ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യമാണ്‌ ആർഎസ്‌എസ്‌ ആക്രമണങ്ങൾക്കു പിന്നിൽ. അതു മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും കോടിയേരി പറഞ്ഞു.

ആർഎസ്‌എസ്‌ രാജ്യത്തുടനീളം ശ്രമിക്കുന്നത്‌ വർഗീയ കലാപത്തിനാണ്‌. എന്നാൽ കേരളത്തിൽ അത്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ നടപ്പിലാക്കാൻ സാധിക്കില്ല. മുൻപും കേരളത്തിൽ അതിന്‌ ശ്രമം നടന്നിട്ടുണ്ടെങ്കിലും അത്‌ വിജയിച്ചില്ല. കോഴിക്കോട്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമം നടന്നിരുന്നു. കേരള സമൂഹം പൊതുവിൽ ഇത്തരം കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ ആർഎസ്‌എസ്‌ അജൻഡ ഇവിടെ വിജയിക്കാത്തതെന്നും കോടിയേരി പറഞ്ഞു.

ആർഎസ്‌എസ്‌ മറ്റു പാർടികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന്‌ മനസിലാക്കി അവരോട്‌ ഇടപെടാൻ പൊലീസ്‌ തയ്യാറാകണം. പൊലീസ്‌ ഉദ്യോസ്ഥരെ നിഷ്‌ക്രിയരാക്കാനായി അവരെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്താനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌. അതൊരു ഫാസിസ്റ്റ്‌ രീതിയാണ്‌. അതിന്‌ വിധേയരായി കൃത്യനിർവഹണം നടത്താൻ പൊലീസ്‌ ഉദ്യോഗസ്ഥർ വിമുഖതകാട്ടരുത്‌. ആർഎസ്‌എസ്‌ ഭീഷണിക്ക്‌ വിധേയരാകാതെ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസ്‌ ഉദ്യോഗസ്ഥർ കേരളത്തിൽ ഉള്ളതുകൊണ്ടാണ്‌ അവരുടെ ഉദ്ദേശ്യമ കേരളത്തിൽ നടപ്പാകാത്തത്. ഈ ദിവസങ്ങളിൽ പൊലീസ്‌ ആത്മസംയമനം പാലിച്ചതിനെ ഒരു ദൗർബല്യമായി കണ്ട്‌ നിയമം കൈയിലെടുക്കാനാണ്‌ ആർഎസ്‌എസ്‌ തുനിയുന്നതെങ്കിൽ ശക്തമായ നടപടിയിലൂടെ അവരെ അടിച്ചൊതുക്കാൻ പൊലീസ്‌ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം