രണ്ടാം ഏകദിനം;രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് സച്ചിനെ മറികടക്കാനുള്ള അവസരം

Loading...

വിശാഖപട്ടണം: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെ മറികടക്കാനുള്ള സുവര്‍ണാവസരം. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ഇക്കാര്യത്തില്‍ സച്ചിനെ രോഹിതിന് മറികടക്കാനാകും. ഏകദിനത്തില്‍ രോഹിതിന്‍റെ പേരില്‍ 194 സിക്‌സും സച്ചിന് 195 സിക്സുകളുമാണുള്ളത്.

സിക്‌സുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തും ആഗോള പട്ടികയില്‍ എട്ടാം സ്ഥാനത്തുമാണ് രോഹിത്. എംഎസ് ധോണിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഹിറ്റ്‌മാന് മുന്നിലുള്ള മറ്റൊരു താരം. 351 സിക്‌സുകളുമായി പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയാണ് ഒന്നാം സ്ഥാനത്ത്. വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ല്‍(275), ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ(270), മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി(214) എന്നിവരാണ് തൊട്ടു പിന്നില്‍.

ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്നാല്‍ രോഹിതിന് അനായാസം സച്ചിനെ മറികടക്കാം. മത്സരത്തില്‍ 152 റണ്‍സെടുത്ത രോഹിത് എട്ട് സിക്‌സുകളാണ് പറത്തിയത്. ഇതോടെ ഏകദിനത്തില്‍ 190 സിക്‌സുകള്‍ നേടിയിട്ടുള്ള മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നേട്ടം രോഹിത് മറികടന്നിരുന്നു. വിശാഖപട്ടണത്ത് നാളെയാണ് ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനം.

ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ സച്ചിന്‍റെ ഒരു റെക്കോര്‍ഡ് രോഹിത് മറികടന്നിരുന്നു. ഏകദിനത്തില്‍ കൂടുതല്‍ തവണ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് ഗുവാഹത്തിയില്‍ ഹിറ്റ്‌മാന്‍ സ്വന്തമാക്കിയത്. അഞ്ച് തവണ വീതം 150+ സ്കോര്‍ ചെയ്തിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഡേവിഡ് വാര്‍ണറുമാണ് രോഹിത് വെടിക്കെട്ടില്‍ പിന്നിലായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം