റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ ? വായ്പാനയ അവലോകന റിപ്പോർട്ട് നാളെ

Loading...

ഈ വർഷത്തെ അവസാനത്തെ വായ്പ നയ അവലോകന റിപ്പോർട്ട് റിസർവ് ബാങ്ക് നാളെ [ബുധൻ ] പ്രഖ്യാപിക്കും. പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് സാധ്യത കുറവായാണ് വിദഗ്ദർ കാണുന്നത്. നിലവിൽ 6 .5 ശതമാനമായ റീപോ നിരക്ക് അതേ പടി തുടരാനാണ് സാധ്യത. പണപ്പെരുപ്പ നിരക്ക് ഏറെക്കുറെ റിസർവ് ബാങ്ക് പ്രതീക്ഷിച്ച തോതിൽ കുറഞ്ഞു വരുന്ന സാഹചര്യമുണ്ട്. അതുപോലെ ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ 30 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ഡോളർ വിലയാകട്ടെ നാലു രൂപക്കടുത്ത് താഴുകയും ചെയ്തു. ഒരു ഡോളറിന്റെ വില ഇപ്പോൾ 70 രൂപക്കടുത്താണ്.

ഈ സാമ്പത്തിക സാഹചര്യങ്ങൾ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള ഇടം റിസർവ് ബാങ്കിന് ലഭ്യമാക്കുന്നുണ്ട്. പക്ഷെ പലിശ നിരക്കിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരുന്നതിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ദർ കാണുന്നത്.

എന്നാൽ ബാങ്കിങ് മേഖലയിൽ ലിക്വിഡിറ്റി കുറവാണെന്ന വിമർശനം ശക്തമാണ്. ഇത് മറികടക്കുന്നതിന് ചില നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. ക്യാഷ് റിസർവ് അനുപാതത്തിൽ [ സി ആർ ആർ ] കുറവ് വരുത്തുകയാണ് ഇതിൽ പ്രധാനം. നിലവിൽ നാലു ശതമാനമാണ് സി ആർ ആർ. ഇതിൽ അര ശതമാനം മുതൽ ഒരു ശതമാനം വരെ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര ശതമാനം കുറച്ചാൽ ബാങ്കുകൾക്ക് 50,000 കോടി രൂപ ബിസിനസിൽ അധികമായി ഉപയോഗിക്കാൻ കഴിയും. ലിക്വഡിറ്റി കൂട്ടുന്നതിനുള്ള നടപടികൾ സ്വാഭാവികമായും പ്രതീക്ഷിക്കാം. കൃത്യമായ ഉത്തരം നാളെ ഉച്ചയ്ക്ക് ശേഷം അറിയാം.

Loading...