Categories
Talks and Topics

ഇരമ്പിയാർക്കുന്ന കർഷകരോഷം: മോഡിവാഴ്ചയുടെ അടിത്തറയിളകുന്നു

രാജ്യത്തെ തീറ്റിപ്പോറ്റാൻ പാടുപെടുന്ന കർഷകലക്ഷങ്ങൾ പുതുവർഷപ്പുലരിയിലും പ്രക്ഷോഭരംഗത്താണ് . തലസ്ഥാന നഗരിയായ ഡെൽഹി വളഞ്ഞ് ക്രൂരപീഡനങ്ങളെയും കൊടുംതണുപ്പിനെയും അതിജീവിച്ച് സമരപഥങ്ങളിൽ സധൈര്യം ഉറച്ചുനിൽക്കുന്ന കൃഷിക്കാരോട് അങ്ങേയറ്റം നിർദയമായാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്.

ഒരു മാസത്തിനിടെ നാല്പതോളം പോരാളികളുടെ ജീവനപഹരിച്ചിട്ടും ചോരക്കൊതി തീരാതെ അവരെ അടിച്ചൊതുക്കാൻ ഒരുമ്പെട്ട ഭരണകൂടധിക്കാരം തുടരുന്നത് അങ്ങേയറ്റം കടുംകൈയാണ്. ലോകത്തിനുതന്നെ മാതൃകയായ ഒരു ജനാധിപത്യ സംവിധാനത്തിൽ ഇതിനിയും പൊറുപ്പിച്ചുകൂടാ.

കോർപ്പറേറ്റ് കുത്തകകളായ അദാനിമാർക്കും അംബാനിമാർക്കും വിടുപണിചെയ്യുന്ന കർഷകദ്രോഹനയം തിരുത്താൻ വൈകുന്നത് വലിയ വിനയാകും. ഇതു സംബന്ധിച്ച് കേരള നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയവും , ബി ജെ പിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ വരെ അതിനെ അനുകൂലിച്ചതും കേന്ദ്രം തിരിച്ചറിയേണ്ട അവസാന താക്കീതാണ്. കർഷകദ്രോഹ നിയമങ്ങൾ തിരുത്തില്ലെന്ന ധാർഷ്ട്യത്തിൽനിന്ന് പിന്മാറാതെ 4 ന് നടത്തുന്ന ഏഴാംവട്ട ചർച്ചയ്ക്ക് തീരെ പ്രസക്തിയില്ല.

പുതുതായി കൊണ്ടുവന്ന കാർഷിക പരിഷ്ക്കാര നിയമങ്ങളുടെ കാര്യത്തിൽ വിയോജിപ്പ് പ്രകടമാക്കിയ എം എൽ എ രാജഗോപാലിന്റെ നിലപാട് എൻ ഡി എ നേതൃത്വത്തിലെ ഒറ്റപ്പെട്ട സ്വരമല്ല. നരേന്ദ്ര മോഡി – അമിത്ഷാ കൂട്ടുകെട്ട് സ്വേഛാനുസരണം സ്വീകരിക്കുന്ന വികല സമീപനത്തിനെതിരെ ബി ജെ പിയിലടക്കം രൂപപ്പെട്ടുവരുന്ന ഭിന്നാഭിപ്രായത്തിന്റെ സൂചനയാണ്.

ആദ്യം ചില ഘടക കക്ഷി നേതാക്കളാണ് പ്രതിഷേധ ശബ്ദമുയർത്തിയതെങ്കിലും അത് മുന്നണി നേതൃനിരയിൽ പരക്കെ വ്യാപിക്കുന്നുണ്ട്. രണ്ട് സഖ്യകക്ഷികൾ ഇതിനകം പ്രതിഷേധം വ്യക്തമാക്കി മുന്നണി വിട്ടു. ആദ്യം പഞ്ചാബിൽ ശക്തമായ ജനപിൻബലമുള്ള ശിരോമണി അകാലി ദൾ, തുടർന്ന് രാജസ്ഥാനിൽനിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും.

കേന്ദ്രത്തിൽ ഭക്ഷ്യസംസ്ക്കരണ മന്ത്രികൂടിയായിരുന്ന അകാലിദൾ പ്രതിനിധി ഹർ സിമ്രത്ത് കൗർ ആ സ്ഥാനം രാജിവെച്ചാണ് കർഷകരെ അനുകൂലിച്ച് രംഗത്തിറങ്ങിയത്. ബി ജെ പി യുമായുള്ള 23 വർഷത്തെ ബന്ധം ആ പാർട്ടി ഉപേക്ഷിച്ചത് സപ്തംബറിൽ കർഷക പ്രക്ഷോഭത്തിന്റെ ഒരുക്കത്തിനിടെയായിരുന്നു.

രാജസ്ഥാനിലെ നാഗോറിൽനിന്നുള്ള എം പി യായ ഹനുമാൻ ബെനിവാൾ നയിക്കുന്ന പാർട്ടിയാണ് ആർ എൽ പി . കർഷക സമരത്തെ പിന്തുണച്ച് ആ പാർട്ടി എൻ ഡി എ യോട് ഇടഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ഹരിയാനയിലെ ജനനായക് ജനതാ പാർട്ടിയിലും കർഷക സമരത്തോടുള്ള അനുഭാവം ശക്തിപ്പെട്ടുവരികയാണ്. ദുഷ്യന്ത് ചൗതാലയാണ് ആ കക്ഷിയുടെ നേതാവ്. ഹരിയാനയിൽ ബി ജെ പി നേതൃത്വത്തിലുള്ള മനോഹർലാൽ ഖട്ടർ സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം.

മന്ത്രിസഭയിൽനിന്ന് ചൗതാലയെ രാജി വെപ്പിക്കാനുള്ള സമ്മർദം അവിടെ സംസ്ഥാന നേതൃതലത്തിൽ ഉയരുന്നുണ്ട്. അടുത്ത തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ രമ്യമായ തീർപ്പുണ്ടാവുമെന്ന പ്രതീക്ഷയിൽ കാത്തുനില്ക്കുകയാണവർ. സമരം നീണ്ടുപോയാൽ വേറെയും ഉരുൾപൊട്ടൽ എൻ ഡി എ യിൽ ഉണ്ടായേക്കും.

വൈവിധ്യങ്ങളുടെ രാഷ്ട്രമായ ഇന്ത്യ സാമൂഹ്യനീതിക്ക് നിരക്കാത്ത കടുത്ത വൈരുധ്യങ്ങളുടെയും വിളനിലമാണ്. ലക്ഷങ്ങൾ വിതച്ച് കോടികൾ കൊയ്യുന്ന അതിസമ്പന്നർ ഒരു വശത്ത്. കേന്ദ്രഭരണത്തിന്റെ തലോടലിൽ തഴച്ചുവളരുന്ന അവരുടെ ആസ്തിയും ശതകോടീശ്വരന്മാരുടെ എണ്ണവും അനുദിനമെന്നോണം കൂടുകയാണ്.

അവർക്ക് വേണ്ടത്ര വായ്പ തുഛ പലിശയ്ക്ക് ഉദാരവ്യവസ്ഥകളോടെ നൽകാനും , അത് വീട്ടാതെ മുങ്ങാൻ ഒത്താശചെയ്യാനും പൊതുമേഖലാ ബാങ്കുകൾ തമ്മിൽ മത്സരമാണിവിടെ. അനേകായിരം കോടി രൂപ വിജയ് മല്യമാർക്കും കൂട്ടാളികൾക്കും വിഴുങ്ങാൻ വിട്ടുകൊടുത്ത് യഥേഷ്ടം വിദേശത്തേക്ക് പോകാൻ അവർക്ക് സൗകര്യം ചെയ്തത് പ്രധാനമന്ത്രിയടക്കമുള്ളവരുടെ രഹസ്യാനുവാദത്തോടെയാണ്.

മറുഭാഗത്ത് കർഷകരുടെ അവസ്ഥയോ… ദേശസാൽകൃത ബാങ്കുകൾ തുഛമായ തുകയേ അവർക്ക് കാർഷിക വായ്പയായി നൽകുന്നുള്ളൂ. വിളയിറക്കാൻ തികയണമെങ്കിൽ പാടവും പറമ്പും പണയപ്പെടുത്തി അനുബന്ധ ആവശ്യങ്ങൾ കാണിച്ച് വായ്പ വേറെ വാങ്ങണം. അതിനാകട്ടെ കൊള്ളപ്പലിശയാണ്. പല ഉല്പന്നങ്ങൾക്കും മതിയായ വിലയില്ലാത്തതിനാൽ കൃഷിച്ചെലവുതന്നെ ഒത്തുകിട്ടില്ല.

വിളവെടുപ്പ് കഴിഞ്ഞാലും ബാങ്ക് വായ്പ തിരിച്ചടവിന് നിവൃത്തിയുണ്ടാവില്ല. കാലാവസ്ഥ ചതിച്ചാൽ താങ്ങാൻ വയ്യാത്ത ഭാരമാവുകയും ചെയ്യും. ഇങ്ങനെ കടം കയറി കിടപ്പാടം വരെ ജപ്തിക്കിരയായി ആത്മഹത്യ ചെയ്യേണ്ടിവരുന്ന കർഷകർ ഓരോ വർഷവും വർധിക്കുകയാണ്.

അപര്യാപ്തമെങ്കിലും വിളകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന താങ്ങുവിലയാണ് അവർക്ക് ഏക ആശ്വാസം. അതും ഇല്ലാതാക്കി വിലനിർണയാവകാശം നിർബാധം കോർപ്പറേറ്റ് മുതലാളിമാർക്ക് കൈമാറാനുള്ളതാണ് പുതിയ കാർഷിക നിയമങ്ങൾ. സൗജന്യ നിരക്കിലുള്ള പൊതുസംഭരണ സംവിധാനവും മറ്റും എടുത്തുകളയുന്നതുമാണ് നരേന്ദ്രമോഡി മേനി പറയുന്ന പരിഷ്ക്കാരം.

സംസ്ഥാനങ്ങളോട് കൂടിയാലോചിക്കുകപോലും ചെയ്യാതെയാണ് മൂന്ന് കരിനിയമങ്ങളും കേന്ദ്രസർക്കാർ തയ്യാറാക്കിയത് – അതും ഭരണഘടനപ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ പെടുന്ന പട്ടികയിലായിട്ടും. കോവിഡ് സാഹചര്യത്തിൽ വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിൽ സമഗ്രചർച്ചയ്ക്ക് അവസരം നൽകാതെയാണ് തിടുക്കപ്പെട്ട് ഇവ പാസാക്കിയത്. ഇത് കാർഷിക മേഖല കൈയടക്കാൻ കൊതിപൂണ്ടുനിൽക്കുന്ന കോർപ്പറേറ്റ് പ്രമാണിമാർക്കുവേണ്ടി മാത്രമായിരുന്നു.

കർഷകരെ കുത്തുപാളയെടുപ്പിക്കുന്ന കേന്ദ്ര നയത്തിന്റെ വിപത്ത് തിരിച്ചറിഞ്ഞ് കക്ഷിരാഷ്ടീയ വ്യത്യാസമില്ലാതെയാണ് ഉത്തരേന്ത്യയിൽ കർഷക സംഘടനകൾ ഒരുമിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. ആദ്യം പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലുമായി തുടങ്ങിയ പ്രതിഷേധം പിന്നീട് ദില്ലി ചലോ മാർച്ചായി.

കേന്ദ്ര ഭരണസിരാകേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതകളിൽ താവളമടിച്ച കർഷകർ ഐതിഹാസിക പ്രക്ഷോഭമാക്കി അത് വളർത്തി. പിന്നെ മറ്റു സംസ്ഥാനങ്ങളിലേക്കും സമരം കത്തിപ്പടർന്നു. ഇതോടൊപ്പം ഒട്ടേറെ വിദേശരാജ്യ തലസ്ഥാനങ്ങളിൽ ഇന്ത്യൻ എമ്പസി കൾക്കുമുമ്പിൽ ഐക്യദാർഢ്യ പ്രകടനം നടന്നു. ഇതുപോലൊരു ജനമുന്നേറ്റം സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.

കക്ഷിരാഷ്ട്രീയത്തിനതീതമായ കർഷക സംഘടനകളുടെ ഐക്യം തകർക്കാനും സമരം പൊളിക്കാനും സംഘപരിവാർ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടിരിക്കയാണ്. പ്രക്ഷോഭകരെ ആക്ഷേപിച്ച പ്രധാനമന്ത്രി മോഡിയുടെ ” മൻ കീ ബാത്ത് ” പ്രഭാഷണ നേരത്ത് രാജ്യത്തെങ്ങും കൃഷിക്കാർ പാട്ടകൊട്ടി പ്രതിഷേധിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

എന്നിട്ടും കർഷകരുടെ പ്രശ്നങ്ങളെ പൂർണമായി അവഗണിച്ച് എതിർ പ്രചാരണങ്ങൾ ശക്തിപ്പെടുത്തുകയാണ് മോഡി സർക്കാർ. മതന്യൂന പക്ഷങ്ങളെ – പ്രത്യേകിച്ച് മുസ്ലീംകളെ – ഉൽക്കണ്ഠയിലാഴ്ത്തിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭം നേരിട്ടപോലെ പൊലീസിന്റെ മർദനമുറകൾക്ക് അവർ ഊക്ക് കൂട്ടുകയാണ്. അത് കണ്ടില്ലെന്ന് നടിച്ച് അടങ്ങിയിരിക്കാൻ ജനാധിപത്യബോധം തരിമ്പെങ്കിലുമുള്ള ആളുകൾക്ക് കഴിയുമോ …!

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Roaring farmers' anger: The foundations of the Modi regime are being shaken

NEWS ROUND UP