രോഹിത്തും മടങ്ങുന്നു, ടീം ഇന്ത്യ കടുത്ത പ്രതിസന്ധിയില്‍

Loading...

പെര്‍ത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീം ഇന്ത്യയ്ക്ക് മറ്റൊരു ദുഖവാര്‍ത്ത കൂടി. സൂപ്പര്‍ താരം രോഹിത്ത് ശര്‍മ്മ നാട്ടിലേക്ക് മടങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ റിതിക അടുത്ത് തന്നെ കുഞ്ഞിന് ജന്മം നല്‍കുന്നുവെന്നുള്ളത് കൊണ്ടാണ് രോഹിത് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ ആദ്യ ടെസ്റ്റ് കളിച്ച രോഹിത്തിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ 37 റണ്‍സിന് പുറത്തായ രോഹിത്ത് രണ്ടാം ഇന്നങ്സില്‍ ഒരു റണ്‍ മാത്രമാണെടുത്തത്. ആദ്യ ഇന്നിങ്സില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു രോഹിത്.

രോഹിത്ത് നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ ഇന്ത്യന്‍ ടീം കടുത്ത വെല്ലുവിളിയാകും അഭിമുഖീകരിക്കുക. കാലിന് പരിക്കേറ്റ പൃഥ്വി ഷായെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മുരളി വിജയുമാവട്ടെ കാര്യമായി ഒന്നും ചെയ്യാനാവാതെ രണ്ട് ടെസ്റ്റുകളും പൂര്‍ത്തിയാക്കി. ഇതിനിടെയാണ് രോഹിത്ത് കൂടി നാട്ടിലേക്ക് മടങ്ങുന്നത്. രോഹിത്തിനെ ഓപ്പണറായി പരീക്ഷിക്കണം എന്ന മുറവിളി ഉയരുന്നതിനിടേയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

അതെസമയം പുതുതായി രണ്ട് താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും മായങ്ക് അഗര്‍വാളുമാണ് പുതുതായി ഇന്ത്യന്‍ ടീമിലെത്തിയത്.

നിലവില്‍ പരമ്പരയില്‍ ഒരോ വിജയവുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയയും ബലാബലത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണിലാണ് മൂന്നാം ടെസ്റ്റ്.

Loading...