കരഞ്ഞ് കളം വിട്ട റൊണാള്‍ഡോയ്ക്ക് പുഞ്ചിരിയുടെ നിമിഷങ്ങള്‍; പ്രതീക്ഷയോടെ ഇറങ്ങിയ മെസിക്ക് തിരിച്ചടി

Loading...

ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ വലന്‍സിയയ്‌ക്കെതിരെ റെഡ് കാര്‍ഡ് നേടി കരഞ്ഞ് കളം വിട്ട യുവന്റസ് താരം റൊണാള്‍ഡോ ആരാധകരുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ഓര്‍മയാണ്. റൊണാള്‍ഡോയുടെ റെഡ്കാര്‍ഡിനെ ചൊല്ലി ഫുട്‌ബോള്‍ ലോകം പോലും രണ്ട് തട്ടിലായി. റൊണാള്‍ഡോയുടെ ഫൗള്‍ അത്ര ഗുരുതരമായിരുന്നില്ലെന്നും മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയ തീരുമാനം ഞെട്ടിക്കുന്നതെന്നുമാണ് ഭൂരിപക്ഷം വാദിച്ചത്. എന്നാല്‍, റെഡ് കാര്‍ഡ് നടപടി അനുകൂലിക്കുന്നവരും കുറവായിരുന്നില്ല. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി റെഡ് കാര്‍ഡ് നേടിയ താരം കണ്ണീരോടെയാണ് അന്ന് കളം വിട്ടത്. എന്നാല്‍, കണ്ണുനീര്‍ തുടക്കുന്ന വിജയമാണ് ഇന്നലത്തെ മത്സരത്തില്‍ താരം കാഴ്ചവെച്ചത്.

Image result for ronaldo messi

റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോളില്‍ യുവന്റസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇറ്റാലിയന്‍ ലീഗിലെ മത്സരത്തില്‍ ഫ്രോസിനോണിനെ  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് തകര്‍ത്തത്. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച കളിയില്‍ 81ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുവെയുടെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. റെഡ് കാര്‍ഡ് നേടി പുറത്തുപോയ റൊണോ ഗോള്‍ നേടി ആരാധകരോട് ക്ഷമ ചോദിച്ചു. ലീഗിലെ നിലവിലെ ചാംപ്യന്‍മാരെ പിടിച്ചുക്കെട്ടിയിരുന്ന ഫ്രോസിനോണ്‍ പ്രതിരോധത്തിന് റൊണാള്‍ഡോയുടെ മുമ്പില്‍ പിഴച്ചു.

Image result for ronaldo messi

ബോക്‌സിനുള്ളില്‍ കയറിയ ജാനിക്കിന്റെ ഷോട്ട് തടഞ്ഞിട്ടെങ്കിലും പന്ത് വന്നത് റൊണാള്‍ഡോയുടെ കാലില്‍. പോര്‍ച്ചുഗീസ് കപ്പിത്താന്റെ ഇടങ്കാലന്‍ ഷോട്ട് വലയില്‍ പതിച്ചു. അതോടെ എല്ലാം നഷ്ടപ്പെട്ട ഫ്രോസിനോണിന്റെ വലയില്‍ ഇഞ്ചുറി ടൈമില്‍ അടുത്ത ഗോളും ടൂറിന്‍ ക്ലബ് അടിച്ച് കയറ്റി. മിരാലം ജാനിക്കിന്റെ പാസ് ബോക്‌സിനുള്ളില്‍ ലഭിച്ച് ഫെഡ്‌റിക്കോ ബെനാര്‍ഡെച്ചി മനോഹരമായി ഗോളാക്കി. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് യുവന്റസ്.

പ്രതീക്ഷയോടെ കളത്തിലിറങ്ങിയ മെസിയുടെ ബാഴ്‌സയ്ക്ക് ഇന്നലെ തിരിച്ചടിയായിരുന്നു ഫലം. തുടര്‍ച്ചയായ അഞ്ചാം ലാ ലിഗ വിജയം നേടാന്‍ ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് എതിര്‍ താരങ്ങളുടെ മുമ്പില്‍ അടിതെറ്റി. കറ്റാലന്മാരെ ക്രിസ്റ്റിന്‍ സ്റ്റുവാനിയുടെ ഗോളടി മികവില്‍ ജിറോണ സമനിലയില്‍ പൂട്ടി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം എതിര്‍ ഗോള്‍പോസ്റ്റില്‍ നിക്ഷേപിച്ചപ്പോള്‍ വിജയഗോള്‍ സ്വന്തമാക്കാന്‍ ആര്‍ക്കുമായില്ല.കളിയുടെ തുടക്കം ബാഴ്‌സയുടെ ആക്രമണങ്ങളോടെയായിരുന്നു. അഞ്ചംഗ ജിറോണ പ്രതിരോധത്തെ മറികടന്ന് ബാഴ്‌സ താരങ്ങളുടെ കുതിപ്പ് കണ്ടതോടെ ഒരു ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 19ാം മിനിറ്റില്‍ വലകുലുക്കി മെസി ആ ധാരണ ശരിയാകുമെന്ന് തോന്നലുകളും നല്‍കി.

Image result for ronaldo messi

വലത് സൈഡില്‍ ബോക്‌സിനുള്ളില്‍ മനോഹരമായി പന്ത് നിയന്ത്രിച്ച് ആര്‍തുറോ വിദാല്‍ പോസ്റ്റിന് നടുവില്‍ കാത്ത് നിന്ന മെസിക്ക് പാസ് നല്‍കി. ജിറോണയുടെ താരങ്ങള്‍ തടയാന്‍ എത്തും മുമ്പ് മെസിയുടെ ഇടങ്കാലന്‍ ഷോട്ട് വല ചലിപ്പിച്ചു. 37ാം മിനിറ്റില്‍ ബാഴ്‌സയെ ഞെട്ടിച്ച ദുരന്തം അരങ്ങേറി. തന്റെ ആദ്യ ലാ ലിഗ മത്സരത്തിനിറങ്ങിയ ഫ്രഞ്ച് താരം ക്ലമന്റ് ലെംഗല്‍റ്റ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയതോടെ ബാഴ്‌സ പത്ത് പേരിലേക്ക് ചുരുങ്ങി. അവസരം മുതലാക്കി ആദ്യ പകുതിയില്‍ തന്നെ ജിറോണ സമനില ഗോള്‍ സ്വന്തമാക്കി. അഡെയ്‌യുടെ മെച്ചമല്ലാത്ത ക്രോസ് ബാഴ്‌സ ഗോള്‍മുഖത്തേക്ക് ഉയര്‍ന്ന് വന്നത് ക്ലിയര്‍ ചെയ്യാന്‍ ലെംഗല്‍റ്റ് ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ആല്‍ബയ്ക്കും സംഘത്തിനും കഴിഞ്ഞില്ല.

ഇതിനിടയില്‍ പന്ത് കാലിലാക്കിയ സ്റ്റുവാനി ടെര്‍ സ്റ്റീഗനെ മറികടന്ന് പന്ത് ഗോളിലേക്ക് തിരിച്ച് വിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളിയുടെ ആവേശമേറ്റി സന്ദര്‍ശക ടീം രണ്ടാം ഗോള്‍ സ്വന്തമാക്കി. ബാഴ്‌സ ബോക്‌സില്‍ പന്തുമായെത്തിയ പോര്‍ട്ടുവിന് ടെര്‍ സ്റ്റീഗനെ മറികടക്കാന്‍ സാധിച്ചില്ല. പോര്‍ട്ടുവിന്റെ ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടത് വന്നത് സ്റ്റുവാനിയുടെ കാലില്‍.

ഉറുഗ്വെ താരം തൊടുത്ത കനത്ത ഷോട്ട് മെസിപ്പടയുടെ ഹൃദയം തകര്‍ത്ത് വലയില്‍ കയറി. പിന്നിലായതോടെ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തിലൂടെ ബാഴ്‌സ 63ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. മെസിയും സുവാരസും ചേര്‍ന്ന് നടത്തി നീക്കങ്ങള്‍ക്കൊടുവില്‍ ബോക്‌സിന് നടുവില്‍ ഉയര്‍ന്ന് ലഭിച്ച പന്ത് ജെറാദ് പിക്വേ ഹെഡ് ചെയ്ത വലയിലേക്ക് വിട്ടു. ഇതിന് ശേഷം ഏറെ ശ്രമിച്ച് നോക്കിയെങ്കിലും ബാഴ്‌സയ്ക്ക് വിജയഗോള്‍ കുറിക്കാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം